'ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും'
text_fieldsപത്തനംതിട്ട: വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, വിലവര്‍ധന എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഓണക്കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പലച്ചരക്ക് സാധനങ്ങളുടെയും സ്റ്റോക്ക് എല്ലാ മൊത്ത വ്യാപാരശാലകളിലും നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി. വില വര്‍ധിക്കുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല.
താരതമ്യേന വിലവര്‍ധന കാണപ്പെടുന്ന ആന്ധ്ര ജയഅരിക്ക് ബദലായി കര്‍ണാടകയില്‍നിന്ന് ഗുണമേന്മയുള്ള വെള്ള അരി ജില്ലയില്‍ എത്തുന്നുണ്ട്. ഇതിനുപുറമേ പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും വില്‍പന ശാലകള്‍ വഴി യഥേഷ്ടം അരി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാല്‍ ഓണക്കാലത്ത് വിലവര്‍ധന ഉണ്ടാവില്ലെന്ന് മൊത്തവ്യാപാരികള്‍ അറിയിച്ചു.
നിലവില്‍ ആവശ്യത്തിന് പലവ്യഞ്ജനങ്ങള്‍ സ്റ്റോക്കുള്ളതായി യോഗം വിലയിരുത്തി. മൊത്തവ്യാപാരികള്‍ യോഗത്തില്‍ അറിയിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉറപ്പുനല്‍കി.
ഓണക്കാലയളവില്‍ മൊത്തവ്യാപാരികള്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവയില്‍ ഏര്‍പ്പെടരുതെന്നും അമിതവില ഈടാക്കാന്‍ പാടില്ലെന്നും അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍, ജില്ലയിലെ മൊത്തവ്യാപാരികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.