ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഒരുക്കമായി; പങ്കെടുക്കുന്നത് 635 പ്രതിനിധികൾ
text_fieldsപത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളായി. 27 മുതൽ 30വരെ പത്തംതിട്ട ശബരിമല ഇടത്താവളത്തിലാണ് നടക്കുന്നത്. 635 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 25 ന് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാകജാഥ ആരംഭിക്കും. 26ന് വെഞ്ഞാറമൂട് ഹഖ്-മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥയും 27ന് തിരുവല്ല സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ ജാഥയും ആരംഭിക്കും. 27ന് വൈകീട്ട് തിരുവല്ല ഇടിഞ്ഞില്ലത്ത് പതാക ജാഥ പ്രവേശിക്കും. വൈകീട്ട് ആറിന് പൊതുസമ്മേളന നഗറിൽ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. ശബലമല ഇടത്താവളത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് പതാക ഉയർത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം, സാസ്കാരിക പരിപാടികൾ എന്നിവ നടക്കും. 30ന് പ്രകടനവും തുടർന്ന് ജില്ല സ്റ്റേഡിയത്തിൽ പൊതുസമ്മേളനവും നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ ചരിത്ര ചിത്രപ്രദർശന വേദി, പുസ്തകോൽസവവേദി, ഫുഡ്കോർട്ട് എന്നിവ ഒരുക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ സെമിനാറുകൾ നടന്നു വരികയാണ്.
വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി കെ.യു. ജനീഷ്കുമാർ എം.എൽ.എ, ജനറൽ കൺവീനർ പി.ബി. സതീഷ്കുമാർ, പബ്ലിസിറ്റി കൺവീനർ സംഗേഷ് ജി.നായർ, ജില്ല സെക്രട്ടറി ബി. നിസാം, പ്രസിഡന്‍റ് എം.സി. അനീഷ്കുമാർ, ട്രഷറർ എം.അനീഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ എന്നിവർ പങ്കെടുത്തു.
'സമ്മേളനത്തിനെതിരെ കുപ്രചാരണം'
പത്തനംതിട്ട: സംഘാടക മികവുകൊണ്ട് സമ്മേളനം ശ്രദ്ധനേടുന്ന സാഹചര്യത്തിലാണ് കുപ്രചാരണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുന്നതെന്ന് സ്വാഗതസംഘം രക്ഷാധികാരി കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. സമ്മേളനത്തിെൻറ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തില്ലായെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് പിഴ ചുമത്തുമെന്നുള്ള സി.ഡി.എസിെൻറതായ ശബ്ദസന്ദേശം കൃത്രിമമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചതാണ്. സമ്മേളനം വൻ വിജയമാകുന്നത് കണ്ട് വിറളിപൂണ്ട കോൺഗ്രസുകാരാണ് ഇതിന് പിന്നിലെന്നും ജനീഷ്കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത് തെൻറ ശബ്ദസന്ദേശമല്ലെന്ന് സി.ഡി.എസ് ചെയർപേഴ്സൻ മിനി അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.