തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
text_fieldsപത്തനംതിട്ട: 2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ജില്ല വരണാധികാരിയും കലക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള് ഉള്‍പ്പെടെ സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.
പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും.രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാതൃക പെരുമാറ്റച്ചട്ടവും നാമർനിർദേശപത്രിക സംബന്ധിച്ച നിര്‍ദേശങ്ങളും കലക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കാനുമായി ജില്ലയില്‍ 15 വീതം ഫ്ലയിങ് സ്ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും അഞ്ച് വീതം വീഡിയോ സര്‍വൈലന്‍സ് ടീമും ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡും പ്രവര്‍ത്തിക്കും.
മാതൃക പെരുമറ്റചട്ടലംഘനവും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികള്‍ ചിത്രങ്ങള്‍, വീഡിയോകള്‍ സഹിതം സി വിജില്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം.സുവിധ പോര്‍ട്ടല്‍ വഴി നോമിനേഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പോര്‍ട്ടല്‍ ഉപയോഗം സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലന ക്ലാസ് നല്‍കും.
ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിനുമുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിനായി ബി.എല്ഒമാര് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭ്യമാക്കാൻ സാക്ഷം മൊബൈല്‍ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പത്മചന്ദ്രകുറുപ്പും പങ്കെടുത്തു.
പരസ്യപ്രചാരണം പ്ലാസ്റ്റിക്മുക്തമാക്കാന്‍ മാര്‍ഗനിര്‍ദേശം
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സംസ്ഥാന ശുചിത്വമിഷന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ പ്രേം കൃഷ്ണന് അറിയിച്ചു. പരസ്യദാതാക്കള്‍ ബോര്‍ഡുകളും ഹോര്‍ഡിങുകളും പരിസ്ഥിതി സൗഹൃദമാക്കണം.
പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങുകള്‍ തുടങ്ങിയവക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പിവിസി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കരുത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍/ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂആര്‍ കോഡ് എന്നിവ പതിപ്പിക്കണം.
പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനര്‍ ബോര്‍ഡുകള്‍ പ്രോഗ്രാമിന്റെ തീയതിക്ക് അടുത്ത ദിവസവും തീയതി വയ്ക്കാത്ത പരസ്യ ബാനര്‍, ബോര്‍ഡുകള്‍ പരമാവധി 30 ദിവസമായി കണക്കാക്കി സ്ഥാപിച്ചവര്‍ തന്നെ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം.
പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംയമനം പാലിക്കണം.
- വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കണം
- ജാതി,വംശ വികാരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടഭ്യർഥന പാടില്ല.
- വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചാരണം പാടില്ല.
- വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല.
- നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല.
- ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.
- വാര്‍ത്തകള്‍ എന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.