തെരഞ്ഞെടുപ്പ് തോൽവി; കെ.പി.സി.സി സമിതി തെളിവെടുപ്പ് തുടങ്ങി
text_fieldsപത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിെൻറ തോൽവി പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതി തെളിവെടുപ്പ് ആരംഭിച്ചു.
മുൻ എം.എൽ.എ പി.ജെ. ജോയി, വി.ആർ. പ്രതാപൻ , ആർ.എസ്. പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും തോൽവി വിശദമായി പഠിച്ച് 15നകം കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകും. പത്തനംതിട്ട ഡി.സി.സിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യ ദിവസം തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങളിലെ പരാതികളാണ് സ്വീകരിച്ചത്. ആഗസ്റ്റ് അഞ്ചിന് ആറന്മുള, കോന്നി മണ്ഡലങ്ങളിലെ തെളിവെടുപ്പ് നടക്കും.
ജില്ലയിൽ വിജയം ഉറപ്പിച്ചിരുന്ന രണ്ട് മണ്ഡലങ്ങളായിരുന്നു റാന്നിയും അടൂരും. അനുകൂല സഹാചര്യങ്ങൾ ഉണ്ടായിട്ടും ഈ മണ്ഡലങ്ങൾ നഷ്ടപ്പെടുകയായിരുന്നുവെന്ന് അംഗങ്ങൾ പരാതിപ്പെട്ടു. അടൂരിൽ ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്താഞ്ഞതും പരാതിക്ക് ഇടയാക്കി. മറ്റ് മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയപ്പോൾ അടൂർ തഴയപ്പെട്ടു, പ്രിയങ്ക ഗാന്ധി എത്തുമെന്ന് അറിയിച്ചിട്ടും ഒടുവിൽ എത്തിയില്ല. ജില്ലയിൽ സംഘടന സംവിധാനത്തിെൻറ പാളിച്ചകളും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മത്സരിച്ച സ്ഥാനാർഥികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരാണ് പരാതിയുമായി എത്തിയത്. റാന്നിയിലെ തോൽവിക്ക് ഇടയാക്കിയ കാര്യങ്ങൾ ഭാരവാഹികൾ സമിതി മുമ്പാകെ അവതരിപ്പിച്ചു. സ്ഥാനാർഥിത്വം കിട്ടാതെവന്ന ചിലർ കാലുവാരിയതായി നേതാക്കളിൽ ചിലർ പറഞ്ഞു. ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും പരാതിപറഞ്ഞു. പലരും താഴെ തട്ടിൽ പ്രവർത്തിക്കാതെ ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ നിർജീവമായിരുന്നതായി മിക്ക അംഗങ്ങളും പറഞ്ഞു. ഓരോ അംഗങ്ങളിൽനിന്ന് രഹസ്യമായാണ് തെളിവെടുപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.