വോട്ടിങ്ങിന് മന്ദഗതി; എരിവെയിലിൽ പൊരിഞ്ഞ് ജനം
text_fieldsപത്തനംതിട്ട: ജനാധിപത്യ ഉത്സവത്തിൽ രാവിലെ കണ്ട ആവേശം ഉച്ചച്ചൂടിൽ തളർന്നെങ്കിലും സൂര്യൻ പടിഞ്ഞാട്ട് ചാഞ്ഞതോടെ അൽപാൽപം തിരിച്ചെത്തി. ജനാധിപത്യം അവകാശം വിനിയോഗിക്കാൻ പൗര ജനത പകൽ ചൂടിൽ പൊരിഞ്ഞാണ് ബൂത്തുകളിൽ കാത്തുനിന്നത്. വോട്ടിങ് മന്ദഗതിയിലെന്ന് വ്യാപക പരാതികളുയർന്ന ജില്ലയിൽ വയോധികർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തങ്ങി. വോട്ടെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥരും വോട്ടർമാരും വോട്ടുയന്ത്രം സാവധാനമാണ് പ്രവർത്തിക്കുന്നത് എന്ന് പരാതികൾ ഉയർത്തി. ബൂത്തുകളിൽ വോട്ടർമാർ അസ്വസഥത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച സാങ്കേതികമായി വ്യക്തത വരേണ്ടതുണ്ട്. വളരെ മന്ദഗതിയിലായ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർനേരിട്ടെത്തി മെഷീൻ പരിശോധിച്ചു. ഇതിനിടെ ചില കേന്ദ്രങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടിങ് ഒരു മണിക്കൂർ മേൽ വൈകി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ നിരവധി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടിങ് മെഷീൻ മാറ്റി സ്ഥാപിച്ചു. വോട്ടിങ് തുടങ്ങിയപ്പോൾ തന്നെ ജില്ലയിലെ മിക്ക ബൂത്തുകളിലും നീണ്ട നിര രൂപപ്പെട്ടിരുന്നു.
പകൽച്ചൂടും വേനൽ മഴയും മുന്നിൽകണ്ടാണ് മിക്കവരും രാവിലെ തന്നെ വോട്ട് ചെയ്യാനായി നീങ്ങിയത്. ന്യൂനപക്ഷ മേഖലകളിൽ ജുമാനമസ്കാരം മുന്നിൽ കണ്ടും ധാരാളം പേർ എത്തിയിരുന്നു. വിശ്വാസികൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രാർത്ഥന സമയം ക്രമീകരിച്ചതും സഹായമായി. കോന്നി, റാന്നി തുടങ്ങിയ മണ്ഡലങ്ങളിലെ മലയോര പ്രദേശങ്ങളും രാവിലെ തന്നെ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തി. പകൽച്ചൂടിന് അൽപം ആശ്വാസം കണ്ട വൈകുന്നേരത്തോടെ ചില കേന്ദ്രങ്ങളിൽ വീണ്ടും തിരക്കായി. ഇത്തരം ബൂത്തുകളിൽ വോട്ടെടുപ്പ്സമയം കഴിഞ്ഞ ആറുമണിക്ക് നിര രൂപപ്പെട്ടിരുന്നു. ആദ്യ മണിക്കൂറിൽ 3.54 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 8.30 ഓടെ 5.96 ശതമാനത്തിലേക്ക് എത്തി. ഒമ്പത് മണിയോടെ 12.03 ശതമാനവും. ആദ്യമൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20 ശതമാനം വോട്ടിങ് പൂർത്തിയായി. റാന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു. ഈ സമയങ്ങളിൽ വൻതോതിൽ വോട്ടെടുപ്പ് ശതമാനം ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, 12 മണിയോടെ വോട്ടിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തുന്നതാണ് കണ്ടത്. ഇതിനിടെ തിരക്ക് കുറയുമെന്ന് കരുതി ഉച്ചസമയത്ത് ചില കേന്ദ്രങ്ങളിൽ എത്തിയവരും കുടുങ്ങി. ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആകെ അഞ്ച് ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. ഇവിടെ 1262ാം ബൂത്തിൽ ഉച്ചക്ക് 12.30ക്കും സ്ത്രീകളും പുരുഷൻമാരും അടങ്ങിയ നീണ്ടനിര തുടരുകയായിരുന്നു. മെഷീൻ സംബന്ധിച്ച പരാതിയെതുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി മാറ്റി സ്ഥാപിച്ചിരുന്നു.
എന്നാലും ഇൗ ബൂത്തിൽ മാത്രം മന്ദീഭവിച്ചാണ് വോട്ടിങ് നീണ്ടത്. തുമ്പമൺ മാർ ഗ്രിഗോറിയോസ് യു.പി സ്കൂളിലെ ബൂത്തിൽ ഉച്ചക്ക് രണ്ട് മണിക്കും എല്ലാ ബൂത്തിലും നീണ്ടനിര കാണാമായിരുന്നു. രാവിലെ മുതൽ വൈകീട്ടുവരെ മൂന്ന് ബൂത്തിലായി വലിയ തിരക്ക് അനുഭവപ്പെട്ട കടയ്ക്കാട് ഗവ. എൽ.പി സ്കൂളിൽ വോട്ടർമാരായ സോണി സത്യനും രജനി വിജയനും വോട്ട്ചെയ്യാനായി രണ്ട് പ്രാവശ്യം എത്തിയിട്ടും നടന്നില്ല. മൂന്ന്മണിക്ക് എത്തി വീണ്ടും കാത്തിരിക്കുമ്പോഴും വൻ തിരക്കായിരുന്നെന്ന് അവർ പറഞ്ഞു.
സ്ഥല സൗകര്യത്തിന്റെ കുറവും ഇവിടെ വോട്ടർമാരെ ബുദ്ധിമുട്ടിച്ചു. അതേ സമയം ആറന്മുള മണ്ഡലത്തിലെ ഒറ്റപ്പെട്ട ചില ബൂത്തുകളിൽ മൂന്ന്മണിയോടെ തന്നെ വോട്ടെടുപ്പ് അവസാനിച്ച പ്രതീതിയായിരുന്നു. ഇവിടെ ഒറ്റപ്പെട്ട വോട്ടർമാരാണ് അവസാന നിമിഷങ്ങളിൽ എത്തിയത്. ജില്ലയിലെ ആറന്മുള, റാന്നി, കോന്നി, തിരുവല്ല, അടൂർ തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ മണ്ഡലങ്ങളും ഉൾപ്പെട്ട പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ പൊതുവെ വോട്ടെടുപ്പ് സമാധാനമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബൂത്തുകൾ
വോട്ടെടുപ്പ് കേന്ദ്രങ്ങൾ ജനസൗഹൃദമായിരിക്കും എന്നത് ജില്ല ഭരണകൂടത്തിന്റെ അവകാശ വാദങ്ങളിൽ ഒതുങ്ങി. കൊടുംചൂടിൽ വോട്ടെടുപ്പും മന്ദഗതിയിലാതോടെ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയമായിരുന്നു. ഇത് കൂടുതൽ ബാധിച്ചത് വയോധികരെയും കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരെയും ആണ്. പലയിടത്തും വെയിലിലാണ് വോട്ടർമാർ ക്യൂ നിന്നത്. മുതിർന്ന പൗരൻമാർക്ക് കാത്തുനിൽക്കേണ്ടി വരില്ലെന്ന് വരണാധികാരിയായ കലക്ടർ ഉറപ്പ് നൽകിയുരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വയോധികരായ അമ്മമാരാണ് ഏറ്റവും ബുദ്ധിമുട്ടിയത്. കുഞ്ഞുങ്ങൾക്ക് ക്രഷ് സൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല. വോട്ടിങ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത് പോളിങ്ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.