വൈദ്യുതി കണക്ഷൻ ലഭിക്കുന്നില്ല മുരുകൻകുന്ന് കുടിവെള്ള പദ്ധതി വൈകുന്നു
text_fieldsതട്ടിക്കളിച്ച് ഉദ്യോഗസ്ഥരും കരാറുകാരനും
അടൂർ: നിർമാണ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും മുരുകൻകുന്ന് കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നില്ല. കരാറുകാരൻ പദ്ധതി ബോധപൂർവം വൈകിപ്പിക്കുന്നതായാണ് ആരോപണം.
പട്ടികജാതി കുടുംബങ്ങളുടെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒന്നാം പിണറായി സർക്കാർ അനുവദിച്ച പദ്ധതിയാണിത്. ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകളിലെ മുരുകൻകുന്ന് കോളനിയിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് പട്ടികജാതി വികസന ഫണ്ടിൽനിന്നും 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജല അതോറിറ്റിക്കായിരുന്നു നിർമാണ ചുമതല.
മങ്ങാട്ടെ കെ.ഐ.പി വക ഭൂമിയിൽ കിണറും പമ്പ് ഹൗസും കോളനിയിൽ വാട്ടർ ടാങ്കും വീടുകളിലേക്ക് പൈപ്പുകളും ഇതിനായി സ്ഥാപിച്ചു. എന്നാൽ പമ്പ് ഹൗസിന് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഏനാദിമംഗലം പഞ്ചായത്താണ് കണക്ഷൻ ലഭ്യമാക്കാൻ തടസ്സം നിൽക്കുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ, കെ.ഐ.പി വക ഭൂമിയിൽ ആണ് പമ്പ് ഹൗസ് സ്ഥാപിച്ചതെന്നും ഇതിന് കെട്ടിട നമ്പർ നൽകാൻ പഞ്ചായത്തിന് അധികാരമില്ലെന്നും സെക്രട്ടറി പറഞ്ഞു.
കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പട്ടികജാതി, ജലവിഭവ മന്ത്രിമാർ എന്നിവർക്ക് കോളനി നിവാസികൾ നിവേദനം നൽകിയിരുന്നു. വൈദ്യുതി കണക്ഷൻ നൽകാൻ കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ഏഴംകുളം ഓഫിസിൽനിന്ന് ഉദ്യോഗസ്ഥർ പരിശോധനക്കായി പമ്പ് ഹൗസിൽ എത്തിയെങ്കിലും വാട്ടർ അതോറിറ്റിയിൽനിന്നും ആരും വന്നില്ല. കെ.എസ്.ഇ.ബി നിയമങ്ങൾക്ക് അനുസൃതമായി നിർമാണം നടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പദ്ധതി ബോധപൂർവം വൈകിപ്പിക്കുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ വകുപ്പ് തയാറാകാത്ത പക്ഷം വാട്ടർ അതോറിറ്റിയുടെ അടൂർ ഓഫിസിന് മുന്നിൽ കെ.എസ്.കെ.ടി യു കൊടുമൺ ഏരിയ കമ്മിറ്റി സമരം ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി എസ്.സി. ബോസ് അറിയിച്ചു. കരാറുകാരനെതിരെ നടപടി സ്വീകരിക്കണം എന്ന് കെ.എസ്.കെ.ടി.യു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.