ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും-ന്യൂനപക്ഷ കമീഷന്
text_fieldsപത്തനംതിട്ട: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഒരുലക്ഷം യുവാക്കള്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന് നടപ്പാക്കി വരുന്നതെന്ന് കമീഷന് അംഗം പി. റോസ പറഞ്ഞു. കമീഷന് ജില്ലയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിശദാംശങ്ങള്‍ അറിയിക്കാൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ന്യൂനപക്ഷങ്ങളിലെ പാര്ശ്വവല്കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് പ്രവര്‍ത്തിക്കും. പുതിയ ലോകത്ത് നല്ലൊരു തൊഴില്‍ സ്വന്തമാക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം മാത്രം മതിയാവില്ല. നൈപുണ്യവും തൊഴിലന്വേഷകര്‍ക്ക് ആവശ്യമാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ സമൂഹത്തിലെ തൊഴിലന്വേഷകരെ സജ്ജമാക്കുകയാണ് ലക്ഷ്യം.
പാര്‍ശ്വവത്കരിക്കപ്പെട്ട, ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് ബോധവാന്മാരാക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതാണ് കമീഷന് ലക്ഷ്യം. അതിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും പി. റോസ പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷന് അംഗം എ.സൈഫുദ്ദീന് ഹാജി, സെമിനാര്‍ സംഘാടകസമിതി ചെയര്മാന് ഫാ.ജിജി തോമസ്, ജനറല്‍ കണ്‍വിനര്‍ എം.എച്ച് ഷാജി, വൈസ് ചെയര്മാന്മാരായ അലങ്കാര്‍ അഷറഫ്, യൂസുഫ്മോജൂട്ടി, അംജത്ത്, ഏബല്‍ മാത്യു, ബന്തേ കശ്യപ്, കണ്‍വീനര്‍ റെയ്ന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂനപക്ഷ കമീഷന് ജില്ല സെമിനാര്‍ നാളെ
പത്തനംതിട്ട: സംസ്ഥാന ന്യൂനപക്ഷ കമീഷന് ജില്ല സെമിനാര്‍ ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എസ്. പ്രേം കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കമീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിക്കും. കമീഷന് അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന് ഹാജി, കേരള നോളജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും. രാവിലെ 9:30 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.