മെഡിക്കൽ കോളജ് റോഡിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം വർധിക്കുന്നു
text_fieldsകോന്നി: കോന്നി സർക്കാർ മെഡിക്കൽ കോളജ് പരിസത്തെ സർക്കാർ ഭൂമിയിൽ കൈയേറ്റം വർധിക്കുന്നു. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൈയേറ്റങ്ങൾ. കൃഷി വകുപ്പിന്റെ കീഴിൽ പന്തളം ഫാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറുന്നത്. 25 ഏക്കറോളം ഭൂമിയാണ് ഇവിടെ കൃഷി വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്നത്. ഇതിൽ കോന്നി മെഡിക്കൽ കോളജ്, കേന്ദ്രീയ വിദ്യാലയം, ബ്ലെഡ് ബാഗ് നിർമാണ യൂനിറ്റ്, ഡ്രഗ്സ് കൺട്രോൾ ലാബ് എന്നിവക്ക് വിട്ടുനൽകിയ ശേഷം നിലവിൽ നാല് ഏക്കറോളം ഭൂമിയാണ് നിലവിലുള്ളത്. ഇതിൽ പകുതിയിൽ അധികം ഭൂമിയും സ്വകാര്യ വ്യക്തികൾ കൈയേറി.
കൃഷിവകുപ്പിന്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലേക്ക് റോഡ് നിർമിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലേക്ക് ആണെന്നതാണ് ശ്രദ്ധേയം. വിലക്കുറവുള്ള സ്വകാര്യ ഭൂമിയിലേക്ക് ഇതിന് തൊട്ടടുത്തുള്ള സർക്കാർ ഭൂമിയിലൂടെയാണ് വഴിവെട്ടിയിരിക്കുന്നത്. മാത്രമല്ല കൃഷിവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലി പലതും ഇളക്കിമാറ്റിയിട്ടുണ്ട്. വിലക്കുറവുള്ള ഭൂമിയിലേക്ക് സർക്കാർ ഭൂമിയിലൂടെ വഴിവെട്ടി വൻ തുകക്ക് ഭൂമി സ്വകാര്യ വ്യക്തികൾ വിൽപന നടത്തുന്നതും വർധിക്കുന്നുണ്ട്. 2021ൽ ഇവിടെ കൃഷിവകുപ്പ് സ്ഥാപിച്ച വേലി പൊളിച്ച് മാറ്റുകയും സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറുകയും ചെയ്തിരുന്നു.
നിലവിൽ സ്വകാര്യ വ്യക്തികൾ പല സ്ഥലങ്ങളിലും സർക്കാർ സ്ഥാപിച്ച വേലി പൊളിച്ചുമാറ്റി കൈയേറിയതോടെ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. ടോട്ടൽ സ്റ്റേഷൻ സർവേ നടത്തി മാത്രമേ ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ കഴിയുള്ളു. മെഡിക്കൽ കോളജ് റോഡിന് ഇരുവശങ്ങളിലുമായി നിർമിച്ചിരിക്കുന്ന കടകളും സർക്കാർ ഭൂമിയിലേക്ക് ഇറക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന് പറയുന്നു.സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ വർഷങ്ങളായി കൈയേറിയിട്ടും നടപടിയെടുക്കാതെ അതിന് ഒത്താശ നൽകുന്നുവെന്ന് സംശയിപ്പിക്കുന്ന രീതിയിലാണ് അധികൃതരുടെ മൗനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.