സൗഹൃദച്ചില്ലകൾ ഭൂമിക്ക് തുണയാവട്ടെ
text_fields1974ൽ ആദ്യത്തെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ യു.എൻ ഒരുങ്ങിയപ്പോൾ ഒരു സ്വപ്നസുന്ദര ഭൂമിയായിരുന്നു മുന്നിൽക്കണ്ടത്. 50 വർഷത്തിനിപ്പുറം ഈ പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത് പ്ലാസ്റ്റിക് മാലിന്യത്താൽ വീർപ്പുമുട്ടുന്ന നമ്മുടെ ഭൂമിയെയാണ്. ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ’ ഹാഷ്ടാഗിൽ പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്ന് രക്ഷനേടാൻ എന്ത് ചെയ്യാം എന്ന് ലോകം ചിന്തിക്കുമ്പോൾ നമുക്കും ചിലതൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കകയും ചെയ്യാം. ശരിയായ അവബോധവും ശ്രദ്ധാപൂർവമുള്ള സംയോജിത പ്രവർത്തനങ്ങളും ഏറെ ആവശ്യമായ മേഖലയാണ് പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം. മണ്ണും വായുവും വെള്ളവും ഒരുപോലെ മലീമസമാക്കുന്ന വില്ലനാണ് പ്ലാസ്റ്റിക്. 800 കോടി ജനങ്ങളെ താങ്ങുന്ന ഭൂമിക്ക് മനുഷ്യൻ തിരികെ നൽകുന്ന പുതപ്പായി മാറിയിരിക്കുന്നു പ്ലാസ്റ്റിക് മാലിന്യം. മണ്ണിനടിയിലും പുറത്തുമായി അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷ്മ ജീവികളുടെയും മറ്റു ജീവ ജാലങ്ങളുടെയും നിലനിൽപിന് ഭീഷണിയാകുന്നതോടൊപ്പം മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും മണ്ണിനെ ഉപയോഗശൂന്യമായി തീർക്കുകയും ചെയ്യുന്നു. സമുദ്രങ്ങളാകട്ടെ പ്ലാസ്റ്റിക് കലവറകളായി രൂപാന്തരപ്പെട്ടിട്ട് കാലങ്ങളേറെയായി.
ഓരോ അഞ്ച് കിലോ മത്സ്യത്തിനും ഒരു കിലോ പ്ലാസ്റ്റിക് എന്നതാണ് സമുദ്രങ്ങളില മാലിന്യത്തോത്. കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന വിഷവാതകങ്ങൾ മനുഷ്യനെ രോഗിയാക്കുന്നു. എന്നിട്ടും ഈ വിപത്തിന്റെ ഗൗരവസ്വഭാവം എത്രകണ്ട് നമ്മൾ തിരിച്ചറിയുന്നുണ്ടോ?
ആഗോളതലത്തിൽ ഒരുവർഷം 400 മില്യൺ ടണ്ണിൽ അധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ 10 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. ഇന്ത്യയുടെ കാര്യത്തിൽ റീസൈക്കിൾ ചെയ്യപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് 60 ശതമാനം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റീസൈക്ലിങ് എന്നത് ഉത്തമ പരിഹാരമായി വിലയിരുത്താൻ സാധ്യമല്ല. കാരണം, പരമാവധി മൂന്ന് തവണയിൽ കൂടുതൽ നമുക്ക് ഒരു വിർജിൻ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ സാധ്യമല്ല. അപ്പോൾ കൂടുതൽ മാലിന്യം കുന്നുകൂടുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുകതന്നെയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം.
പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് 2016ൽ കേന്ദ്ര സർക്കാർ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മന്റ് (പി.ഡബ്ല്യു.എം) റൂൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. അത് പ്രകാരം, തദ്ദേശഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേനകളുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും മാർഗനിർദേശങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 50 മൈക്രോണിൽ താഴെയുള്ള കാരിബാഗുകളുടെ ഉപയോഗം നിർത്തുകമാത്രമല്ല ഉപയോഗശേഷം പ്ലാസ്റ്റിക് വേസ്റ്റ് വലിച്ചെറിയാതിരിക്കാനും പി.ഡബ്ല്യു.എം റൂൾ അനുശാസിക്കുന്നു.
കാമ്പസുകളിൽനിന്ന് തുടങ്ങാം
പ്ലാസ്റ്റിക് രഹിതമായ ഭൂമിക്കുള്ള ചുവടുവെപ്പ് പൂർണമാകണമെങ്കിൽ യുവത അതിൽ ഉത്തരവാദിത്ത ബോധമുള്ളവരായി മാറണം. മറുചിന്തയില്ലാതെ വലിച്ചെറിയുന്ന മിഠായി കവറുകൾ ഉൾപ്പെടെ എല്ലാം കൃത്യമായി നിക്ഷേപിക്കാനുള്ള ശീലം കലാലയങ്ങളിൽനിന്ന് ഉരുത്തിരിയണം. ‘ഗ്രീൻ പ്രോട്ടോകോൾ’ ശക്തമായി പാലിക്കുന്ന കേന്ദ്രങ്ങളായി നമ്മുടെ കലാലയങ്ങൾ മാറ്റപ്പെട്ടാൽ തീർച്ചയായും പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനുള്ള വലിയൊരു ചുവടുവെപ്പ് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ആ സംസ്കാരം പുഴ പോലെ പുറത്തേക്കൊഴുകി സമൂഹത്തെയും പുഷ്ടിപ്പെടുത്തും. സൗഹൃദങ്ങളുടെ ശീതളത തുളുമ്പുന്ന നമ്മുടെ കലാലയങ്ങളിൽനിന്ന് ഭൂമിക്കും സൗഹൃദ ചില്ലകൾ പടരട്ടെ.
ഡോ. അൻജു വി. ജലജ്
(അസി. പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി, സെന്റ് തോമസ് കോഴഞ്ചേരി,
ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ് മെംബർ, ബയോഡൈവേഴ്സിറ്റി ബോർഡ്, പത്തനംതിട്ട)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.