ആവശ്യങ്ങളുടെ കെട്ടഴിച്ച് പ്രവാസികൾ
text_fieldsപത്തനംതിട്ട: നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗത്തില്‍ ആവശ്യങ്ങൾ നിരത്തി പ്രവാസികളും സംഘടനകളും. പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി സംഘടന പ്രതിനിധികളും വ്യക്തികളും പങ്കെടുത്തു. കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
യോഗത്തിൽ രാജ്യത്തെ ജീവിതനിലവാരവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തിയ തങ്ങൾ തിരിച്ചെത്തിയിട്ട് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം വേണമെന്ന് ശക്തമായി സംഘടനകൾ ആവശ്യപ്പെട്ടു. പരാതികൾ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശിപാര്‍ശകള്‍ സര്‍ക്കാറിന് നല്‍കുമെന്നും നിയമസഭ സമിതി ചെയര്മാന് എ.സി. മൊയ്തീന് എം.എല്‍.എ പറഞ്ഞു.
പ്രധാന ആവശ്യങ്ങൾ...
- വിമാനകമ്പനികള്‍ സീസണ് സമയത്ത് പ്രവാസികളില്‍നിന്ന് അമിത യാത്രക്കൂലി ഈടാക്കുന്നത് പരിഹരിക്കണം.
- പ്രവാസികളില്‍നിന്ന് ഈടാക്കിയ എമിഗ്രേഷന്‍ ഫീസ് ഡിപ്പോസിറ്റ് തുക മടക്കി നല്‍കുകയോ, അല്ലെങ്കില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കുകയോ ചെയ്യണം.
- പ്രവാസികള്‍ക്ക് വീടുവെച്ചുനല്കുന്നതിന് ലൈഫ് പദ്ധതി മാതൃകയില്‍ പദ്ധതി നടപ്പാക്കണം. പ്രവാസി ക്ഷേമത്തിനായി കോര്പറേഷന് രൂപവത്കരിക്കണം. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യണം.
- തിരിച്ചുവന്നവർക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പരിഗണിക്കണം.
- പ്രവാസി ക്ഷേമനിധി അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന തുക 30,000 എന്നത് ഒരു ലക്ഷമായി വര്‍ധിപ്പിക്കണം.
- കുടുംബശ്രീ നല്കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കണം. കുടുംബശ്രീ മാതൃകയില്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കണം.
- ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കുന്നതിന് നോര്‍ക്ക സെല്‍ തുടങ്ങണം. താലൂക്ക് തലത്തില്‍ നോര്‍ക്ക ഓഫിസ് തുടങ്ങണം.
- വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് ബെര്‍ത്ത് രജിസ്ട്രേഷന് സംവിധാനം ലഭ്യമാക്കണം.
- സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ മെഡിക്കല്‍ കെയര്‍ സംവിധാനം ഒരുക്കണം.
- പ്രവാസികള്‍ക്കായി ബിസിനസ് മീറ്റ് സംഘടിപ്പിക്കണം.
- പ്രവാസി പെന്ഷന് തുക വര്‍ധിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.