ഏഴംകുളം ഈഴക്കോട്ടുചിറ; സംരക്ഷണഭിത്തി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു
text_fieldsഅടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ ഈഴക്കോട്ടുചിറയുടെ സംരക്ഷണഭിത്തി തകർന്നത് വിവാദമാകുന്നു. അടുത്തിടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങവെയാണ് ചിറയിലേക്ക് കൽക്കെട്ട് ഇടിഞ്ഞത്. നിർമാണത്തിലെ അപാകതക്കെതിരെ വ്യാപകപ്രതിഷേധം ഉയർന്നു. ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധവുമായി എത്തുകയും കൊടികൾ സ്ഥാപിക്കുകയും ചെയ്തു. 50 മീറ്ററോളം വരുന്ന ഭാഗത്തെ കൽക്കെട്ടാണ് ഇടിഞ്ഞത്. ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫാണ് ഭരിക്കുന്നത്. ചെറുകിട ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവിട്ട് 2021 നവംബറിലാണ് നിർമാണം ആരംഭിച്ചത്. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കൽക്കെട്ട് തകർന്നത്. നിലവിലുള്ള കെട്ടിന്റെ മുകളിൽ പുതിയ സംരക്ഷണഭിത്തി കെട്ടുകയായിരുന്നു. തോട്ടിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായതോടെ പഴയ കെട്ട് ഇരുന്നതാണ് പുതിയ സംരക്ഷണഭിത്തി തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു. നിർമാണത്തിന്റെ തുടക്കം മുതൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഏഴംകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചിറയുടെ ഭാഗത്ത് കൊടിനാട്ടി പ്രതിഷേധിച്ചു. ലക്ഷങ്ങൾ മുടക്കി സൈഡ് കെട്ടി നവീകരിച്ചത് ഉദ്ഘാടനത്തിന് മുമ്പ് തകർന്നതിലൂടെ വൻ അഴിമതിയാണ് പുറത്ത് വരുന്നത്. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സതീശൻ നായർ, വൈസ് പ്രസിഡന്റ് കെ.എസ്. ബിജു, ജനറൽ സെക്രട്ടറി സജീവ് രാധാകൃഷ്ണൻ സിയാദ്, സന്തോഷ്, ബാലൻ, പ്രദീപ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.