നിന്നുനിന്ന് കാൽകഴച്ച്..; അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ പരിമിതം
text_fieldsപത്തനംതിട്ട: സർക്കാർ സേവനങ്ങൾക്കുള്ള അേപക്ഷകളിൽ മിക്കതും അക്ഷയകേന്ദ്രങ്ങൾ വഴിയാക്കിയതോടെ ജനത്തിന്റെ ദുരിതം വർധിക്കുന്നു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മണിക്കൂറുകൾ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ കാത്തിരിക്കേണ്ട സാഹചര്യമാണ്. നിലവിൽ ക്ഷേമപെൻഷൻ മസ്റ്ററിങ് നടക്കുന്നതിനാൽ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനെത്തുന്നവരടക്കം മണിക്കൂറുകൾ കാത്തുനിന്ന് നരകിക്കുകയാണ്. നീണ്ടവരിയാണ് മിക്ക അക്ഷയകേന്ദ്രങ്ങളിലും. സ്കൂൾ, കോളജ് ഫലംകൂടി വന്നാൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിവിധ അപേക്ഷകൾ ക്ഷണിച്ച് തുടങ്ങും. അതോടെ തിരക്ക് വീണ്ടും വർധിക്കും.
വില്ലേജ് ഓഫിസിൽ കരം അടയ്ക്കാൻപോലും അക്ഷയ കേന്ദ്രങ്ങളെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്. വ രുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട സകല കാര്യങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കണം. റേഷൻ കാർഡുമായി ബന്ധപ്പെട്ട മറ്റ് സർട്ടിഫിക്കറ്റുകൾ, ആധാർ അപേക്ഷകൾ തുടങ്ങിയവക്കെല്ലാം അക്ഷയ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. നിത്യവും നൂറുകണക്കിനാളുകളാണ് ഒാരോ അക്ഷയ കേന്ദ്രങ്ങളിലുമെത്തുന്നത്. പ്രായമായവരാണ് ഇതിൽ നല്ലൊരു ശതമാനവും. ശൗചാലയ സൗകര്യങ്ങൾപോലും ഒരിടത്തുമില്ല.
കോവിഡ് വീണ്ടും വ്യാപകമായതോടെ സുരക്ഷാ സംവിധാനങ്ങളും ഇല്ല. എല്ലാം അക്ഷയയിലൂടെ എന്നുപറഞ്ഞ് നടത്തിപ്പുകാർക്ക് വരുമാനം വർധിപ്പിച്ചുകൊടുക്കാൻ താൽപര്യം കാട്ടുന്ന അധികൃതർ അക്ഷയയിൽ എത്തുന്നവരുടെ ദുരിതം കാണുന്നില്ല. സേവനം നൽകുന്നതിലും പല സ്ഥലത്തും ജീവനക്കാർ ഒരു മാനദണ്ഡവും പാലിക്കുന്നില്ല. ടോക്കൺ സമ്പ്രദായം ഏർപ്പെടുത്താമെങ്കിലും അതിനുള്ള നടപടി എങ്ങുമില്ല.
സ്വാധീനമുള്ളവർ പെട്ടെന്ന് കാര്യം സാധിച്ച് പോകുമ്പോൾ പാവങ്ങൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടിരും. നെറ്റ് സ്ലോ എന്നും സെർവർ തകരാറെന്നും പറഞ്ഞ് മാറ്റി ഇരുത്തുന്നവരെ ജീവനക്കാർ സൗകര്യമുള്ളപ്പോൾ ശ്രദ്ധിച്ചാലായി. സേവനത്തിന്റെ പേരിൽ മേനി നടിക്കുന്ന സ്ഥാപനങ്ങളിൽപോലും വിവിധ സേവനങ്ങൾക്ക് ഇൗടാക്കുന്ന ഫീസ് എഴുതി പ്രദർശിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിലും ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. മതിയായ പരിശീലനം ഇല്ലാത്ത ജീവനക്കാരുടെ അജ്ഞതയും അക്ഷയകേന്ദ്രങ്ങളിൽ എത്തുന്നവരുടെ ദുരിതം വർധിപ്പിക്കുന്നു. കുറഞ്ഞ വാടക മുന്നിൽക്കണ്ട് പല അക്ഷയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് മുകൾ നിലകളിലാണ്. ഇവിടേക്ക് എത്തിപ്പെടാനുള്ള വയോധികരുടെയും വികലാംഗരുടെയും ബുദ്ധിമുട്ടും ആരും കണക്കിലെടുക്കുന്നില്ല. തിരക്കുള്ള മേഖലകളിലൊക്കെ കൂടുതൽ കേന്ദ്രങ്ങൾ തുറന്നാൽ പൊതുജനത്തിന് സൗകര്യമാണെങ്കിലും നടത്തിപ്പുകാരും അധികൃതരും തമ്മിലെ ഒത്തുകളിമൂലം ഇതും ഉണ്ടാകുന്നില്ല.
മസ്റ്ററിങ്: ജൂൺ 30 വരെ സമയം
സാമൂഹിക സുരക്ഷാ പെൻഷൻ, വിവിധ ക്ഷേമ നിധികളിൽനിന്ന് പെൻഷൻ വാങ്ങുന്നവർക്കായി സർക്കാർ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടപ്പാക്കിത്തുടങ്ങിയതോടെയാണ് അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. ജൂൺ 30 വരെ മസ്റ്ററിങ് നടത്താൻ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാർ പ്രത്യേക യൂസർ ഐ.ഡിയും പാസ്വേഡും നൽകിയിട്ടുമുണ്ട്.
ആദ്യഘട്ടത്തിൽ അക്ഷയകേന്ദ്രങ്ങളിലും പിന്നീട് വാർഡ്തല ക്യാമ്പുകൾ ക്രമീകരിച്ചും മസ്റ്ററിങ് നടത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വാർഡുകളിൽ മസ്റ്ററങ്ങിനുള്ള ക്രമീകരണം ആരംഭിച്ചിട്ടില്ല. ഇതുമൂലം എല്ലാവരും അക്ഷയകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുവരെ 40000 പേർ മസ്റ്ററിങ് നടത്തിക്കഴിഞ്ഞു. ഒരു പഞ്ചായത്തിൽനിന്നുമാത്രം അയ്യായിരത്തിലധികംപേർ മസ്റ്ററിങ് നടത്താനായുണ്ട്. ജില്ലയിൽ ഇങ്ങനെ 53 പഞ്ചായത്തും നാല് നഗരസഭകളുമുണ്ട്.
ഐ.ടി മിഷന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ് നടത്താനുള്ള അനുമതി. ഇക്കാരണത്താൽ ഗുണഭോക്താക്കൾക്ക് അക്ഷയകേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാൻ കഴിയൂ.
അക്ഷയകേന്ദ്രങ്ങളിൽ ഇതിന് 30 രൂപയാണ് ഫീസ്. കിടപ്പുരോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വീടുകളിൽ എത്തി മസ്റ്ററിങ് നടത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് 50 രൂപയാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.