Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുളയിൽനിന്ന്...

ആറന്മുളയിൽനിന്ന് ഉയരുന്ന വിവാദങ്ങൾ ഏറെ: വിതച്ചത്, കൊയ്യാനാകുമോ?

text_fields
bookmark_border
Farmers in Aranmula in distress
cancel
camera_alt

വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച എ​ൻ​ജി​ൻ​ത​റ​യും ക​രി​മാ​രം തോ​ടും

വിമാനത്താവള പദ്ധതിയുടെ പേരിൽ ആറന്മുളയിൽനിന്ന് ഉയരുന്ന വിവാദങ്ങൾ ഇപ്പോൾ നെൽവിത്തുകൾക്കൊപ്പം വീണ്ടും തലപൊക്കുന്നു. പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഏറ്റെടുക്കുന്നതിൽ വരുത്തിയ വീഴ്ച ഇപ്പോൾ കൃഷിക്ക് തിരിച്ചടിയായി. തരിശുനിലം കൃഷി ചെയ്യുന്നതിനുള്ള സർക്കാർ പദ്ധതിയനുസരിച്ചാണ് ആറന്മുളയിൽ നിലമൊരുക്കിയത്. വെള്ളം വറ്റിച്ച് വിത്ത് വിതച്ച് കഴിഞ്ഞപ്പോൾ വിമാനത്താവള പദ്ധതിയുടെ ഉപജ്ഞാതാവായ കെ.ജെ. എബ്രഹാം കലമണ്ണിൽ ഹൈകോടതിയിൽനിന്ന് സ്റ്റേ ഓർഡറുമായി എത്തി. ഇത് കൃഷി തുടരുന്നതിന് തടസ്സമായിരിക്കുകയാണ്. തന്‍റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് എബ്രഹാം കലമണ്ണിൽ ഹൈകോടതിയെ സമീപിച്ചത്. ആരും അതിക്രമിച്ച് കയറാതെ ഭൂമിയുടെ സംരക്ഷണം ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫിസർ ഉറപ്പുവരുത്തണമെന്ന് പറഞ്ഞാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. ഫെബ്രുവരി 16നാണ് കോടതി ഉത്തരവ് വന്നത്. ഇതോടെ അവിടെ പെട്ടിയും പറയും വെച്ച് വെള്ളം വറ്റിക്കുന്നതടക്കം എല്ലാം നിർത്തണം. വിതച്ചവർക്ക് കൊയ്യാനും കഴിയാത്ത സ്ഥിതിയായി. കോടതി ഉത്തരവ് വരും മുമ്പ് വിത ഏറക്കുറെ പൂർണമായിരുന്നു.

എല്ലാ തരിശുഭൂമിയും കൃഷി ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായാണ് ഇവിടെ കൃഷിയിറക്കിയത്. ഒന്നുകിൽ ഉടമസ്ഥർ കൃഷി നടത്തണം അല്ലെങ്കിൽ താൽപര്യമുള്ളവരെ കൃഷിചെയ്യാൻ അനുവദിക്കണം. വിത്ത്, വളം, ട്രാക്ടർ എന്നിവയെല്ലാം സർക്കാർ നൽകും. ഉടമസ്ഥർക്ക് പണച്ചെലവില്ല. നെല്ല് സപ്ലൈകോക്ക് നൽകും. ആറന്മുള പാടശേഖര സമിതി, തെച്ചിക്കാവ് തൂമ്പൊടി പാടശേഖര സമിതി എന്നിവ സംയുക്തമായാണ് കൃഷിയിറക്കുന്നത്. മണ്ണ് വീഴാത്തിടം മുഴുവൻ കൃഷിയിറക്കാനാണ് പദ്ധതിയിട്ടത്. പശ്ചിമ ബംഗാളിലെ സിംഗൂരിന് സമാനമായ കൃഷിയുടെ വീണ്ടെടുപ്പാണ് ഇത്തവണ ആറന്മുളയിൽ നടക്കുന്നതെന്നാണ് ഇപ്പോൾ കൃഷിമന്ത്രിയും മുൻ ആറന്മുള വിമാനത്താവള വിരുദ്ധ സമര നേതാവുമായ പി. പ്രസാദും ആറന്മുള എം.എൽ.എ വീണ ജോർജും വിശേഷിപ്പിച്ചത്. ബംഗാളിൽ മമത അധികാരത്തിൽ വന്നപ്പോൾ സിംഗൂരിലെ പാടങ്ങളിൽ കൃഷി പുനഃസ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആറന്മുളയിൽ കൃഷിയിറക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചുവെന്നറിയുന്നു. അതോടെയാണ് രണ്ട് മന്ത്രിമാരും ഇവിടെ കൃഷിക്കായി തയാറെടുപ്പുകൾക്ക് നേതൃത്വം നൽകിയത്.

232 ഏക്കർ ഭൂമിയിൽ ആർക്കും കൃഷിയിറക്കാനാവില്ല -എബ്രഹാം കലമണ്ണിൽ

ഹൈകോടതിയിൽ മിച്ച ഭൂമി കേസ് നിലനിൽകുന്ന ഭൂമിയാണിത്. അതിൽ ആരും പ്രവേശിക്കരുതെന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് മൗണ്ട് സിയോൺ ഗ്രൂപ് ചെയർമാൻ കെ.ജെ. എബ്രഹാം കലമണ്ണിൽ 'മാധ്യമ'ത്തോട് പറഞ്ഞു. അതിനാൽ കേസ് നിലവിലുള്ള 232 ഏക്കറിൽ ആർക്കും കൃഷിയിറക്കാനാവില്ല.

കെ.എസ്.കെ.ടി.യു യൂനിറ്റ് പ്രസിഡന്‍റും സെക്രട്ടറിയുമൊക്കെയാണ് കൃഷിനടത്താൻ മുന്നിൽ നിന്നതെന്ന് കലമണ്ണിൽ പറയുന്നു. അവിടെ ഭൂമിയിൽ ആരും പ്രവേശിക്കരുതെന്നാണ് കോടതി ഉത്തരവ്. നിലം തരിശിടാൻ പാടില്ല എന്ന സർക്കാർ നയം അനുസരിച്ചാണ് കൃഷി തുടങ്ങിയതെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഭൂമിയുടെ ഉടമസ്ഥരോട് ചോദിക്കണം കൃഷിചെയ്യാൻ താൽപര്യമുണ്ടോ എന്ന്. തന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ലെന്ന് കലമണ്ണിൽ പറഞ്ഞു.

മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്ക് എയർസ്ട്രിപ് തുടങ്ങാനാണ് അവിടെ ശ്രമം നടത്തിയത്. അത് നിലമല്ല. വർഷങ്ങളായി കൃഷിയില്ലാത്ത സ്ഥലമാണ്. എയർസ്ട്രിപ് ഉപയോഗിക്കാത്തത് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാലാണ്. 232 ഏക്കറിൽ 132 ഏക്കറിലാണ് എയർസ്ട്രിപ് പദ്ധതി. ബാക്കി 100 ഏക്കർ ഉണ്ട്. അവിടെ കൃഷി ഞങ്ങളെക്കൊണ്ട് കഴിയാതെ വരുമ്പോഴാണ് മറ്റുള്ളവർ കൃഷിയിറക്കേണ്ടത്. വിതച്ചവരാരും അവിടെ കയറി കൊയ്യൂല്ല.

ഞങ്ങളുടെ അനുമതിയില്ലാതെ അവിടെ അതിക്രമിച്ച് കയറി കൃഷി ചെയ്തവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. ഇതിന്‍റെ പിന്നിൽ നെൽകൃഷിയോടുള്ള താൽപര്യമല്ല. മറ്റ് പല താൽപര്യങ്ങളാണ്. സംസ്ഥാനത്ത് തരിശുകിടക്കുന്ന എത്രയോ ഏക്കർ ഭൂമിയുണ്ട്. അവിടെങ്ങും വിതക്കേണ്ട ആറന്മുളയിൽ വിതക്കണമെന്ന് തോന്നിയതിനു പിന്നിൽ ചിലരുടെ സ്വാർഥതാൽപര്യമാണെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം സർക്കാർ വീഴ്ച

കുഴഞ്ഞുമറിഞ്ഞ നിലയിലാണ് ആറന്മുള മിച്ചഭൂമി കേസ് ഇപ്പോഴുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ വരുത്തിയ ഗുരുതര വീഴ്ചയാണ് ഇപ്പോഴും ഈ മേഖലയിലെ പുഞ്ചക്ക് മേൽ ശാപമായി തുടരുന്നത്.

കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് 2017 ജൂലൈ 12ന് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 293 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കി. ആഗസ്റ്റ് എട്ടിന് കോഴഞ്ചേരി തഹസിൽദാർ ലാൻഡ് ബോർഡിന്‍റെ ഉത്തരവ് നടപ്പാക്കുന്നതിനായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ വില്ലേജ് ഓഫിസർമാർക്ക് അയച്ചുകൊടുത്തു.

ഇതനുസരിച്ച് ആറന്മുളയിൽ ഏഴ് ഹെക്ടറും മല്ലപ്പുഴശേരിയിൽ അഞ്ച് ഹെക്ടറും സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്തു. 2017 ആഗസ്റ്റ് 14ന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കെ.ജെ. എബ്രഹാം കലമണ്ണിൽ ഹൈകോടതിയിൽ സ്റ്റേ ഉത്തരവ് നേടി.

വർഷം നാലര പിന്നിട്ടിട്ടും സ്റ്റേ ഉത്തരവ് നീക്കം ചെയ്തുകിട്ടുന്നതിന് സർക്കാർ ഒന്നും ചെയ്തില്ല. അതിനാൽ ഭൂമി ഇപ്പോൾ തന്‍റെ കൈവശമാണെന്ന് എബ്രഹാം കലമണ്ണിൽ അവകാശപ്പെടുന്നു. സർക്കാർ ഏറ്റെടുത്തത് 30 ഏക്കർ മാത്രമാണ്. കോടതി തടഞ്ഞതോടെ ആ ഏറ്റെടുപ്പിന് അർഥമില്ലാതായി. ഏറ്റെടുത്തതടക്കം 290 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയാണ് വിമാനത്താവള നിർമാണ കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പും കലമണ്ണിൽ എബ്രഹാമും അവകാശപ്പെടുന്നത്. ഇപ്പോഴും ഈ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. (( തുടരും))

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aranmula landpaddy
News Summary - Farmers in Aranmula in distress
Next Story