നാടിന്റെ സ്നേഹം ഏറ്റുവാങ്ങി ഫാത്തിമ ബീവി മടങ്ങി
text_fieldsപത്തനംതിട്ട: ഉയരങ്ങളിലേക്ക് പിച്ചവെച്ച മണ്ണിലൂടെ നീതി പീഠത്തിലെ തിളങ്ങുന്ന വനിത ജന്മനാടിനെ കരയിച്ച് കടന്നുപോയി. തിളങ്ങുന്ന വിധി ന്യായങ്ങളെ സ്മരിച്ച് ആ സമയം സൂര്യൻ കത്തിജ്ജ്വലിച്ചു. തിളക്കുന്ന ചൂട് പോലെ പത്തനംതിട്ടയുടെ പ്രിയ ഫാത്തിമ ബീവിയുടെ തീർപ്പുകളും ഇനി ചരിത്രത്തിന്റെ ഭാഗം.
പത്തനംതിട്ട പേട്ട തൈക്കാവ് അണ്ണാവീട്ടിൽനിന്ന് പുറംലോകം കാണാൻ കൊതിച്ച് കാലെടുത്ത് വെച്ച അവർ കടന്നുചെന്ന മേഖലകളില്ലൊം പ്രഥമയായി. രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും സീമന്ത പുത്രി തകർക്കപ്പെടാൻ കഴിയാത്ത നേട്ടങ്ങളിലേക്കാണ് നടന്നുകയറിയത്. മാതാവിന്റെ അകമഴിഞ്ഞ പിന്തുണയോടെ പിതാവിന്റെ സ്വപ്നങ്ങൾ മകൾ സധൈര്യം നെഞ്ചേറ്റി.
അതിൽ വിജയങ്ങൾ കൊയ്തു. സുപ്രീംകോടതിയിൽ ന്യായാധിപയാകുന്ന ഏഷ്യയിലെ ആദ്യവനിതയായി വൻകരയോളം വളർന്ന് അവർ ഭാവി തലമുറക്ക് പാഠപുസ്തകമാണ്. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതത്തിനായി പത്തനംതിട്ടയിലേക്ക് മടങ്ങിയ അവർ പൊതുപരിപാടികളിൽ അപുർവമായാണ് എത്തിയിരുന്നത്. അതും പല അടുത്ത ബന്ധമുള്ളവരുടെയും നിർബന്ധ പ്രകാരം.
ലോകത്തോളം വളർന്നെങ്കിലും ജന്മനാട്ടിൽ അന്ത്യവിശ്രമം കൊതിച്ച ജസ്റ്റിസ് എം. ഫാത്തിമാബീവിക്ക് അന്ത്യോപചാരം അർപ്പിക്കാൻ രണ്ട് ദിവസമായി അണ്ണാവീട്ടിലേക്ക് ജനം ഒഴുകി. ആദ്യം അഭിഭാഷകയായി ശോഭിച്ച കൊല്ലത്ത് തന്നെ മരണത്തിലേക്ക് നീങ്ങിയെന്ന യാദൃച്ഛികതകയുമുണ്ടായി. വ്യാഴാഴ്ച്ച ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം. ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തനംതിട്ടയിലെ വീട്ടിലെത്തിച്ചു.
നിയമ- രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക- സാഹിത്യ മേഖലയിൽ നിന്നെല്ലാം നിരവധി പേരാണ് വീട്ടിലും പത്തനംതിട്ട നഗരസഭ ടൗൺഹാളിലും പത്തനംതിട്ട ടൗൺ ജുമാമസ്ജിദിലും ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ചിത്തിരതിരുനാൾ മഹാരാജാവ് കൊണ്ടുവന്ന വിദ്യാഭ്യാസ പ്രോത്സാഹന നിയമം പ്രയോജനപ്പെടുത്തിയ ഫാത്തിമാ ബീവിക്ക് പൊതുസമൂഹം അവസാനം യാത്രയയപ്പ് നൽകിയതും നഗരസഭയുടെ ചിത്തിര തിരുന്നാൾ ടൗൺഹാളിൽ വെച്ചായിരുന്നു.
വെള്ളിയാഴ്ച്ചത്തെ മധ്യാഹ്ന പ്രാർഥനക്ക് ശേഷം ടൗൺ ജുമാമസ്ജിദിൽ ലാസ്റ്റ് സല്യൂട്ട് നൽകാൻ കാത്തുനിന്ന പുരുഷാരത്തിലേക്ക് അവർ നിർവികാരയായി കടന്നുവന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന്റൗണ്ട് വെടി ഉതിർത്ത് ഗാർഡ് ഓഫ് ഓണർ നൽകി.
നീതിയുടെ തിരിവെട്ടം പകർന്നുനൽകിയ പ്രത്യയ ശാസ്ത്രത്തിന്റെ മുറ്റത്തെ അവർക്ക് ഇസ്ലാമിക വിശ്വാസ പ്രകാരം അവസാന യാത്രയയപ്പും നൽകി. ഉച്ചക്ക് രണ്ടോടെ ഖബറടക്കി. ആദര സൂചകമായി പത്തനംതിട്ട നഗരത്തിലെ കടകമ്പോളങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിമുതൽ രണ്ട് വരെ അടഞ്ഞുകിടന്നു.
അനുശോചന യോഗം ചേർന്നു
പത്തനംതിട്ട: ജസ്റ്റിസ് എം. ഫാത്തിമ ബീവിയ്ക്ക് അനുശോചനം അർപ്പിച്ച് പത്തനംതിട്ട ടൗൺ ജമാഅത്ത്. ഫാത്തിമ ബീവിയുടെ ഭൗതിക ശരീരം ഖബറടക്കിയ ശേഷം ജമാഅത്ത് അങ്കണത്തിൽ കുടിയ അനുശോചന യോഗത്തിൽ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി, എം.പി, നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, പത്തനംതിട്ട ടൗൺ ജമഅത്ത് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, കോൺഗ്രസ് നേതാവായ പി.മോഹൻരാജ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷമീർ, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് ടി.എം. ഹമീദ്, മുതിർന്ന ഹൈകോടതി അഭിഭാഷകൻ സിറാജ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ, അഡ്വ. മാത്തൂർ സുരേഷ്, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത്, ജമാഅത്ത് സെക്രട്ടറി നജീബ്, ഭാരവാഹി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫാത്തിമ ബീവി അനുസ്മരണയോഗം ചേർന്നു. ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, യു.ഡി.എഫ് കൺവീനർ എ. ഷംസുദ്ദീൻ, സി.പി.എം ഏരിയ സെക്രട്ടറി എം.വി. സഞ്ജു, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം ഹമീദ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം മാത്യു മരോട്ടിമൂട്ടിൽ, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അനീഷ് പള്ളിമുക്ക്, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് നിസാർ നൂർ മഹൽ.
നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ.ആർ. അജിത്കുമാർ, ജെറി അലക്സ്, എസ് ഷമീർ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുൻ നഗരസഭ ചെയർമാൻ എ. സുരേഷ് കുമാർ, കൗൺസിലർമാരായ ആർ സാബു, എം.സി. ഷെരീഫ്, ബുക്ക്മാർക്ക് മുൻ സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമ വിഭാഗത്തില്‍ ജസ്റ്റിസ് ഫാത്തിമ ബീവി അനുസ്മരണം നടന്നു. പ്രഫ. കെ.സി. സണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ. ജയശങ്കര്‍ കെ.ഐ, നിയമവിഭാഗം മേധാവി ഡോ. ഗിരീഷ് കുമാര്‍ ജെ, അസോ. പ്രഫസര്‍ ഡോ. ലിജി സാമുവല്‍ എന്നിവര്‍ സംബന്ധിച്ചു.
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ പി.ഡി.പി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്ത് വച്ച മൃതദേഹത്തിൽ സംസ്ഥാന ജില്ല നേതാക്കളായ റസാഖ്, മണ്ണടി, ഹബീബ് റഹ്മാൻ, റഷീദ്, പത്തനംതിട്ട, നൗഷാദ് ഏനാത്ത് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.