പത്തനംതിട്ട റിങ് റോഡിലെ വയൽ നികത്തൽ അനുമതി നേടിയത് 50 സെന്റിന്; നിയമലംഘനം മറച്ച് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് പത്തനംതിട്ട നഗരസഭയില്‍ വയൽ നികത്താൻ അനുമതി നേടിയത് 50 സെന്റിന്. സെന്റ് പീറ്റേഴ്സ്-മേലെ വെട്ടിപ്രം റിങ് റോഡില്‍ ചിറ്റൂര്‍ വാര്‍ഡിൽ ഒക്ടോബർ ആദ്യം പട്ടാപ്പകൽ വയൽ നികത്തിയ വിവാദ വിഷയത്തിലാണ് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. തരം മാറ്റാൻ അനുമതി നേടിയിട്ടുണ്ടെങ്കിലും സംഭവം വിവാദമായതോടെ നികത്തൽ, റവന്യൂ വകുപ്പ് തടഞ്ഞു. വയൽ നികത്താൻ വഴിവിട്ട് അനുമതി നൽകിയ നാൽപതോളം വിജിലൻസ് കേസുകളിലെ പ്രതിയായ അടൂർ മുൻ ആർ.ഡി.ഒയാണ് ഈ ഉത്തരവിന് പിന്നിലും. 2008ലെ നെൽവയൽ സംരക്ഷണ നിയമത്തിന് പിന്നീട് വന്ന ഭേദഗതികളുടെ മറവിലാണ് റിങ് റോഡിലെ പാടത്തിനും 2019ൽ തരം മാറ്റത്തിന് അനുമതി ലഭിച്ചത്. തീറാധാരത്തിലും സെറ്റിൽമെന്റ് രജിസ്റ്ററിലും അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും (ബി.ടി.ആർ) ഡേറ്റബാങ്കിലും പാടശേഖരമായ ഈ പ്രദേശത്ത് കരകൃഷിയായ വാഴയും തെങ്ങും നട്ടശേഷമാണ് തരം മാറ്റിയത്. മുൻ ആർ.ഡി.ഒ രേഖകൾ ഒന്നും പരിശോധിക്കാതെയാണ് ഉത്തരവ് നൽകിയത്. ഇയാൾ ജോലിയിൽനിന്ന് വിരമിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഇത്തരം നിരവധി തീരുമാനങ്ങൾ എടുത്തിരുന്നതായും പറയുന്നു. ജില്ല ആസ്ഥാനത്തെ നിരവധി വയലുകൾ നികത്തിയതിന് പിന്നിലും ലക്ഷങ്ങളുടെ ഇടപാടുകളാണ് റവന്യൂ വകുപ്പ് കേന്ദ്രീകരിച്ച് നടന്നത്. അതേസമയം, ആദ്യം വയൽ നികത്തിയ സംഭവത്തിൽ അടൂർ ആർ.ഡി.ഒ, കലക്ടർക്ക് റിപ്പോർട്ട് നൽകി. പ്രത്യക്ഷത്തിൽ തന്നെ നിയമലംഘനം നടന്ന വിഷയത്തിൽ കണ്ണിൽപൊടിയിടുന്ന റിപ്പോർട്ടാണ് റവന്യൂ വകുപ്പ് തയാറാക്കിയത്. ആരോപണ വിധേയനായ മുൻ ആർ.ഡി.ഒയെ വെള്ളപൂശുന്ന റിപ്പോർട്ട് നിയമം അട്ടിമറിക്കുന്നതാണ്. കീഴ് ഉദ്യോഗസ്ഥരുടെ നടപടികളും വിവാദമായിട്ടുണ്ട്. നികത്തിയ അഞ്ച് സെന്റ് വയലിലെ മണ്ണ് തിരിച്ചെടുപ്പിക്കാൻ ഇനി ഉത്തരവ് ഇറക്കേണ്ടത് കലക്ടറാണ്. പത്തനംതിട്ട വില്ലേജ് ഓഫിസറും കോഴഞ്ചേരി ലാൻഡ് റവന്യൂ തഹസിൽദാറും സ്ഥലം സന്ദർശിച്ച ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
നേരത്തേ ഈ പാടശേഖരത്ത് നിലം നികത്താന്‍ നഗരസഭയിലെ ഒരു മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമം ഉണ്ടായെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് സ്റ്റോപ് മെമ്മോ നല്കി. നിലം നികത്തിയാല്‍ പാടങ്ങളിലെ കൃഷി, കൈത്തോടിന്റെ നീരൊഴുക്ക്, കിണറുകളിലെ കുടിവെള്ള ലഭ്യത എന്നിവയെ ബാധിക്കുമെന്ന് കൃഷി ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, മണ്ണിടാൻ ഇടപെട്ട നഗരസഭയിലെ രണ്ട് കൗൺസിലർമാർക്കെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. നഗരസഭയിലെ ഒരു കൗണ്‍സിലറുടെ ഭൂമിയിലെ മണ്ണാണ് ഈ പാടശേഖരം നികത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് ഗ്രാമപ്രദേശത്ത് 10 സെന്റും നഗരസഭ പ്രദേശത്ത് അഞ്ച് സെന്റ് സ്ഥലവുമാണ് വീട് വെക്കുന്നതിന് നികത്താന്‍ കഴിയുന്നത്. സ്ഥലം ഉടമക്ക് മറ്റ് വസ്തു ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഈ അനുമതി ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.