പത്തനംതിട്ട നഗരസഭ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എട്ട് മുതൽ
text_fieldsപത്തനംതിട്ട: നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ര്ട ചലച്ചിത്രോത്സവം എട്ടു മുതല്‍ 10 വരെ നടക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന മേളയുടെ ഏകോപനം ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി നിർവഹിക്കുമെന്ന് നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജനറല്‍ കണ്‍വീനറും ലൂമിയര്‍ ലീഗ് സെക്രട്ടറിയുമായ എം.എസ്. സുരേഷ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മലയാളം, ഇന്ത്യന്‍, ലോകം എന്നീ മൂന്ന് വിഭാഗങ്ങളിലായി 28 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീന്‍ രണ്ട്,മുന്ന് രമ്യ എന്നീ തിയറ്ററുകളും ടൗണ്‍ഹാളുമാണ് പ്രദര്‍ശന വേദികള്‍. 1925 ല്‍ പുറത്തിറങ്ങിയ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന് മുതല്‍ 2023 ല്‍ എത്തി നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 സിനിമകള്‍ക്ക് രണ്ട് പ്രദര്‍ശനങ്ങള്‍ വീതം ഉണ്ട്. ആകെ 37 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന സമ്മേളനം എട്ടിന് വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ഐശ്വര്യ തിയറ്ററില്‍ നടക്കും. ചലച്ചിത്രകാരന് ഷാജി.എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് അഡ്വ.ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകന് കവിയൂര്‍ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവല്‍ ലോഗോ രൂപകല്‍പ്പനക്കുള്ള സമ്മാനം ആന്റോ ആന്റണി എം.പി വിതരണം ചെയ്യും. തുടര്‍ന്ന് മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം പ്രദര്‍ശിപ്പിക്കും. ഒമ്പതിന് രാവിലെ 9.30 മുതല്‍ നാലു സ്ക്രീനുകളിലായി പ്രദര്‍ശനം തുടരും. രാവിലെ 11ന് ടൗണ്‍ഹാളില്‍ സെമിനാര്‍, പുസ്തക പ്രകാശനം ഓപ്പണ്‍ ഫോറം എന്നിവ നടക്കും. അദൃശ്യ ജാലകങ്ങള്‍, വലൈസ പറവകള്‍ എന്നിവയുടെ പ്രദര്‍ശനത്തിന് ശേഷം സംവിധായകരായ ഡോ. ബിജു, സുനില്‍ മാലൂര്‍ എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കും.
10ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എ.മാരായ അഡ്വ.മാത്യു. ടി. തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പന്, സംവിധായകന് ഡോ. ബിജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഘുനാഥന് ഉണ്ണിത്താന്, മെമ്പര്‍ സെക്രട്ടറി സുധീര്‍ രാജ്. ജെ.എസ് എന്നിവര്‍ സംബന്ധിക്കും. ഇതുവരെ മുന്നൂറിലധികം ഡെലിഗേറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. കോളജ് വിദ്യാര്‍ഥികള്‍ക്ക് 150 രൂപയാണ്. 13 മലയാള സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. 10 ലോക ക്ലാസിക്കുകളും ഉണ്ട്. ഡെലിഗേറ്റ് രജിസ്ട്രേഷന് മുഖേനെ മാത്രമാണ് പ്രവേശനം. മേളക്ക് മുന്നോടിയായി നാളെ വൈകീട്ട് മൂന്നിന് സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് വിളംബര ജാഥ നടക്കും. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്ന് മികച്ച കവറേജിന് പുരസ്കാരം ഉണ്ടായിരിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. അനീഷ്, ഡെലിഗേറ്റ് കമ്മിറ്റി ചെയര്മാൻ സി.കെ. അര്ജുനന് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.