തറയിൽ ഫിനാൻസ് തട്ടിപ്പ്; രണ്ടാം പ്രതി കീഴടങ്ങി
text_fieldsപത്തനംതിട്ട: ഓമല്ലൂർ കേന്ദ്രമായുള്ള തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ രണ്ടാം പ്രതി റാണി സജി പൊലീസിൽ കീഴടങ്ങി. 10 മാസം നീണ്ട ഒളിവ് ജീവിതത്തിനുശേഷം വ്യാഴാഴ്ച രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. നിക്ഷേപകരിൽനിന്ന് 30 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതി സജി സാം റിമാൻഡിൽ തുടരുകയാണ്. തറയിൽ ഫിനാൻസിന്‍റെ മാനേജിങ് പാർട്ണറും ഒന്നാം പ്രതിയുമായ സജി സാമിന്‍റെ ഭാര്യയാണ് റാണി. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇവർ എറണാകുളത്ത് മകന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും റാണിയുടെ മൊഴിയിലുണ്ട്. തട്ടിപ്പിനെക്കുറിച്ച് ഒന്നും അറിവില്ലെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്നതിനാൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളാണ് ഇവർ നടത്തുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ ശാഖകളുണ്ടായിരുന്ന ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ നൂറുകണക്കിനുപേരാണ് വഞ്ചിക്കപ്പെട്ടത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 249 കേസും അടൂരിൽ 40 കേസും പത്തനാപുരം സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പത്തനാപുരത്തെ കേസിന്‍റെ അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചിനാണ്. കേസിലെ ഒന്നാം പ്രതി സജി സാം കഴിഞ്ഞ ജൂണിൽ കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.