നഗരസഭ ആസ്ഥാനത്ത് 'തീപിടിത്തം'; മോക്ഡ്രിൽകണ്ട് അമ്പരന്ന് നാട്ടുകാർ
text_fieldsപത്തനംതിട്ട: അതിരാവിലെ, സൈറണിട്ട് അഗ്നിരക്ഷാസേനയും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ അമ്പരന്നു. പലരും അഗ്നിരക്ഷാവാഹനത്തിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ സ്ട്രെച്ചറില്‍ എടുത്ത് ആംബുലന്‍സിലേക്ക് കയറ്റുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ആശങ്കകള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കുശേഷമാണ് ആളുകള്‍ക്ക് കാര്യം പിടികിട്ടിയത്.
ദുരന്ത നിവാരണ വിഭാഗവും അഗ്നിരക്ഷാസേനയും പൊലീസും സംയുക്തമായി ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ മോക്ഡ്രില്‍ ആയിരുന്നു ഇത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മാര്‍ക്കറ്റിനോട് ചേര്‍ന്നുനില്‍ക്കുന്ന നഗരസഭ ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രീതിയാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്. പൊലീസും ആംബുലന്‍സും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ വളന്‍റിയര്‍മാരും പങ്കെടുത്തതോടെ മോക്ഡ്രില്‍ വിജയകരമായി. പങ്കെടുത്ത സേനാംഗങ്ങളെ കലക്ടര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.