നീതി സൂപ്പർ മാർക്കറ്റിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം
text_fieldsപത്തനംതിട്ട: ഓമല്ലൂർ അമ്പല ജങ്ഷനു സമീപം നീതി സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം. ഞായറാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് സംഭവം.സൂപ്പർ മാർക്കറ്റിനോട് ചേർന്ന ഗോഡൗഡിലെ ജനറേറ്റർ സ്ഥാപിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ജനറേറ്ററിന്റെ സ്വിച്ച് ബോർഡും വയറിങ്ങും കത്തിനശിച്ചു.
ഇതിനോട് ചേർന്ന് സൂക്ഷിച്ച ഉപയോഗശൂന്യമായ കവറുകളിലും ചാക്കുകളിലേക്കും മറ്റും തീയാളിപ്പടർന്നു. പിന്നീട് ഗോഡൗണിലെ പലചരക്ക് സാധനങ്ങൾ, മുളക്, മല്ലി, അരി, മൈദ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയിലും തീപടർന്നു. അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തവെ വെള്ളം വീണും സാധനങ്ങൾ നശിച്ചിട്ടുണ്ട്. മുറിയിലാകെ പുക വ്യാപിച്ചും പല സാധനങ്ങളും ഉപയോഗശൂന്യമായിട്ടുണ്ട്.
സൂപ്പർ മാർക്കറ്റിലെ വിവിധ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് കടയോട് ചേർന്ന ഗോഡൗണിലായിരുന്നു. നീതി സ്റ്റോറിൽ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്തേക്കും പുക പടർന്നിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവിടമാകെ പുക വ്യാപിച്ചത്. പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. പട്ടികജാതി സർവിസ് സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റാണിത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.