പത്തനംതിട്ട തീപിടിത്തം: പരിശോധനയുമായി ഫോറൻസിക്, പൊലീസ് വിഭാഗം
text_fieldsപത്തനംതിട്ട: നഗരത്തിൽ തീപിടിത്തം നടന്ന സ്ഥലത്ത് ഫോറൻസിക്, പൊലീസ് വിഭാഗങ്ങൾ പരിശോധന നടത്തി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതാണ് നഗരത്തിലെ തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉപ്പേരി വറക്കുന്നതിനിടെ എണ്ണയിൽനിന്ന് തീപടർന്ന് സിലിണ്ടറിൽ വ്യാപിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.
അശാസ്ത്രീയ രീതിയിൽ വഴിയോരത്ത് ചിപ്സ് സെന്റർ പ്രവർത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പറഞ്ഞു. വലിയ ചീനച്ചട്ടിയിലെ എണ്ണയിൽ തീപിടിച്ചതും സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്ഫോടനത്തിന് ഇടയാക്കിയത്. നമ്പർ വൺ ചിപ്സ് സെന്ററിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കടയിൽ ഗ്യാസ്ചോർച്ച നേരത്തേ ഉണ്ടായതായി സംശയിക്കുന്നു. അന്തർസംസ്ഥാന തൊഴിലാളികളാണ് കടയിൽ ജോലി ചെയ്യുന്നത്. നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തിനശിച്ചത്.
ഒമ്പതു പേർക്കാണ് പരിക്കേറ്റത്. 40 ലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. രണ്ട് ചിപ്സ് കടയിലും നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. അപകടം സംബന്ധിച്ച് വിശദ അന്വേഷണം നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കലക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. അഗ്നിരക്ഷാസേന, പൊലീസ് എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്ന കെട്ടിട സമുച്ചയങ്ങളടക്കം പത്തനംതിട്ടയിലെ നിരവധി സ്ഥാപനങ്ങളിൽ തീപിടിത്ത സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തൽ. സമാന രീതിയിൽ പ്രർത്തിക്കുന്ന നിരവധി ചിപ്സ് സെന്ററുകൾ നഗരത്തിലുണ്ട്. പൊലീസ് സ്റ്റേഷൻ റോഡിലും ഇത്തരം കടകളുണ്ട്. പലകടകളിലും അനധികൃതമായി നിരവധി ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ റോഡിൽ നടപ്പാത കൈയേറിയാണ് വലിയ ചീനച്ചട്ടിയിൽ ഉപ്പേരി വറക്കൽ. നിലവിലെ സാഹചര്യം മുൻനിർത്തി ഇത്തരം സ്ഥാപനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരം ശേഖരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
സെൻട്രൽ ജങ്ഷനിലെ പല കടകളും വർഷങ്ങൾ പഴക്കമുള്ളതാണ്. നഗരത്തിലെ പല കടകൾക്കും ഇൻഷുറൻസില്ല. കഴിഞ്ഞ ദിവസം തീപിടിച്ച എ വൺ ചിപ്സ് സെന്ററും ഇൻഷുറൻസ് പുതുക്കിയിട്ടില്ല. കടകളുടെ മുന്നിലൂടെ പോകുന്ന എ.ബി.സി കേബിളുകൾ കത്തിനശിച്ചത് കെ.എസ്.ഇ.ബിക്കും വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
നഗരത്തിലെ നടപ്പാതകൾ കൈയടക്കി വ്യാപാരികൾ
പത്തനംതിട്ട: നഗരത്തിലെ നടപ്പാതകൾ വ്യാപാരികൾ കൈയടക്കി. നടപ്പാതയിൽ കൂടി സഞ്ചരിക്കാൻ പറ്റാത്തതിനാൽ റോഡിൽ കൂടിയാണ് നടന്നുപോകുന്നത്. പലഭാഗത്തും വ്യാപാരികൾ തങ്ങളുടെ സാധന സാമഗ്രികൾ നടപ്പാതയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
വഴിയോരത്തെ ഉപ്പേരി വറുക്കൽ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. നടന്നുപോകുന്നവരുടെ ദേഹത്ത് തിളച്ച എണ്ണ തെറിച്ചത് ഉൾപ്പെടെയായിരുന്നു പരാതികൾ.
പൊള്ളലേറ്റവരോട് മുഖം തിരിച്ച് ജില്ല ഭരണകൂടവും
പത്തനംതിട്ട: ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന നടരാജനെ അധികൃതർ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കളുടെ പരാതി. അഗ്നിക്കിരയായ കടകളുടെ എതിർവശത്ത് ‘ഗിരിധർ’ എന്ന ജ്വല്ലറി നടത്തുകയാണ് പുത്തൻപീടിക ഷട്ടർമുക്കിൽ താമസിക്കുന്ന നടരാജൻ (53). എതിർവശത്തെ കടക്ക് തീപിടിക്കുന്നത് കണ്ട ഉടൻ ജ്വല്ലറിയുടെ ഷട്ടർ താഴ്ത്തി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നടരാജന് പൊള്ളലേറ്റത്.
ചുട്ടുപഴുത്ത് വലിയ തീഗോളമായി ഉരുണ്ടുവന്ന സിലിണ്ടർ ദേഹത്ത് വീഴുകയും ഇയാൾ റോഡിൽതെറിച്ച് വീഴുകയുമായിരുന്നു. കൈകൾക്കും വാരിയെല്ലിനും പൊട്ടലുണ്ട്. തലമുടി മുഴുവൻ കരിഞ്ഞു. മുഖത്ത് മുഴുവൻ പൊള്ളലുണ്ട്. ചീളുകൊണ്ട് ഒരു കണ്ണ് അടഞ്ഞ നിലയിലാണ്. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പൊള്ളൽ ഗുരുതരമായതിനാൽ പിന്നീട് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റിട്ടും നടരാജനെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നോ ജനപ്രതിനിധികളിൽനിന്നോ ഒരു അന്വേഷണവുമുണ്ടായില്ലെന്ന് സെൻട്രൽ ജങ്ഷനിൽ ജ്വല്ലറി നടത്തുന്ന സഹോദരൻ മുരുകൻ ആചാരി പറഞ്ഞു. ഇതിൽ വലിയ പ്രതിഷേധമുണ്ടെന്നും ആശുപത്രി ചെലവുകൾക്ക് വലിയ തുക വേണമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര അന്വേഷണം വേണം -ഡി.സി.സി പ്രസിഡന്റ്
പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തീ കത്തിനശിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, സുബൈർ, ജോർജ് അമല, മുനീർ വലഞ്ചുഴി, ബിനു മൈലപ്ര, ഷാജി സുറൂർ, പ്രദീപ് ഓമല്ലൂർ, യൂസുഫ് പിച്ചയ്യത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
പത്തനംതിട്ട: സെന്‍ട്രല്‍ ജങ്ഷനിലെ കടകളിൽ കഴിഞ്ഞ ദിവസം നട്ടുച്ചക്ക് തീപിടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷന് കേസെടുത്തു. വിവരാവകാശ പ്രവര്ത്തകന് റഷീദ് ആനപ്പാറയാണ് പരാതി നൽകിയത്.
സെന്‍ട്രല്‍ ജങ്ഷനില്‍ ഗാന്ധി പ്രതിമക്ക് സമീപം ജനം തിങ്ങിക്കൂടുന്ന സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയത് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാന്‍ മനുഷ്യാവകാശ കമീഷന് ഇടപെടല്‍ വേണമെന്നും പരാതിയിലുണ്ട്.
നഗരസഭയിലെ മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് ഉണ്ടോ എന്നും നിയമങ്ങള്‍ പാലിച്ചുകൊണ്ടാണോ ഈ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അഗ്നിശമന സുരക്ഷാസംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.