തീപിടിത്തം: നടപടി കർശനമാക്കി പത്തനംതിട്ട നഗരസഭ
text_fieldsപത്തനംതിട്ട: നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയുമായി നഗരസഭ അധികൃതർ രംഗത്തിറങ്ങി. ഓഫിസ് മുതൽ സെൻട്രൽ ജങ്ഷൻ, പഴയ ബസ്സ്റ്റാൻഡുവരെ ഭാഗങ്ങളിൽ ആദ്യഘട്ട പരിശോധന നടത്തി.
മുൻകൂർ നോട്ടീസ് നൽകിയിട്ടും നിയമലംഘനം തുടർന്ന സ്ഥാപനങ്ങളിൽ നടപടി സ്വീകരിച്ചു. മറ്റുള്ളവക്ക് ഉടൻ നോട്ടീസ് നൽകും. സാങ്കേതികമായ നിയമലംഘനത്തിനപ്പുറം അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പരിശോധനകളും നടപടികളും തുടരാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കാൽനടക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകൾ, ബോർഡുകൾ ഉൾപ്പടെ എല്ലാം നീക്കാനാണ് തീരുമാനം. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷരായ ജെറി അലക്സ്, കെ.ആര്‍. അജിത്കുമാര്‍, ഇന്ദിര മണിയമ്മ, എസ്. ഷമീർ, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർമാരായ എ. അഷറഫ്, സുമേഷ് ബാബു, നഗരസഭ സെക്രട്ടറി ഷെർല ബീഗം, എൻജിനീയർ ജെ. സുധീർരാജ്, റവന്യൂ ഓഫിസർ അജിത്കുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.പി. വിനോദ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
ഇതിനിടെ കഴിഞ്ഞ ദിവസം നഗരത്തിൽ തീപിടിത്തത്തിന് ഇടയാക്കിയ കടയിൽ അപകടകരമായ രീതിയിൽ ഉപ്പേരിവറുത്തെന്നാണ് വിലയിരുത്തൽ. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലവസ്ഥയും കടകൾക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വൻ ദുരന്തം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.