‘ഉറപ്പാണ് തൊഴില്‍’; ആദ്യ ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
text_fieldsപത്തനംതിട്ട: വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയായ ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ, വനിത-ശിശുവികസന മന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, കുടുംബശ്രീ എന്നിവ മുഖേന സന്ദേശപ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവല്ലയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ആറന്മുളയില് കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും കോന്നിയില്‍ മലയാലപ്പുഴ മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററിലും റാന്നിയില്‍ റാന്നി ഗ്രാമപഞ്ചായത്തിലുമാണ് ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനാകുമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ വിജ്ഞാന പത്തനംതിട്ട തൊഴില്‍പദ്ധതിയുടെ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചും അടൂര്‍ മണ്ഡലത്തിലെ ജോബ്സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി എന്ന വിഷയത്തില്‍ മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡന്റ് പി. എസ്. മോഹനന്, മുന്‍ എം.എല്‍.എ കെ സി രാജാഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ല സെക്രട്ടറി ബിന്ദു ചന്ദ്രമോഹന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ല സെക്രട്ടറി കെ.കെ.ശ്രീധരന്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര് നാഥ്, കുടുംബശ്രീ ജില്ല മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.