ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1000 കിടക്കകള്‍കൂടി ലഭ്യമാക്കും –കലക്ടര്‍
text_fieldsപത്തനംതിട്ട: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്തിട്ടുള്ള ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകളില്‍ 15 ദിവസത്തിനുള്ളില്‍ 1000 കിടക്കകള്‍ സ്ഥാപിക്കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പെരുനാട് കാർമല്‍ എൻജിനീയറിങ് കോളജ്, നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
കാർമല്‍ എൻജിനീയറിങ് കോളജ് ഹോസ്റ്റലുകളിൽ 500 കിടക്കകളും നിലക്കലില്‍ ഏറ്റെടുത്തിട്ടുള്ള നാല് കെട്ടിടങ്ങളിലായി 350 കിടക്കകളും ഉള്‍പ്പെടുത്തി ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻറര്‍ ആരംഭിക്കും. ജില്ലയില്‍ ഇതുവരെ മൂന്നു ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകളിലായി 200പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ രണ്ടു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളുടെ അറ്റകുറ്റപ്പണി നടന്നുവരുകയാണ്. ഇവിടെ 150 കിടക്കകള്‍ തയാറാക്കും. ഇവക്ക് പുറമേയാണ് പുതുതായി രണ്ടു സ്ഥലങ്ങള്‍കൂടി കണ്ടെത്തിയത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകള്‍ക്ക് പുറമേ പുതുതായി തുടങ്ങുന്ന നാലു സെൻററുകളിലായാണ് 1000 കിടക്കകള്‍ തയാറാകുന്നത്. കോവിഡ് പോസിറ്റിവാകുകയും എന്നാല്‍, നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍ ഉപയോഗിക്കുകയെന്നും കലക്ടര്‍ പറഞ്ഞു.
കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കോവിഡ് ആശുപത്രികളായി മാറ്റിയിട്ടുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് ഗുരുതരമാകുന്നവര്‍ക്ക് മികച്ച ചികിത്സ നല്കാന് സാധിക്കും. റാന്നി പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജു ശ്രീധര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ പി.ജി. ശോഭന, വാര്‍ഡ് മെംബര്‍ രാജന് വെട്ടിക്കല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സൈമ, റാന്നി തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, അസി. ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകര കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമല്‍ ഭൂഷണ്, കാര്‍മല്‍ എൻജിനീയറിങ് കോളജ് മാനേജര്‍ ഫാ. വില്യംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.