ആദ്യ സ്കില്‍ ഹബ് റാന്നിയില്‍ സ്ഥാപിക്കും- പ്രമോദ് നാരായണ്‍ എം.എല്‍.എ
text_fieldsറാന്നി: കേരളത്തിലെ ആദ്യ സ്കില്‍ ഹബ് റാന്നിയില്‍ സ്ഥാപിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. റാന്നി മണ്ഡലത്തില്‍ റെയിന്‍(റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ്) പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് റാന്നി ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എം.എല്‍.എ.
സ്കില്‍ ഹബ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റെയിന്‍ പദ്ധതിയിലൂടെ സ്കൂളുകളില്‍ കൗണ്സലിങ്ങുകള് നടത്തും. പ്ലസ് വണ്‍ വിദ്യാര്‍ഥികളിലാണ് ആദ്യം നടത്തുക. രണ്ടാം ഘട്ടം സ്കൂളുകളില്‍ നടത്തും. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റെയിന്‍ പദ്ധതി റാന്നി മണ്ഡലത്തില്‍ നടത്തുന്നത്.
മൂന്ന് ഘട്ടമായിട്ടാണ് റെയിന്‍ പദ്ധതി നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്സ് ടീമിനെ രൂപവത്കരിച്ച് അവര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം നേടിയവര്‍ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ അവബോധ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകും. കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിന് ഒരു ടീമിനെയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു ടീമിനെയും സ്കൂള്‍ കൗണ്‍സിലര്‍മാരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. റാന്നിയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്, പോളിടെക്നിക്, ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ആര്‍മി എസ്പിസി മാതൃകയില്‍ രൂപവത്കരിച്ചു.
രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കും. അതിനുശേഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗല്ഭരെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികളും രൂപവത്കരിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും.
കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുടെ മേല്‍ അവരെ സഹായിക്കുവാനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന്റെയും ഭാഗമായി സ്റ്റുഡന്റ്സ് സെന്ററും റാന്നിയില്‍ തുടങ്ങുമെന്നും എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. സന്തോഷ്, റാന്നി എക്സൈസ് സി.ഐ. വി.എ. സഹദുള്ള, സൈക്കോളജിസ്റ്റ് സ്മിത, എം.ഇ.എസ്.കോളജ് സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി. ചിഞ്ചു ചാക്കോ, ജില്ലയിലെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.