99ലെ പ്രളയ സ്മരണയിൽ ജില്ലയും
text_fieldsപത്തനംതിട്ട: 1924 ജൂലൈയിലെ മഹാപ്രളയത്തിന്റെ സ്മരണകൾ പമ്പയുടെ തീരത്ത് താമസിക്കുന്നവർക്കുണ്ട്. പ്രളയം നേരിൽകണ്ടവർ അധികമാരുംതന്നെ ജീവിച്ചിരിപ്പില്ലെങ്കിലും കഴിഞ്ഞ തലമുറയുടെ നാവിൻ തുമ്പിൽനിന്ന് ലഭിച്ച ചില അറിവുകളാണ് ഇവരുടെ ഓർമയിലുള്ളത്. 2018ലെ മഹാപ്രളയ കാലത്തെ കൊല്ലവർഷം 1099ലെ വെള്ളപ്പൊക്കവുമായി താരതമ്യപ്പെടുത്തിയിരുന്നു. കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത രണ്ടു പ്രളയകാലവും കണ്ടയാളാണ്. 98ലെ പ്രളയത്തിൽ മലമുകളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട അനുഭവം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് മാരാമൺ ബിഷ്പസ് ഹൗസിൽനിന്ന് വലിയ മെത്രാപ്പോലീത്തയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. 2018ലെ പ്രളയകാലഘട്ടത്തിൽ 99 ലെ സ്മരണകൾ പുതുക്കാൻ മറ്റു ചിലരും ജീവിച്ചിരുന്നു. എന്നാൽ, നൂറു തികയുമ്പോൾ ഇവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു. വലിയ മെത്രാപ്പോലീത്തയുടെ സഹപാഠി കൂടിയായിരുന്ന ആറന്മുള പൊന്നമ്മയും പ്രളയത്തിന്റെ അനുഭവ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഇവരുടെയൊക്കെ വീടുകളും ബന്ധുവീടുകളും പമ്പയുടെ തീരത്തുണ്ടായിരുന്നു. പമ്പയുടെ തോട്ടപ്പുഴശേരി ഭാഗത്തേക്കാണ് വെള്ളം കൂടുതലായി കയറിയത്. ആറന്മുള പൊന്നമ്മയുടെ കുടുംബവസ്തുവായിരുന്ന മാലേത്ത് കടവിന് എതിര്‍വശത്തെ 70 സെന്റ് സ്ഥലത്ത് തോമ്പില്‍ മട്ടത്ത് പുരയിടത്തില്‍ അറയും നിരയുമുള്ള പുരാതന വീട് ഉണ്ടായിരുന്നതായി പൂർവികർ പറഞ്ഞിട്ടുള്ളത് ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഓർമിച്ചെടുത്തു. മഹാപ്രളയത്തില്‍ വീട് പൂര്‍ണമായി ഒഴുകിപ്പോയി. സ്ഥലം മാത്രം അവശേഷിച്ചു. കാലക്രമേണ ഈ സ്ഥലം കൈമാറ്റം നടത്തപ്പെട്ടു. ഇപ്പോള്‍ ഈ സ്ഥലത്തിന്റെ ഉടമസ്ഥന് കെ.വി. സാംബദേവനാണ്. ആറന്മുള പൊന്നമ്മയുടെ കുടുംബം കൈമാറിയ വസ്തു പിന്നീടാണ് സാംബദേവനിലേക്ക് എത്തിയത്. തങ്ങളുടെ കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച അറിവു കൂടി കണക്കിലെടുത്ത് ഈ സ്ഥലം സംരക്ഷിക്കപ്പെടേണ്ടതാണെന്നു സാംബദേവൻ പറയുന്നു. 2018ലെ പ്രളയത്തിലും സ്ഥലം മുങ്ങിയിരുന്നു. ആറന്മുള ക്ഷേത്രത്തിന്റെ എതിര്‍വശത്താണ് ഈ ഭൂമിയുള്ളത്.
മാലേത്ത് മേടയിൽ വെള്ളം കയറിയില്ല
1924ലെ പ്രളയകാലത്ത് പുരാതനമായ മാലേത്ത് മേടക്ക് മുറ്റത്തേക്കു പോലും വെള്ളം കയറിയിട്ടില്ലെന്ന് മുൻ എം.എൽ.എ മാലേത്ത് സരളാദേവി പറയുന്നു. എന്നാൽ, 2018ൽ വീട് പൂർണമായി മുങ്ങി. പഴയകാലത്ത് രണ്ടു നില വീടാണ് മാലേത്ത് മേട എന്നറിയപ്പെടുന്നത്. ഓരോ വെള്ളപ്പൊക്കം വരുമ്പോഴും അമ്മ തങ്ങളെ ആശ്വസിപ്പിക്കുന്നത് 99ലെ പ്രളയത്തിൽ വെള്ളം കയറാത്ത സ്ഥലമാണ് നമ്മുടേതെന്ന് പറഞ്ഞിട്ടായിരുന്നുവെന്ന് സരളാദേവി ഓർക്കുന്നു. അത്തരത്തിൽ ആശ്വസിച്ചാണ് 2018ൽ താൻ ഇതേ വീട്ടിൽ കഴിച്ചുകൂട്ടിയതെന്ന് സരളാദേവി പറയുന്നു. എന്നാൽ, വീട് പൂർണമായി മുങ്ങി. മുകളിലത്തെ മുറിയിൽ ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ സമീപപ്രദേശങ്ങളിലുള്ളവർ വള്ളത്തിൽ വന്ന് രക്ഷപെടുത്തുകയായിരുന്നു. ആ പ്രളയം തറവാടിന് ഏറെ നാശനഷ്ടവുമുണ്ടാക്കി. പുരാതനമായ തറവാട് സംരക്ഷിച്ച് അവിടെ തന്നെ താമസിച്ചുവരികയാണ് സരളാദേവി. 99ലെ പ്രളയ സ്മരണകൾ പൂർവികർക്ക് ഉണ്ടായിരുന്നു. പമ്പയുടെ ഇന്നത്തെ അവസ്ഥയായിരുന്നില്ല അന്ന്. അന്നു വെള്ളം പരന്നൊഴുകുകയായിരുന്നു. മണൽപ്പരപ്പും തിട്ടയും വേണ്ടുവോളമുണ്ടായിരുന്നു. ആറന്മുള കരയേക്കാൾ തോട്ടപ്പുശേരി ഭാഗത്തേക്ക് വെള്ളം ചേർന്ന് ഒഴുകുകയായിരുന്നു. ഇന്നിപ്പോൾ നദിയുടെ വീതി കുറഞ്ഞതും തിട്ടകൾ രൂപപ്പെട്ട് കാടുകയറിയതുമൊക്കെയാണ് നേരിടുന്ന പ്രധാന പ്രശ്നം. വെള്ളം വേഗത്തിൽ ഉയരാനും ഇതു കാരണമാകുന്നുണ്ട്. 2018ലേത് അപ്രതീക്ഷിത പ്രളയമായിരുന്നു. ഡാമുകൾ തുറന്നുവിട്ട് സൃഷ്ടിച്ച പ്രളയമാണ് അതെന്നതിൽ സംശയമില്ല. അല്ലെങ്കിൽ പമ്പയുടെ തീരത്ത് അത്രയും വെള്ളം ഉയരില്ലായിരുന്നുവെന്നും സരളാദേവി പറഞ്ഞു.
മഴ തോർന്നു,പട്ടിണി തുടർന്നു
‘‘ഏറെക്കാലം വേണ്ടി വന്നു പ്രളയത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാൻ.’’ പ്രളയത്തിന് തൊട്ട് പിന്നാലെ ജനിക്കുകയും പൂർവികരുടെ അനുഭവങ്ങൾ നേരിട്ടറിയുകയും ചെയ്ത കർഷക തൊഴിലാളിയായ അയ്യപ്പൻ പറയുന്നു. വെള്ളം പൊങ്ങിയപ്പോൾ നിരവധി മീനുകൾ പാടങ്ങളിലും തോടുകളിലും നിറയും. ചൂണ്ട ഇട്ടും ഒറ്റാൽ വച്ചും വല ഇട്ടും ഇവയെ പിടിയ്ക്കും. കപ്പക്ക് ഒപ്പം ഇതും കഴിക്കും. എന്നാൽ, കപ്പ അന്ന് സാധാരണമായിരുന്നില്ല. അത് പ്രമാണിമാരുടെയും ജന്മിമാരുടെയും മാത്രം കുത്തക. അടിയാൻ മീൻ പിടിച്ചു ജന്മിക്ക് നൽകുമ്പോൾ ഉണക്ക കപ്പയോ വാട്ട് കപ്പയോ കൂലി ആയി നൽകും. ഇത് അടിയാന്റെ പട്ടിണി മാറ്റില്ലെങ്കിലും ആശ്വാസമാകും-അയ്യപ്പൻ പറയുന്നു.
ദാരിദ്ര്യം നിറഞ്ഞ കാലം
99 ൽ കയറിയ വെള്ളം ഇറങ്ങി പോയില്ല എന്ന് മാത്രമല്ല പതിവിന് വിപരീതമായി അതിരുകൾ ലംഘിച്ച് മുകളിലേക്ക് കയറി. ജനത്തിന് വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. വെള്ളം കൊണ്ട് തോടുകൾ മിക്കതും നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങൾക്ക് ഒപ്പം ഉയർന്ന സ്ഥലങ്ങളിലേക്കും വെള്ളം ഇരച്ചെത്തി. വള്ളം ഇല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതി. സാധാരണക്കാരുടെ വീടുകൾ എല്ലാം പട്ടിണിയിൽ. പലവ്യഞ്ജന പീടികകൾ എല്ലാം കാലിയായി. ചന്തകൾ പ്രവർത്തിക്കാത്തതിനാൽ പീടികക്കാർക്ക് സാധനംവാങ്ങാൻ പോകാൻ കഴിയുന്നുമില്ല. ചേമ്പും കാച്ചിലും ചേനയും പച്ചക്കറിയും നൽകി അരിയും പഞ്ചസാരയും മുളകും മല്ലിയും വാങ്ങിയിരുന്ന കർഷകരും ഗതികേടിലായി. നാട്ടിലെങ്ങും അരക്ഷിതാവസ്ഥ. വൈദ്യുതി എത്താത്ത പ്രദേശങ്ങൾ. മണ്ണെണ്ണ വിളക്ക് മാത്രം ആശ്രയം. എന്നാൽ റേഷൻ കടകളും പൂട്ടി. മണ്ണെണ്ണയും ഇല്ല. ഇതോടെ മിക്ക വീടുകളും ഇരുട്ടിലുമായി. ദിവസങ്ങളോളം ഇരുളടഞ്ഞ പ്രദേശങ്ങൾ, കാർഷിക ഉൽപ്പന്നങ്ങളും നാളികേരവും മോഷണം പോയി തുടങ്ങി. പലയിടത്തും തെങ്ങിൽ കയറി കരിക്ക് വരെ എടുത്തു പലരും വിശപ്പ് അടക്കി. അങ്ങനെ സർവത്ര നാശം വിതച്ചാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം കടന്നു പോയതെന്ന് അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യ സമര പ്രവർത്തക കെ. മീനാക്ഷി അമ്മയുടെ അനുഭവം കുടുംബം പങ്കുവെക്കുന്നു.
ഇരച്ചുകയറി വെള്ളം
പമ്പാ നദി കര കവിഞ്ഞ് തൊടുകളിലൂടെയും വയലുകളിലൂടെയും ഇരു ഭാഗത്തേക്കും ഇരച്ചു കയറി. ആറന്മുള നിന്നും ഏഴ് കിലോമീറ്റർ അകലെ ഇലന്തൂർ കുമ്പഴ പ്രവർത്തി പള്ളിക്കൂടം ഭാഗം വരെ അന്ന് വെള്ളം എത്തി.
എന്നാൽ 2018 ൽ ഇത് ഏതാണ്ട് 300 മീറ്റർ താഴെ എത്തി നിന്നു. ഇതര പ്രദേശങ്ങൾക്കൊപ്പം മധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ആറന്മുള, അയിരൂർ , പന്തളം, നിരണം, തേവേരി, കടപ്ര, മാന്നാർ മേഖലകളിലാണ്.
പ്രളയ സ്മാരക ഫലകങ്ങൾ
പത്തനംതിട്ട: നൂറ്റാണ്ടു പിന്നിടുന്ന പ്രളയകാലത്തെ ജലനിരപ്പ് രേഖപ്പെടുത്തി കോന്നിയിലും റാന്നിയിലും ഫലകങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. ആഴ്ചകളോളം നീണ്ട മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞ് കോന്നിയെ പൂർണമായി മുക്കി. ഒരിക്കലും വെള്ളം കയറില്ലെന്നു കരുതിയ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തി. അച്ചൻകോവിലാർ കരകവിഞ്ഞ് കോന്നിയിലെ സഞ്ചായത്ത് കടവുവഴി ഒഴുകിയപ്പോൾ ഉയർന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയാണ് ഫലകം സ്ഥാപിച്ചത്. സഞ്ചായത്ത് കടവ് റോഡിൽ കോന്നി വനം ഡിവിഷൻ ഓഫിസിലേക്ക് തിരിയുന്ന ഭാഗത്താണ് ജലനിരപ്പ് അടയാളപ്പെടുത്തി ഫലകം സ്ഥാപിച്ചിരുന്നത്.
ഇത് പിന്നീട് കാണാതായപ്പോൾ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കണ്ടെത്തിയത്. 2018ലെ പ്രളയത്തിനുശേഷമാണ് കോന്നിക്കാർ പഴയ ഫലകത്തെക്കുറിച്ച് ഓർമിച്ചെടുത്തത്. മണ്ണുമാന്തി ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പഴയ സ്ഥാനത്തുനിന്ന് ഇതു മാറ്റി ജലസേചന വകുപ്പിന്റെ സഹകരണത്തോടെ കോന്നി ഗവ. എൽപി സ്കൂളിന്റെ മതിലിനോടു ചേർന്ന് സ്ഥാപിച്ചു.
റാന്നിയിലെ ഫലകം
ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ റാന്നിയിലുള്ളത് പൊലീസ് സ്റ്റേഷനോടു ചേർന്നാണ്. പൊലീസ് സ്റ്റേഷനു മുമ്പിൽ പി.എം റോഡിലെ നടപ്പാതയിലാണ് 1924 ലെ പ്രളയത്തിന്റെ ജലനിരപ്പ് അടയാളപ്പെടുത്തിയ ഫലകമുള്ളത്. പുനലൂർ- മൂവാറ്റുപുഴ റോഡ് നവീകരിക്കുന്നതുവരെ കരിങ്കല്ലിൽ കൊത്തിയ ഫലകം ഉണ്ടായിരുന്നു. പാത ഉയർന്നപ്പോൾ ഫലകം മണ്ണിനടിയിലായി. ഇതു വിവാദമായപ്പോൾ കരാർ കമ്പനി തന്നെ ആ സ്ഥാനത്തു പുതിയ ഒരു ഫലകം വെച്ചു. ഡബ്ല്യുഎൽ 1099 (1924) എന്നാണ് ഫലകത്തിലുള്ളത്. 1099ലെ വെള്ളപ്പൊക്കത്തിൽ പമ്പാനദി കരകവിഞ്ഞ് റാന്നി പോലീസ് സ്റ്റേഷൻപടി വരെ എത്തിയിരുന്നുവെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. അതാണ് ഫലകം ഇവിടെ സ്ഥാപിക്കാനിടയായത്. പിന്നീട് 2018ൽ വെള്ളം ഉയർന്നപ്പോൾ പെരുമ്പുഴക്കടവിൽ ബസ് സ്റ്റാൻഡ് ഭാഗത്തെല്ലാം വെള്ളം കയറിയെങ്കിലും പൊലീസ് സ്റ്റേഷൻ പടി മുങ്ങിയിരുന്നില്ല. ഇന്നിപ്പോൾ സ്റ്റേഷൻ ഉയർന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.