നിലക്കലിൽ വിരിപ്പുരകളുടെ നിർമാണം പൂർത്തിയായി
text_fieldsപമ്പ: അയ്യപ്പഭക്തർക്ക് വിശ്രമിക്കാൻ നിലക്കലിൽ പുതിയ മൂന്ന് വിരിപ്പുരകളുടെ നിർമാണം പൂർത്തിയായി. തീർഥാടനകാലത്ത് ഉദ്ഘാടനം ചെയ്ത് തുറന്നു നൽകും. പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് എതിർവശത്താണ് തറനിരപ്പ് ഉൾപ്പെടെ മൂന്ന് നിലകളിലായി മൂന്ന് കെട്ടിടങ്ങൾ ഉയർന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴ് വിരിപ്പുരകളുടെ പദ്ധതിയിൽ ആദ്യഘട്ടത്തിലേതാണിത്. പദ്ധതിയിൽ മാലിന്യ സംസ്കരണ പ്ലാന്റുമുണ്ട്.
ഓരോ നിലയിലും നാല് ഹാളുകൾ, കുളിമുറികൾ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുണ്ട്. തീർഥാടകരിൽനിന്ന് വാടക ഈടാക്കുന്ന കാര്യം തീരുമാനമായില്ല. മരാമത്ത് വിഭാഗം പണി പൂർത്തിയാക്കി ദേവസ്വം ബോർഡിന് കൈമാറും. തീർഥാടന കാലത്ത് ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളിൽ മേൽക്കൂരകളുടെ അവസാന പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടനുബന്ധിച്ച് രണ്ട് പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
2000 ജീവനക്കാർക്ക് താമസ സൗകര്യം
നിലക്കലിൽ പൊലീസുകാർ ഉൾപ്പെടെ 2000 ജീവനക്കാർക്ക് താമസിക്കാനുള്ള ആറ് കെട്ടിടങ്ങൾ നവീകരിച്ചു. ഇത്തവണ പ്രായമായവർക്കും സ്ത്രീകൾക്കും വിശ്രമിക്കാനും വിരിവെക്കാനും പ്രത്യേക മുറികളും ഹാളും നിലക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. മുറിയിൽ നാലുപേർക്കും ഹാളിൽ 20 പേർക്കും വിശ്രമിക്കാം.
ഡ്രൈവർമാർക്ക് വിശ്രമ മുറികൾ
ദീർഘദൂരം വാഹനങ്ങൾ ഓടിച്ചുവരുന്ന ഡ്രൈവർമാർക്കുള്ള വിശ്രമ മുറികളുമുണ്ട്. കൂടാതെ ഒരേസമയം 80 പേർക്ക് വിരിവെക്കാനും ക്ലോക്ക് റൂമുകളും സജ്ജമാക്കി. ദീർഘയാത്ര ചെയ്തു വരുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഡ്രൈവർമാർക്ക് മതിയായ വിശ്രമം ലഭിക്കാത്തതു കൊണ്ടാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശ്രമ മുറികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.