ഭക്ഷ്യവിഷബാധ; ചികിത്സ തേടിയത് ഇരുപതോളം പേർ ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികളടക്കം അവശനിലയിൽ
text_fieldsപത്തനംതിട്ട: ബേക്കറിയില്‍നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഇരുപതോളം പേർ വ്യാഴാഴ്ച രാത്രിവരെ ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികളടക്കം അവശനിലയിലാണ്. ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ബേക്കറിയില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് ബേക്കറി അടച്ചുപൂട്ടി. മെഴുവേലി പഞ്ചായത്തില്‍ ഇലവുംതിട്ട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദീപ ബേക്ക് ഹൗസ് ആന്‍ഡ് ബേക്കറിയില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്.
ആറ്, ഏഴ് തീയതികളില്‍ ഇവിടെനിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങിക്കഴിച്ച മെഴുവേലി, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയത്. 13 പേര് ചെന്നീര്‍ക്കര പഞ്ചായത്ത് നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നു. രണ്ടുപേര്‍ ബുധനാഴ്ച വൈകീട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മൂന്നുപേര്‍ പന്തളം സി.എം ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു യുവതിയും ചികിത്സ തേടിയിട്ടുണ്ട്.
ചെന്നീര്‍ക്കര പഞ്ചായത്തില്‍നിന്ന് 12ഉം മെഴുവേലി പഞ്ചായത്തില്‍നിന്ന് ഏഴു പേരുമാണ് ഇതുവരെ ചികിത്സ തേടിയത്. ചെന്നീര്‍ക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആത്രപ്പാട് സ്വദേശി അച്ചു ആനന്ദ് (23), ശിവന്യ (എട്ട്), ശ്രേയ (എട്ട്), ശ്രുതി (18), കുളത്തുമണ്ണില്‍ അശ്വിന് ബിനോജ് (14), ശ്യാംകുമാര്‍ (38), വിനോദ് ജോണ്‍ (47), ശിവാനി (ഒമ്പത്), സൗമ്യ ഭവനില്‍ ധന്യ (32), മിഥുന്യ (അഞ്ച്), മന്യ (12), ഊന്നുകല്‍ കിഴക്കേച്ചരുവില്‍ ഉഷ (65), അശ്വതി (24) എന്നിവരാണ് ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്. ഊന്നുകല്‍ സ്വദേശികളായ ടീന മറിയം, അനീന മറിയം എന്നിവര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേരള ബാങ്കിന്റെ ഇലവുംതിട്ട ശാഖ മാനേജര്‍ നെടിയകാല സ്വദേശി ഹണി ജിബുവും ഒമ്പതും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളും പന്തളം സി.എം ആശുപത്രിയില്‍ ചികിത്സയിലാണ്.
നെടിയകാലായിലുള്ള ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയാണ് ആദ്യം ചികിത്സ തേടിയത്. നിരവധിപേര്‍ സ്വന്തമായി ചികിത്സ തേടിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പിനോ പഞ്ചായത്തിനോ ലഭ്യമല്ല.
ബേക്കറി അടപ്പിച്ചു
കഴിഞ്ഞ ആറിന് വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അച്ചു ആന്ദന് ബേക്കറിയില്‍നിന്ന് ഷവായ് ചിക്കന്‍ പാഴ്സല്‍ വാങ്ങിയത്. വീട്ടിലെത്തിയ ഉടന്‍തന്നെ കുട്ടികളുമൊത്ത് ഇത് കഴിച്ചു. രുചിവ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്ന് അച്ചു പറഞ്ഞു. അടുത്ത ദിവസം മുതല്‍ വീട്ടിലെ മൂന്ന് കുട്ടികള്‍ക്കും തനിക്കും വയറിളക്കവും ഛർദിയും ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി അച്ചു പറഞ്ഞു. സ്ഥിതി രൂക്ഷമായതോടെ നാലു പേരും നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
രണ്ടുദിവസം മുമ്പ് ഒരേ സ്ഥാപനത്തില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ലിന്‍സ അനില്‍ പറഞ്ഞു. മിക്കവരും ശാരീരികമായി അവശനിലയിലായിരുന്നെങ്കിലും ആരുടെയും നില ഗുരുതരമല്ല. പ്രഥമശുശ്രൂഷകള്‍ നല്കി എല്ലാവരെയും വീട്ടിലേക്ക് മടക്കി അയച്ചതായും ഡോക്ടർ പറഞ്ഞു. ഗ്രില്‍ഡ് ചിക്കന്‍, ചിക്കന്‍ കട്ലറ്റ്, ഷവായ് ചിക്കന്‍, ബര്‍ഗര്‍, പഫ്സ് തുടങ്ങിയ ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്കും മുതിര്‍ന്നവർക്കും ഗുരുതര ഭക്ഷ്യ വിഷബാധയുണ്ടായിട്ടുണ്ട്. വയറിളക്കത്തിന് പുറമേ വയറുവേദന, നടുവേദന, തലവേദന, തലചുറ്റല്‍, പനി എന്നിവയും അനുഭവപ്പെടുന്നുണ്ട്. കൂട്ടത്തോടെ രോഗികള്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ദീപ ബേക്ക് ഹൗസില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. തുടർന്ന് ബേക്കറി അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.