പത്തനംതിട്ടയിലെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടി യുവാക്കൾ
text_fieldsപത്തനംതിട്ട: നഗരത്തിലെ പ്രമുഖ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ബുധനാഴ്ച രാത്രി ഹോട്ടൽ ‘എവർഗ്രീൻ കോണ്ടിനെന്റലി’ൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പരാതി വെളിപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളായ 15ഓളം പേരാണ് ഭക്ഷണം കഴിച്ചതെന്ന് ചികിത്സ തേടിയ പത്തനംതിട്ട കുമ്പഴ ആലുനിൽക്കുന്നതിൽ നിസാം പറയുന്നു. കുമ്പഴ സ്വദേശികളായ നിസാം, ദേവദാസ്, മൃദുൽ എം. ലാൽ എന്നിവരാണ് ചികിത്സ തേടിയത്.
‘‘ബട്ടർ ചിക്കൻ, തന്തൂരി ചിക്കൻ എന്നിവ കഴിച്ച മൂന്നുപേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ അസഹ്യമായ ഗന്ധമായിരുന്നു. അതിനുശേഷം കഴിക്കാൻ നിൽക്കാതെ ഹോട്ടലുകാരോട് വിവരം പറഞ്ഞ് ബില്ലിലെ പണവും നൽകി തിരികെ പോരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് അസ്വസ്ഥത തുടങ്ങിയത്. പിന്നെ തുടർച്ചയായി ഛർദിച്ചു. ഉടൻ മൂന്നുപേരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടുവരെ ഇവർ നിരീക്ഷണത്തിൽ ആയിരുന്നു’’. നിസാം പറയുന്നു.
പരാതിയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ വിഭാഗം, നഗരസഭ അധികൃതർ എന്നിവർ ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷണ സാമ്പിൾ എടുത്തു. ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുമ്പ് പലതവണ ഈ ഹോട്ടലിൽ പരിശോധന നടത്തി നോട്ടീസ് നൽകിയതാണെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. വ്യത്യസ്ത ഭക്ഷണം കഴിച്ച് സംതൃപ്തരായാണ് കഴിക്കാനെത്തിയ സംഘം ഹോട്ടലിൽനിന്ന് മടങ്ങിയതെന്നാണ് ഇതേക്കുറിച്ച് എവർഗ്രീൻ കോണ്ടിനെന്റൽ ഹോട്ടൽ മാനേജർ ജസ്റ്റിന്റെ പ്രതികരണം. ഇവരിൽ ചിലർ സൂപ്പും ഐസ്ക്രീമും കഴിച്ചു. ഇത് ഒരിക്കലും തമ്മിൽ ചേരുന്ന ഭക്ഷണമല്ലെന്ന് സംഘത്തെ അറിയിച്ചതായി മാനേജർ പറഞ്ഞു. ഇതിൽ രണ്ടുപേർ മാംസാഹാരം ഒഴിവാക്കിയിരുന്നു -മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.