വനം ഭേദഗതി നിയമം: മലയോര മേഖല പട്ടയ പ്രതീക്ഷയിൽ
text_fieldsപത്തനംതിട്ട: ജണ്ടക്ക് പുറത്തുള്ള ഭൂമിക്ക് ഇനി വനംവകുപ്പിന് അവകാശമില്ലെന്നു വ്യക്തമാക്കി വനം ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ജില്ലയുടെ മലയോര മേഖലയിൽ പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് പ്രതീക്ഷയേറി. വനം നിയമ ഭേദഗതി നിലവിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാന റവന്യൂ, വനം വകുപ്പുകൾ യോഗം ചേർന്ന് തീരുമാനമെടുത്തത്.
ഭേദഗതി നിലവിൽ വരുന്നതോടെ വനം അല്ലാത്ത മുഴുവൻ പ്രദേശങ്ങളും റവന്യൂ ഭൂമിയായി മാറും. ജില്ലയിൽ കാലങ്ങളായി പട്ടയം നൽകാൻ വനംവകുപ്പ് ഉന്നയിച്ച തടസ്സവാദങ്ങൾ പൂർണമായി ഇല്ലാതാകുന്നതാണ് നിയമ ഭേദഗതി.
യഥാർഥ വനഭൂമി മാത്രം അതേ നിലയിൽ നിലനിൽക്കുകയും കൈവശത്തിലുള്ള ഭൂമികളുടെ മേൽ ഉടമസ്ഥരേഖ ലഭിക്കാനും നിയമ ഭേദഗതി സഹായകമാകും. കൈവശ ഭൂമിക്ക് യഥാർഥ മൂല്യം ലഭിക്കാനും ഇതര പ്രവൃത്തികൾക്ക് ഭൂമി ഉപയുക്തമാക്കാനും തടസ്സമായി നിന്ന ‘രേഖപ്രകാരം ഉള്ള വനം’ എന്ന മരണക്കുരുക്കാണ് ഒഴിവാക്കപ്പെടുന്നത്.
കൈവശ ഭൂമിയുടെമേലുള്ള വനംവകുപ്പിന്റെ അന്യായ അവകാശവാദങ്ങൾ ഇല്ലാതെ ആകുന്നുവെന്നത് പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന കർഷകർക്ക് വലിയ ആശ്വാസമാണ്.
കർഷകരുടെ കൈവശം കൃഷിക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വിട്ടുനൽകിയിട്ടുള്ള ഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് കൈവശം ലഭിച്ചിട്ടുള്ളതാണെങ്കിൽ അത് കൈവശക്കാരന് പതിച്ചുനൽകാൻ സംസ്ഥാന സർക്കാർ മുമ്പ് തീരുമാനം കൈക്കൊണ്ടതാണ്. എന്നാൽ, നടപ്പാക്കാനായില്ല. ഇപ്പോൾ 1980ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ടിൽ ഭേദഗതി വരുത്തി യഥാർഥ വനം കൃത്യമായി നിർവചിച്ചത് നിലവിലെ എല്ലാ തടസ്സവാദങ്ങളെയും ലഘൂകരിക്കുന്നതാണ്.
പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമികളിൽ നൽകിയിട്ടുള്ള കൈവശ രേഖകൾ, അപ്രകാരമുള്ള ഭൂമികളിൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് നൽകിയിട്ടുള്ള കെട്ടിട നമ്പറുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ളവ വനേതര ഭൂമിയുടെ തെളിവായി ഉപയോഗിക്കാൻ കഴിയുമെന്ന തരത്തിലുള്ള പുതിയ വനനിയമ ഭേദഗതി മലയോര ജനതക്ക് ആശ്വാസമാണ്.
ജില്ലയിലെ 6362 കർഷകരുടെ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉന്നയിച്ച തടസ്സവാദങ്ങൾ പുതിയ ഭേദഗതിയോടെ ഇല്ലാതാകും. അർഹരായ കൈവശ കർഷകരുടെ ഭൂമിക്ക് പട്ടയം തേടി കേന്ദ്രത്തിലേക്ക് അപേക്ഷ നൽകിയിട്ട് രണ്ടുവർഷമായെങ്കിലും ഇതുവരെ തീരുമാനം വന്നിരുന്നില്ല.
പെരുമ്പെട്ടിയിലും കുരുക്കഴിയും
പെരുമ്പെട്ടി വില്ലേജിലെ 414 കർഷകരുടെ ഭൂമികൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിന് അപേക്ഷ നൽകിയത്. ഈ കർഷകരുടെ ഭൂമി വനപരിധിയിൽ വരുന്നില്ലെന്ന് 2019ൽ സർവേ നടത്തി കണ്ടെത്തിയതിനു ശേഷവും അവരുടെ സ്ഥലങ്ങളും കേന്ദ്രത്തിനു സമർപ്പിച്ച പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയിരുന്നില്ല.
പൊന്തൻപുഴ, വലിയകാവ് വനവുമായി ബന്ധപ്പെട്ട തർക്കമാണ് കൈവശ കർഷകരുടെ ഭൂമിക്കുമേൽ കൊണ്ടുവന്നത്. റാന്നി ഡിവിഷന് കീഴിലെ വലിയകാവ് വനം സംബന്ധിച്ച അവകാശത്തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വലിയകാവ് വനത്തിൽപെട്ട ഭൂമിയാണ് പെരുമ്പെട്ടിയിലെ കർഷകരുടെ കൈവശത്തിലുള്ളതെന്ന് തെറ്റായി വാദിച്ച ഉദ്യോഗസ്ഥർ സുപ്രീംകോടതിയിലെ കേസിൽ നിലവിലുള്ള തൽസ്ഥിതി ഉത്തരവ് മുഴുവൻ അപേക്ഷക്കും ക്ഷണിച്ചുവരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.