കാട്ടുതീ തടയാൻ പത്തനംതിട്ടയിൽ വനം വകുപ്പ് മുന്നൊരുക്കം തുടങ്ങി
text_fieldsറാന്നി: കാട്ടുതീ തടയാൻ വനം വകുപ്പ് മുന്നൊരുക്കം തുടങ്ങി. ഫയർലൈൻ തെളിച്ച് പ്രതിരോധം തീർക്കുന്ന പണികളാണ് തുടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വനത്തിലൂടെയുള്ള റോഡുകളുടെ ഇരുവശത്തും കാടുവെട്ടി കരിയിലകൂട്ടി കത്തിച്ചുകളയുകയാണ്.
വലിയകാവ് വനത്തിെൻറ ഭാഗമായുള്ള മണ്ണാരത്തറ, തൃക്കോമല, കുളക്കുറ്റി എന്നിവിടങ്ങളിൽ കാടുതെളിക്കൽ നടക്കുകയാണ്. റോഡുകളുടെ വശങ്ങളിലും വനാതിർത്തികളിലും അഞ്ചര മീറ്റർവീതിയിലാണ് അടിക്കാടുകൾ വെട്ടിത്തെളിക്കുന്നത്. വെട്ടിയിടുന്ന കാടുകൾ ഉണങ്ങുന്നതോടെ കരിയിലയോടൊപ്പം പിന്നീട് കത്തിച്ചുകളയും. ഇത്തരം ഫയർ ബ്രേക്ക് സംവിധാനത്തിലൂടെ പുറത്തുനിന്നുള്ള തീ വനത്തിലേക്കും വനത്തിലുണ്ടാകുന്ന തീ സമീപപുരയിടങ്ങളിലേക്കും പടരുന്നത് തടയാൻ കഴിയും.
വേനൽ ചൂടിൽ മരങ്ങൾ ഇലപൊഴിഞ്ഞും പുല്ലുകൾ കരിഞ്ഞുണങ്ങിയും തീ പടരാനുള്ള സാധ്യത കൂടുതലാണ്. തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷങ്ങളിലും മണ്ണാരത്തറ, തൃക്കോമല ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടായി. ജനവാസമേഖലയിലേക്ക് കടന്നെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടാകുന്നതിനുമുമ്പേ തീയണക്കാൻ സാധിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേന, വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും ചേർന്ന് കഠിന പ്രയത്നം കൊണ്ടാണ് രണ്ടുവർഷവും തീ നിയന്ത്രിച്ചത്. ഏക്കർ കണക്കിന് വനഭൂമി കത്തിനശിക്കുകയും ചെയ്തു.
അത്തരം സാഹചര്യങ്ങളെ മുന്നിൽക്കണ്ടാണ് വനംവകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നത്. ഫയർ ലൈൻ തെളിക്കുന്ന സ്ഥലങ്ങൾ കഴിഞ്ഞ ദിവസം അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, അംഗങ്ങളായ ജെവിൻ കാവുങ്കൽ, ബിച്ചു ഐക്കാട്ടുമണ്ണിൽ, എം.എം. മുഹമ്മദ് ഖാൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.