വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മുമ്പും കോർത്ത് സി.പി.എം നേതാവ്
text_fieldsപത്തനംതിട്ട: അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സി.ഐ.ടി.യു കൊടിമരം സ്ഥാപിച്ച തർക്കത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറി മുമ്പും ഉദ്യോഗസ്ഥരുമായി കോര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട തണ്ണിത്തോട് വനത്തില്‍ മാലിന്യം തള്ളിയതു ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍.
എന്നാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോൾ തടയുകയും വാക്തർക്കം ഉണ്ടാകുകയും ചെയ്താതായി ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് വിശദീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ബാര്‍ബര്‍ ഷോപ്പിലെ മുടി ചാക്കില്‍ കെട്ടി ആരോ വനത്തില്‍ തള്ളി. മുടി ആനകള്‍ തിന്നുന്ന സാഹചര്യം ഉണ്ടായതോടെ വനപാലകര്‍ പരിശോധനക്ക് എത്തി. ഒരു കാരണവും ഇല്ലാതെ പ്രവീണ്‍ പ്രസാദും സംഘവും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍, വനപാലകരില്‍ ഒരാള്‍ നാട്ടുകാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും അതു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുറത്തുവിട്ടത് സംശയകരമാണെന്ന് ലോക്കല്‍ പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വനഭൂമിയിലെ കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് പ്രവീണ്‍ ഭീഷണി മുഴക്കിയത്. പ്രസംഗത്തില്‍ സ്വാഭാവികമായി വരുന്ന ശൈലി എന്ന ന്യായീകരണമാണ് ഇക്കാര്യത്തില്‍ ലോക്കല്‍ സെക്രട്ടറി നല്‍കുന്നത്. ഇതേ സമീപനമാണ് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ഹരിദാസും പുലര്‍ത്തിയത്. തണ്ണിത്തോട് മേഖലയില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിൽക്കുന്നുണ്ട്.
പരാതി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ
കോന്നി: ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പരാതി നൽകി. സി.പി.എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദിനെതിരെയാണ് പരാതി നൽകിയത്. പുറത്തിറങ്ങിയാൽ കൈ വെട്ടുമെന്നും പ്രവീൺ ഭീഷണിപ്പെടുത്തിയിരുന്നു. ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തനം രണ്ട് മണിക്കൂർ തടസ്സപ്പെടുത്തിയതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിന് മുന്നിൽ സി.പി.എം, എ.ഐ.ടി.യു.സി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം വനം റിസേർവ് ഫോറസ്റ്റിൽ ഉൾപ്പെട്ടതാണെന്ന് കാണിച്ച് വനം വകുപ്പ് ഇവർക്കെതിരെ കേസെടുക്കുകയും കൊടിമരം നീക്കം ചെയ്യുകയും ചെയ്തത്. എന്നാൽ, ഇതിന് അടുത്ത ദിവസം തന്നെ ഇവർ വീണ്ടും കൊടിമരം പുനഃസ്ഥാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.