മുൻ എസ്.എഫ്.ഐ ഭാരവാഹിക്ക് മർദനമേറ്റ സംഭവം; അന്വേഷണത്തിന് സി.പി.എം
text_fieldsപത്തനംതിട്ട: വള്ളിക്കോട്-കോട്ടയത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള ഭിന്നതയെത്തുടർന്ന് എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗത്തെ ആക്രമിച്ച സംഭവത്തിൽ പാർട്ടിതല അന്വേഷണം. സി.പി.എം കോന്നി ഏരിയ കമ്മിറ്റി ഇതിനായി രണ്ടംഗ കമീഷനെ ചുമതലപ്പെടുത്തി. വള്ളിക്കോട് സ്വദേശിയായ ജിഷ്ണുവിനെ ആക്രമിച്ച സംഭവത്തിലാണ് അന്വേഷണം.
എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു ജിഷ്ണു. പട്ടാപ്പകൽ വാഹനം ഇടിപ്പിച്ചശേഷമാണ് ജിഷ്ണുവിനെ മുഖംമൂടിസംഘം ആക്രമിച്ചത്. സി.പി.എം ജില്ല നേതൃത്വത്തിന്റെ നിർദേശാനുസരണം കഴിഞ്ഞ ദിവസം ചേർന്ന കോന്നി ഏരിയ കമ്മിറ്റി യോഗമാണ് ആക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. ഗോവിന്ദ്, കെ.എ. ഗോപി എന്നിവരാണ് കമീഷൻ അംഗങ്ങൾ. പ്രമാടം മേഖലയിൽനിന്നുള്ള ചില സി.പി.എം അംഗങ്ങളുടെ അറിവും ആസൂത്രണവും അക്രമത്തിന് പിന്നിലുണ്ടെന്ന ആക്ഷേപങ്ങളെ തുടർന്നാണ് പാർട്ടി ഇടപെടൽ.
അക്രമത്തിനിരയായ ജിഷ്ണുവിനെ നേരത്തെ ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കിയിരുന്നു. തലക്കും താടിയെല്ലിനും പരിക്കേറ്റ ഇയാളുടെ മൂന്ന് പല്ലുകളും പോയിരുന്നു. അതേസമയം, വള്ളിക്കോട്-കോട്ടയം, പ്രമാടം മേഖലകളിലെ സാമൂഹികവിരുദ്ധ സംഘങ്ങളുമായി ജിഷ്ണു അടുപ്പത്തിലായിരുന്നെന്നും ആരോപണുമുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകയെ ഇയാളുടെ സഹോദരൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ഇതേതുടർന്ന് പാർട്ടി യുവജന നേതാക്കളിൽ ചിലർ തീരുമാനിച്ച് നടപ്പാക്കിയതാണ് അക്രമമെന്നാണ് ആക്ഷേപം. അതേസമയം, കേസിലെ ഒന്നാം പ്രതി വള്ളിക്കോട് സ്വദേശി ആരോമൽ പൊലീസിൽ കീഴടങ്ങി. സംഭവവുമായി ബന്ധമില്ലാത്ത ഒരാൾ പ്രതിയെന്ന് അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നതായും സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.