നക്സല്‍ പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് സംഘത്തിലെ പ്രധാനി പി. ശ്രീനിവാസന് അന്തരിച്ചു
text_fieldsപത്തനംതിട്ട: കേരളത്തില്‍ ആദ്യകാല നക്സല്‍ പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് സംഘത്തിലെ പ്രധാനി പത്തനംതിട്ട വള്ളിക്കോട് കുന്നത്തുശ്ശേരില്‍ പി. ശ്രീനിവാസന് (78) അന്തരിച്ചു.
1968ല്‍ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കി നടന്ന ആദ്യ സായുധ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കിയ അജിത, ഫിലിപ് എം. പ്രസാദ്, രാമന് നായര്‍ എന്നിവരടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്താണ് അന്ന് സബ് ഇന്‍സ്പെക്ടറായ ശ്രീനിവാസന് ശ്രദ്ധേയനായത്.
1968ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്റ്റേഷനില്‍ എസ്.ഐ ആയാണ് ആദ്യ നിയമനം. ഇതേവര്‍ഷം നവംബര്‍ 22ന് നടന്ന തലശ്ശേരി സ്റ്റേഷന് ആക്രമണശ്രമവും 24ന് നടന്ന പുല്‍പ്പള്ളി സ്റ്റേഷന് ആക്രമണവും പൊലീസ് സേനക്കുതന്നെ അപമാനമായി. തുടർന്ന് 1968 ഡിസംബര്‍ രണ്ടിന് പി. ശ്രീനിവാസെൻറ നേതൃത്വത്തില്‍ നക്സൈലറ്റുകളെ അറസ്റ്റുചെയ്തു.
തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെത്താൻ ശ്രീനിവാസെൻറ നേതൃത്വത്തില്‍ രാമന് നായര്‍, ചെല്ലപ്പന് നായര്‍ എന്നിവര്‍ക്കൊപ്പം തിരുനെല്ലി കാട്ടിൽ നടത്തിയ പരിശോധന വലിയ വാര്‍ത്തയായിരുന്നു. രണ്ട് ദിവസത്തോളം സഞ്ചരിച്ച് ഏറെ പ്രയാസപ്പെട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
കണക്കുകൂട്ടിയ സമയം കഴിഞ്ഞിട്ടും സംഘത്തെ കാണാതായത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനുശേഷം നക്സലൈറ്റ് വര്‍ഗീസിനായി പൊലീസ് നിയോഗിച്ച മൂന്ന് സംഘത്തില്‍ ഒന്നിനെ നയിച്ചിരുന്നതും ശ്രീനിവാസനായിരുന്നു. ഇതിനിെട, ശ്രീനിവാസനെ കൊന്നുകളയുമെന്ന ഭീഷണിക്കത്തുകള്‍ തുടർച്ചയായി സ്റ്റേഷനിലേക്കെത്തി.
അതോടെ പൊലീസ് സുരക്ഷയൊരുക്കി. വഴുതനപ്പള്ളി പാപ്പച്ചെൻറയും കെ.സി. നന്ദെൻറയും നേതൃത്വത്തില്‍ വടക്കേ മലബാര്‍ കേന്ദ്രീകരിച്ച് നീങ്ങിയ നക്സല്‍ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്തതും ശ്രീനിവാസനാണ്.
കൂത്തുപറമ്പില്‍ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കാലത്ത് തലശ്ശേരിയിലും പരിസര പ്രദേശത്തും നടന്ന കലാപങ്ങള്‍, പുനലൂര്‍ ഡിവൈ.എസ്.പി ആയിരുന്ന കാലത്ത് നടന്ന പെരുമണ്‍ ദുരന്തം, പള്ളിക്കത്തോട്, ശക്തികുളങ്ങര വെടിവെപ്പ് സംഭവങ്ങളുടെ അന്വേഷണം തുടങ്ങി നിരവധി കേസുകളിലൂം ശ്രദ്ധേയ ഇടപെടൽ നടത്തിയിരുന്നു.
1997ല്‍ ഐ.പി.എസ് നേടി. പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായാണ് സര്‍വിസ് ജീവിതം അവസാനിക്കുന്നത്. സുധയാണ് ഭാര്യ. സരിത സുധീര്‍, കവിത അനില്‍, സുമി സനല്‍ എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.