പത്തനംതിട്ട ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍; പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം
text_fieldsപത്തനംതിട്ട: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേർ. തിരുമൂലപുരം എസ്.എന്‍.വി. സ്കൂള്‍, പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസ്, കുറ്റപ്പുഴ മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍, കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ശനിയാഴ്ച പ്രവര്‍ത്തനം അവസാനിപ്പിച്ചു.
നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില്‍ 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര് ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള 31 പേരുമാണുള്ളത്.
മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ നാല് കുടുംബത്തിലെ 25 പേരുണ്ട്. ഇതിനിടെ ഈമാസം മൂന്നു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൃഷിയിടങ്ങളും മുങ്ങി
ഗ്രാമീണ റോഡുകളും പാടശേഖരങ്ങളോടു ചേർന്നുള്ള കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. കപ്പ കൃഷിക്കാണ് ഏറെ നാശമുണ്ടായത്. വിളവ് പോലുമാകുന്നതിനു മുൻപു തന്നെ വെള്ളം കയറി നശിച്ചു. വിവിധ ഭാഗങ്ങളിൽ വാഴകൃഷിക്കും കാര്യമായ നാശമുണ്ടായി.
പ്രളയഭീതിയിൽ പന്തളം
മഴ തുടരുന്നതിനാൽ പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുടിയൂർക്കോണം നാഥനടി, വെള്ളപ്പൊക്ക ഭീഷണിയിലാണ്. സമീപത്തെ മുടിയൂർക്കോണം ഗവ. എൽ.പി സ്കൂളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചു.
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെയും വലയ്ക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ വന്നത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാനകാരണം . വാഹനങ്ങൾ കടന്നുപോകാനും പ്രയാസമാണ്. കനത്ത മഴയിൽ അച്ചൻകോവിൽ ആറ്റിലും ഐരാണിക്കുഴി പാലത്തിനു സമീപവും ആറ്റുതിട്ട വ്യാപകമായി ഇടിഞ്ഞു. ഐരാണികുഴിയിൽ തോടരമ്പിലുള്ള കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായി.
നിർത്താതെ മുന്നും നാലും മണിക്കൂർ പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തിപ്പെട്ടതോടെ ജലാശയങ്ങളിലെ ജലനിരപ്പുയർന്നു. പമ്പാനദി, അച്ചൻകോവിലാറ്, ഏക്കർ വരുന്ന പുഞ്ചപ്പാടങ്ങളിലെയും ജലനിരപ്പാണ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നത്. പുഞ്ചപ്പാടത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. പുഴികക്കാട് സ്വദേശി ദീപു (36) ആണ് മരിച്ചത്. വെള്ളപ്പൊക്ക സമാനമാണ് പ്രദേശം. കിഴക്കൻ വെള്ളം കൂടുതലായി ഇതുവരെയെത്താത്തതിന്റെ ആശ്വാസത്തിലാണ് പന്തളത്തെ പടിഞ്ഞാറ് പ്രദേശം . പമ്പയിലും അച്ചൻകോവിലാറിലും രാവിലെയുള്ളതിനേക്കാൾ ഒരടിയിലേറെ വെള്ളമാണ് വൈകിട്ടോടെ കൂടിയതെന്ന് പരിസരവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.