മുൻവിരോധം; യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ സുഹൃത്ത് പിടിയിൽ
text_fieldsപത്തനംതിട്ട: യുവാവിന്‍റെ തല ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്ത് വധശ്രമക്കേസിൽ അറസ്റ്റിൽ. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടിൽ വിനീത് എന്ന ജോ വർഗീസാണ് (32) കീഴ്‌വായ്‌പൂര് പൊലീസിന്‍റെ പിടിയിലായത്. പരിക്കേറ്റ കല്ലൂപ്പാറ ചെങ്ങരൂർ അടവിക്കമല കൊച്ചുപറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ശരത് കൃഷ്ണനും (32) ഇയാളും അടുത്ത സുഹൃത്തുക്കളാണ്.
ഇരുവരും പുതുശ്ശേരിയിലെ സ്പോർട്സ് ക്ലബിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതി ജോ ക്ലബിന്റെ നിലവിലെ പ്രസിഡന്റും ശരത് മുൻ പ്രസിഡന്‍റുമാണ്. ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നടന്ന ഡിസംബർ 18ന് രാത്രി 10നാണ് സംഭവം. കുറച്ച് മാസം മുമ്പ് ഇരുവരും തമ്മിലുണ്ടായ വാക്തർക്കത്തിൽനിന്ന് ഉടലെടുത്ത വിരോധത്താൽ, പുതുശ്ശേരി എം.ജി.ഡി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്റെ ഒരുഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം ബാറ്റുകൊണ്ട് തലക്കടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ശരത്തിന്റെ മൊഴിപ്രകാരം കീഴ്‌വായ്‌പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ആലപ്പുഴ പട്ടണക്കാടുള്ള ബാറിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. പട്ടണക്കാട് പൊന്നാവെളിയിലെ ബാർ ഹോട്ടലിൽനിന്ന് ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2010ൽ കീഴവായ്‌പൂര് രജിസ്റ്റർ ചെയ്ത ദേഹോപദ്രവക്കേസിൽ ജോ വർഗീസ് പ്രതിയാണ്. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ ആദർശ്, എ.എസ്.ഐ പ്രസാദ്, എസ്.സി.പി.ഒ അൻസിം, സി.പി.ഒ വിഷ്ണു, രതീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.