തോടുനിറയെ മാലിന്യം; കുമ്പഴ പ്രദേശം ഭീതിയിൽ
text_fieldsപത്തനംതിട്ട: പത്തനംതിട്ട നഗരത്തിന്റെ ഭാഗമായ കുമ്പഴയിലെ തോട് നിറയെ മാലിന്യം. മലയാലപ്പുഴയിൽനിന്ന് ഒഴുകിവരുന്ന വലിയതോട്ടിൽ പല ഭാഗത്തും മത്സ്യ-മാംസ അവശിഷ്ടങ്ങളും നിരന്തരമായി തള്ളുന്ന സ്ഥിതിയാണ്. സമീപത്തെ ഹോട്ടലുകളിലെ മാലിന്യവും തോട്ടിലേക്ക് തള്ളുന്നതും വ്യാപകമാണ്.
കുമ്പഴയിൽനിന്ന് മലയാലപ്പുഴ-വെട്ടൂർ റോഡുവരെയുള്ള തട്ടുകടകളിലെയും പെട്ടിക്കടകളിലെയും മാലിന്യം തോട്ടിലേക്കാണ് വലിച്ചെറിയുന്നത്. കുമ്പഴ മത്സ്യച്ചന്തയിൽ വ്യാപാരത്തിന് എത്തുന്നവരിൽ ചിലർ ഉപയോഗശൂന്യമായ മത്സ്യം തോടിന്റെ തീരത്തു തള്ളുന്നതായും പരാതിയുണ്ട്. പ്രദേശത്ത് പലയിടങ്ങളിലും മത്സ്യം മുറിച്ച് ഒരുക്കി നൽകുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും തോട്ടിലേക്കാണ് തള്ളുന്നത്. തെർമോകോൾ പെട്ടികളും ചീഞ്ഞുതുടങ്ങിയ പച്ചക്കറി മാലിന്യവും തള്ളുന്നതും ഇതേ തോട്ടിലേക്കാണ്.
പകർച്ചവ്യാധികളുടെ ഉറവിടം
പത്തനംതിട്ട നഗരപ്രദേശങ്ങൾ നിലവിൽ ഡെങ്കിപ്പനിയുടെ പ്രഭവകേന്ദ്രമായി മാറിയിട്ടുണ്ട്. ഡെങ്കി കൂടാതെ എലിപ്പനിയും പലഭാഗങ്ങളിലും കണ്ടിരുന്നു. മാരകരോഗങ്ങൾ പടരുമ്പോഴും നടപടിയെടുക്കാതെ അധികൃതർ ഒഴിഞ്ഞുമാറുകയാണ്.
കുമ്പഴയിലെയും പരിസരങ്ങളിലെയും ഭക്ഷണശാലകളിലെ ശുചിത്വക്കുറവും രോഗങ്ങൾ പരത്താൻ കാരണമാകുന്നുണ്ട്. ആരോഗ്യ വകുപ്പോ നഗരസഭയോ ഇവിടങ്ങളിൽ പരിശോധന നടത്താറില്ല. ഇതര സംസ്ഥാനക്കാരുടേതായ തട്ടുകടകൾ, പെട്ടിക്കടകൾ എന്നിവിടങ്ങളിലെ ശുചിത്വമില്ലായ്മയെ സംബന്ധിച്ചു വ്യാപക പരാതികളുണ്ട്. റോഡ് ഭാഗങ്ങൾ ടർപ്പോളീൻ കെട്ടിയുയർത്തി കൈയറിയാണ് പലരുടെയും വ്യാപാരം.
കുടിവെള്ള സ്രോതസ്സുകൾ മലിനം
തോടും സമീപ സ്ഥലങ്ങളും മാലിന്യ കേന്ദ്രമാകുമ്പോൾ പകർച്ചവ്യാധികളുടെ ഉറവിടമായും ഈ പ്രദേശം മാറുകയാണ്. തോട്ടിലേക്കും പരിസരങ്ങളിലേക്കും മാലിന്യം തള്ളുന്നതിനാൽ തീരത്തോടു ചേർന്നു താമസിക്കുന്ന വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകുന്നതായി ആരോപണം ഉയരുന്നുണ്ട്.
വലിയതോട് ചെന്നുചേരുന്നത് തുണ്ടുമൺകര പഴയ പാലത്തിനു സമീപത്തായി അച്ചൻകോവിലാറ്റിലാണ്. ഇതിനു സമീപം തന്നെയാണ് കുമ്പഴ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള പമ്പ് ഹൗസ്. മാലിന്യ വാഹിനിയായി മാറിയ വലിയതോട്ടിലെ വെള്ളം ഉപയോഗിക്കുന്നതിലൂടെ പകർച്ചവ്യാധി സാധ്യതകളും ഏറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.