ജി ആന്‍ഡ് ജി നിക്ഷേപത്തട്ടിപ്പ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
text_fieldsപന്തളം: ജി ആന്‍ഡ് ജി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതികളായ അച്ഛനെയും മകനെയും പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മാവേലിക്കര ജയിലിൽ റിമാൻഡിലായിരുന്ന ഇരുവരെയും കുളനടയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്റ്റേഷൻ പരിധിയിൽ 50 ഓളം കേസുകൾ ഇവർക്കെതിരെയുണ്ട്. ഇരുവരെയും ശനിയാഴ്ച വരെ പന്തളം പൊലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്യും. ജി ആൻഡ് ജി ഫിനാൻസിന്റെ ഡയറക്ടർമാരായ തെള്ളിയൂർ ശ്രീരാമ സദനത്തില്‍ ഡി ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ഗോപാലകൃഷ്ണൻ നായരാണ് ഒന്നാം പ്രതി. ഗോവിന്ദ് ജി നായർ മൂന്നാം പ്രതിയാണ്. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി നായരാണ് രണ്ടാം പ്രതി, മരുമകൾ ലക്ഷ്മി ലേഖകുമാറാണ് നാലാം പ്രതി. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ഉടമകള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും പണം തിരികെ നല്‍കാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസില്‍ പരാതിപ്പെട്ടത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി സ്ഥാപനത്തിന്റെ 48 ബ്രാഞ്ചുകളാണ് പ്രവർത്തിച്ചു വന്നത്. അമിത പലിശ വാഗ്ദാനം ചെയ്താണ് ഉടമകള്‍ നിക്ഷേപം സ്വീകരിച്ചത്.
ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നതായി നിക്ഷേപകരുടെ പരാതിയില്‍ പറയുന്നുണ്ട്. അര ലക്ഷം മുതല്‍ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നിവക്ക് പുറമേ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്ട് കൂടി ചുമത്തിയാണ് കേസെടുത്തത്. കുളനടയിലെ ബ്രാഞ്ചിന് കീഴിൽ അമ്പതോളം പരാതികളാണ് പന്തളം പോലീസ് സ്റ്റേഷൻ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.