ഗവർണർമാർ പുതിയ രാഷ്ട്രീയ അവതാരങ്ങൾ -ഡോ. തോമസ് ഐസക്
text_fieldsപത്തനംതിട്ട: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ നിയോഗിച്ച ഗവർണർമാർ പുതിയ രാഷ്ട്രീയ അവതാരങ്ങളായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. സ്ഥാനത്തിന്റെ മഹിമയും മഹത്ത്വവും മനസ്സിലാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരിക്കാൻ ഇറങ്ങിയിരിക്കുന്നത്. പാർലമെന്ററി വ്യവസ്ഥയെ തന്നെ നശിപ്പിക്കാനാണ് ഇവർ ഗവേഷണം നടത്തുന്നത്. സർക്കാറിന്റെ ധൂർത്തിനെക്കുറിച്ച് ചോദിക്കുന്ന ഗവർണർ താമസിക്കുന്ന രാജ്ഭവനുമായി ബന്ധപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും ചോദ്യംചെയ്യപ്പെടുന്നു. കേരളത്തിൽ ധൂർത്തെന്ന് പറയുന്ന ഗവർണറുടെ വസതിയിൽ ഒരാൾക്ക് താമസിക്കാൻ വലിയ കൊട്ടാരങ്ങളും പരിവാരങ്ങളും ആവശ്യമുണ്ടോയെന്ന് ഐസക് ചോദിച്ചു. പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷൻ ഉൾപ്പെടെ ജനങ്ങൾക്ക് മനസ്സറിഞ്ഞ് നൽകുന്നത് കേരളത്തിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഗണ്യമായി വർധിപ്പിക്കുന്നതെന്ന് മനസ്സിലാക്കി സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാറും ഗൂഢാലോചന നടത്തുകയാണ്. വായ്പയെടുക്കാൻ അനുവദിക്കാതെ സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനാണ് അവർ ഗൂഢാലോചന നടത്തുന്നത്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയമാണ്. ബിനാലെപോലെ വിനോദ സഞ്ചാര പ്രോത്സാഹനത്തിന് കേരളീയവും പ്രയോജനപ്പെടും. ഇന്നത്തെ സാഹചര്യത്തിൽ സ്പോൺസർഷിപ്പിലൂടെയാണ് പരിപാടി നടത്തുന്നത്. സംരംഭകർക്കു വേദി കൊടുക്കുന്നതാണ് കേരളീയം. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ക്ഷേമ പെൻഷനുകൾ കൊടുക്കാതെ കേരളീയം നടത്തുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. പണം ഉണ്ടായിരുന്ന കാലത്ത് മനസ്സറിഞ്ഞ് സർക്കാർ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എം. ലോറൻസിന്റെ ആത്മകഥയിൽ വി.എസ്. അച്യുതാനന്ദനെതിരായ പരാമർശത്തെക്കുറിച്ച് വായിച്ചിട്ട് പ്രതികരിക്കാം. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. ക്രമക്കേടുകൾ നടത്തിയവർക്കെതിരെ സർക്കാറും സി.പി.എമ്മും മാതൃകാപരമായ ശിക്ഷ നൽകും. കോട്ടയം മാഞ്ഞൂർ പഞ്ചായത്തിൽ സമരം ചെയ്ത പ്രവാസിയുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പമാണ് താനും. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. കേരളത്തിൽ പ്രതിഷേധിക്കാനുള്ള ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.