കലക്ടറേറ്റിൽ ഹരിത പോളിങ് ബൂത്ത്
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃക പോളിങ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് നിര്‍വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃക ബൂത്ത് ഒരുക്കിയത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബൂത്ത് ഒരുക്കിയത്. വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും ബൂത്തില്‍ സൗകര്യമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും.
ആദ്യഘട്ട പ്രവര്‍ത്തനഭാഗമായി ജില്ലതലത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറു ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം.
വോട്ടെടുപ്പിന് ശേഷം പ്രചാരണത്തിന് ഉപയോഗിച്ച ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അന്നുതന്നെ അഴിച്ചുമാറ്റുകയും മറ്റു മാലിന്യങ്ങള്‍ ഹരിതകര്‍മസേന, അംഗീകൃത ഏജന്‍സികള്‍ എന്നിവക്ക് കൈമാറുകയും വേണം. ചടങ്ങില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫിസര്‍ ബിനുരാജ്, ലൈഫ് മിഷന് ജില്ലാ കോഓഡിനേറ്റര്‍ സി.പി. രാജേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട ലോക്സഭ മണ്ഡലം; ആകെ ബൂത്തുകള്‍ 1437
ജില്ലയിലെ 12 ബൂത്തുകൾ പ്രശ്ന സാധ്യതയുള്ളവ
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തില്‍ ആകെ 1437 പോളിങ് ബൂത്തുകള്‍. ജില്ലയിലെ പോളിങ് ബൂത്തുകള്‍ 1077 ആണ്. പത്തനംതിട്ട ലോക്സഭ മണ്ഡല പരിധിയിൽ വരുന്ന 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭ മണ്ഡലങ്ങളിലുമാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആറന്മുള- 246, കോന്നി- 212, അടൂര്‍- 209, തിരുവല്ല- 208, റാന്നി- 202, പൂഞ്ഞാര്‍- 179, കാഞ്ഞിരപ്പള്ളി- 181 പോളിങ് ബൂത്തുകളാണുണ്ടാകുക.ജില്ലയില്‍ ആകെയുള്ള 1077 ബൂത്തില്‍ 12 എണ്ണം പ്രശ്ന സാധ്യതയുള്ള ബൂത്തുകളാണ്. 115 സെന്‍സിറ്റീവ് ബൂത്തും ജില്ലയിലുണ്ട്. ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലായി 50 പോളിങ് ബൂത്തുകള്‍ പിങ്ക് (സ്ത്രീ സൗഹൃദ) ബൂത്തുകളുമാണ്.
മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിക്ക് 6898 ഉദ്യോഗസ്ഥര്‍
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത് 6898 ഉദ്യോഗസ്ഥര്‍. ഓരോ സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടാകും. 5748 ഉദ്യോഗസ്ഥരെയും 20 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പോളിങ് ഡ്യൂട്ടിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്കി.
ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വെല്‍ഫെയര്‍ കമ്മിറ്റി ഉറപ്പാക്കും. സെന്‍സിറ്റീവ് ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടാവും. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ജില്ലയില്‍ ഉപയോഗിക്കുന്നതിന് ആകെ 1290 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുളളത്. റിസര്‍വ് മെഷീനുകള്‍ അടക്കം 1397 വിവിപാറ്റ് മെഷീനുകളും 1290 വീതം ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.