ഗ്രീന്‍ഫീല്‍ഡ് ഹൈവേ: അലൈന്‍മെന്റിനെതിരെ ദേശീയപാത അതോറിറ്റിയെ സമീപിക്കും
text_fieldsപത്തനംതിട്ട: നിര്‍ദിഷ്ട തിരുവനന്തപുരം-അങ്കമാലി നാലുവരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ അലൈന്മെന്റില് മാറ്റം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിയെ സമീപിക്കുന്നു. പി.എം റോഡിലെ പ്രധാന ടൗണുകള്‍ ഒഴിവാക്കി പാത നിര്‍മിക്കണമെന്നാണ് ആവശ്യം.
നിലവിലെ അലൈന്മെന്റ് അംഗീകരിച്ചാല്‍ പല പ്രധാന ടൗണുകളും ഇല്ലാതാകുന്ന സാഹചര്യത്തിലാണ് പുതിയ റൂട്ട് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ആന്റോ ആന്റണി എം.പിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. പാതയുടെ അലൈന്മെന്റ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെങ്കിലും നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന റൂട്ടില്‍ മാറ്റം വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. കിളിമാനൂര്‍ പുളിമാത്തുനിന്ന് ആരംഭിക്കുന്ന പാത ആറ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
13 താലൂക്കുകളിലൂടെ 257 കിലോമീറ്റര്‍ താണ്ടിയാണ് അങ്കമാലിയിലെത്തുക. 26 മീറ്റര്‍ വീതിയാണ് പാതക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഭോപാല്‍ ആസ്ഥാനമായ ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ആകാശ സര്‍വേയിലൂടെ കണ്ടെത്തിയ റൂട്ട് മാപ്പാണ് നിലവില്‍ ദേശീയപാത അതോറിറ്റിയുടെ കൈവശമുള്ളത്. നിര്‍ദിഷ്ട പാത കടന്നുപോകുന്ന റൂട്ടില്‍ പി.എം റോഡും നിര്‍ദിഷ്ട ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയും കടന്നുപോകുന്നുണ്ട്. ഇതിന് സമാന്തരമായും വീതികൂട്ടിയും മുറിച്ചുകടന്നുമൊക്കെയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ അലൈന്മെന്റ്.
തിരക്കേറിയ കലഞ്ഞൂര്‍, മന്ദമരുതി ടൗണുകള്‍ ഒഴിവാക്കിയുള്ള നിര്‍ദേശമാണ് ദേശീയപാത അതോറിറ്റിക്കു നല്‍കുന്നത്. ഇടത്തറയില്നിന്ന് പി.എം റോഡിലെത്തി കലഞ്ഞൂര്‍ ടൗണിലെത്തുന്നതു ഒഴിവാക്കി റബർ തോട്ടം, വയൽ എന്നിവയുള്ള ഭാഗങ്ങളിലൂടെ തിരിച്ചുവിടണമെന്നാണാവശ്യം. നിലവിലെ നിര്‍ദേശത്തിലെ വളവുകൾ ഒഴിവാക്കാനും ഇതുപകരിക്കും.ഉന്നതതല യോഗത്തിന്റെ ശിപാര്‍ശ ദേശീയപാത അതോറിറ്റിക്കു ഡല്‍ഹിയിലെത്തി കൈമാറുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.