സാധനങ്ങൾക്ക് പൊള്ളുന്ന വില
text_fieldsപത്തനംതിട്ട: നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില. നാൾക്കുനാൾ ഇന്ധനവില കുതിച്ചുയരാൻ തുടങ്ങിയതോടെയാണ് മിക്ക സാധനങ്ങൾക്കും പൊതുവിപണിയിൽ തീവിലയായത്.
അരിയുംഎണ്ണയും മുതൽ ചെറിയ ഉള്ളിവരെ വില വർധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചമുമ്പ് ലിറ്ററിന് 80 രൂപയായിരുന്ന പാമോയിലിന് ഇപ്പോൾ 120 രൂപയാണ്. ചിലയിടങ്ങളിൽ 150 രൂപയും. വെളിച്ചെണ്ണക്ക് 220 മുതൽ 250 രൂപ വരെയായി. പിരിയൻമുളകിന് കിലോ 300 രൂപക്കാണ് ഇപ്പോൾ വിൽക്കുന്നത്. മല്ലിക്ക് 150.
പെട്രോളിനും ഡീസലിനും വില വർധിച്ചതോടെ ഗതാഗതച്ചെലവ് കൂടിയതാണ് വിലവർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പലരുടെയും കുടുംബബജറ്റ് ഇപ്പോൾ താളംതെറ്റിയിരിക്കുകയാണ്. കോവിഡും ലോക്ഡൗണും കാരണം ജോലിപോലും ഇല്ലാതായി സാധാരണക്കാർ ബുദ്ധിമുട്ടുമ്പോഴാണ് വിലക്കയറ്റം. ഇന്ധന വിലവർധന കാരണം പച്ചക്കറിവിലയും വർധിച്ചിരിക്കുകയാണ്. പയർ, പടവലം, കാരറ്റ് അടക്കമുള്ള പച്ചക്കറികൾക്ക് പത്തും മുപ്പതും രൂപ വില വർധിച്ചു. നൂറുരൂപക്ക് നൽകിയ പച്ചക്കറി കിറ്റുകൾ ഇപ്പോൾ 200 രൂപക്കാണ് നൽകുന്നത്. കിറ്റുകളുടെ വലിപ്പവും കുറഞ്ഞു.
സവാള 50 രൂപ പിന്നിട്ടു. ചെറിയ ഉള്ളിക്ക് 160 രൂപയായി. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തുന്നത്. ഹോട്ടൽ വ്യവസായ മേഖലയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പാചക വാതക വിലവർധന ഹോട്ടൽ വ്യാപാരികളെയും ബാധിച്ചു. കോവിഡിനെത്തുടർന്ന് പല ഹോട്ടലുകളിലും കച്ചവടവും തീരെ ഇല്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.