കോൺഗ്രസ്സിൽ ഗ്രൂപ്പുപോര്; പത്തനംതിട്ട ഡി.സി.സി പ്രസിഡന്റിന്റെ മുറി മുൻ പ്രസിഡന്റ് ചവിട്ടിത്തുറന്നു
text_fieldsപത്തനംതിട്ട: ഡി.സി.സി പ്രസിഡന്റിന്റെ മുറി മുൻ പ്രസിഡന്റ് ബാബുജോർജ് ചവിട്ടിത്തുറക്കുന്ന ദ്യശ്യങ്ങൾ പുറത്ത്. ഡി.സി.സി ഓഫിസിലെ സി.സി ടി.വി ദ്യശ്യങ്ങളിൽനിന്നാണ് ഇത് ലഭിച്ചത്. ശനിയാഴ്ച നടന്ന പുനഃസംഘടന സംബന്ധിച്ച യോഗത്തിലെ ബഹളത്തിന് ശേഷമാണ് പ്രസിഡന്റിന്റെ മുറി ചവിട്ടിത്തുറക്കാൻ ശ്രമിച്ചത്. പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ തഴയുന്നതായാണ് അവരുടെ പരാതി.
മുൻ പ്രസിഡന്റുമാരായ പി. മോഹൻരാജ്, കെ. ശിവദാസൻ നായർ, ബാബുജോർജ് എന്നിവരാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്നത്. ഇതിനിടെ പ്രകോപിതനായ ബാബുജോർജ് തിരികെവന്ന് പ്രസിഡന്റിന്റെ മുറിയുടെ കതക് ചിവിട്ടിത്തുറക്കുകയായിരുന്നു. അച്ചടക്ക നടപടിക്ക് വിധേയരായവരെ തിരികെ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗ്രൂപ് അടിസ്ഥാനത്തിൽ ആരെയും എടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡി.സി.സി പ്രസിഡന്റ്. നേതാക്കളുടെ അച്ചടക്ക ലംഘനം കെ.പി.സി.സിയെ അറിയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒരു മുതിർന്ന നേതാവിൽനിന്ന് ഇത്തരത്തിൽ ഒരു അച്ചടക്കലംഘനം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഡി.സി.സി ഓഫിസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്കരണവും ചവിട്ടിത്തുറക്കലും നടന്നത്. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഡി.സി.സി പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുൻ പ്രസിഡന്റുമാരുടെ ബഹിഷ്കരണത്തിനു കാരണമായത്. പാർട്ടിയുടെ പൊതുനയങ്ങളിൽനിന്നു വ്യതിചലിക്കുന്ന തരത്തിൽ ഡി.സി.സി പ്രസിഡന്റ് പെരുമാറുന്നുവെന്നും ജില്ലയിൽ പാർട്ടിയെ സജീവമാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇവർ ആരോപിച്ചു.
സമീപ നാളിൽ ചിലരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ആരോടും ആലോചിക്കാതെയാണ് ഇത് ചെയ്തതെന്നാണ് എ ഗ്രൂപ് നേതാക്കൾ പറയുന്നത്. പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രസിഡന്റായതിനെ തുടർന്ന് ഒരുവിഭാഗം നിസ്സഹകരണത്തിലാണ്. ഒരു പരിപാടികളിലും ഇവർ സഹകരിക്കുന്നില്ല. ജില്ലയിൽ താഴെ തട്ടിൽ പ്രവർത്തനങ്ങൾ ഇപ്പോഴും നിർജീവമാണ്. ബൂത്ത് കമ്മിറ്റികൾ മിക്കതും പ്രവർത്തിക്കുന്നില്ല. പോഷക സംഘടനകളും നിർജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.