കൈത്തറി-ഖാദി വസ്ത്രധാരണം: മുൻ ഉത്തരവ് കല്ലിലുറങ്ങുന്നു
text_fieldsപത്തനംതിട്ട: സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി-ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന മുൻ ഉത്തരവ് കൊത്തിവെച്ച കല്ലിലുറങ്ങുന്നു. അതേ ഗതിയാകുമോ പുതിയ ഉത്തരവിനുമെന്നാണ് തെളിയാനുള്ളത്.
2007ൽ ഇതേ ഉത്തരവ് സർക്കാർ ഇറക്കിയിരുന്നതാണ്. അന്ന് ജീവനക്കാർ ഇത് മാനിച്ചില്ല. നിർബന്ധമായും ഉത്തരവ് പാലിക്കണമെന്ന് കഴിഞ്ഞ വർഷവും സർക്കാർ ഉത്തരവ് ഇറക്കി. ഇപ്പോൾ വീണ്ടും എല്ലാ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകരും അനധ്യാപകരും കൈത്തറി-ഖാദി വസ്ത്രങ്ങൾ ധരിക്കാനാണ് നിർദേശം. വർഷങ്ങൾക്കുമുമ്പ് ഇറങ്ങിയ ഉത്തരവ് പത്തനംതിട്ട കലക്ടറേറ്റ് അങ്കണത്തിൽ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.
അതിപ്പോൾ ജീവനക്കാരുടെ യൂനിയനുകളുടെ ബോർഡുകൾ ചാരിവെക്കാനുള്ള ഇടമായി മാറി. കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽനിന്ന് കയറിവരുന്നവർ ആദ്യം കാണുന്നത് ഇതാണ്. ലക്ഷങ്ങൾ മുടക്കിയാണ് പ്രധാന സ്ഥലങ്ങളിൽ ഉത്തരവ് കൊത്തിവെച്ച, ഒരാൾപൊക്കത്തിലുള്ള കൂറ്റൻ ശിലാഫലകങ്ങൾ സ്ഥാപിച്ചത്.
പ്രതിസന്ധിയിലായ കൈത്തറി-ഖാദി മേഖലയെ രക്ഷിക്കാനാണ് ഇത്തരമൊരു ഉത്തരവ് ഇടക്കിടെ ഇറക്കുന്നത്. ഉത്സവ സീസണിൽ ഓണക്കാലത്ത് മാത്രമാണ് ജില്ലയിൽ കുറച്ചെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വിൽപന നടക്കുന്നത്.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഖാദിയുടെ വിൽപനയും നടക്കാറുണ്ട്. ഈ സമയങ്ങളിൽ റിബേറ്റും പ്രഖ്യാപിക്കാറുണ്ട്. സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം നൽകാറുണ്ട്. എന്നാലും വിൽപന കാര്യമായി നടക്കാറില്ല. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ചുവടുപിടിച്ച് ഖാദി പ്രസ്ഥാനം മധ്യതിരുവിതാംകൂറിൽ ആദ്യം ആരംഭിച്ചത് ഇലന്തൂരിലാണെന്ന പ്രത്യേകത കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.