കൈവരി തകർന്ന് പാലം; മുന്നിൽ അപകട സാധ്യത
text_fieldsപത്തനംതിട്ട: മൈലപ്ര-വല്യയന്തി-കടമ്മനിട്ട റോഡിൽ മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ പാലത്തിന്റെ കൈവരി തകർന്നത് വൻ അപകട ഭീഷണിയായി.
നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ആശ്രയിക്കുന്ന പാലത്തിൽ അൽപം അശ്രദ്ധ സംഭവിച്ചാൽ തോട്ടിൽ വീഴും. പാലത്തിന്റെ ഇരുവശത്തെയും കൈവരികളും തകന്നിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റും ഇളകിവീണ് തുടങ്ങിയതോടെ കമ്പികൾ തെളിഞ്ഞ് കാണാം. വല്യയന്തി, കാക്കാതുണ്ട്, പേഴുംകാട്, മേൽപത്തൂർ മേഖലയിൽനിന്ന് ധാരാളം കുട്ടികളാണ് പഠനാവശ്യങ്ങൾക്ക് ഈ പാലത്തിലൂടെ നടന്നുപോകുന്നത്. ധാരാളം വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്.
കൈവരി തകർന്ന പാലത്തിൽ ഏതുസമയത്തും അപകടം ഉണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ വലിയ അപകടഭീഷണിയാണ്. വാഹനങ്ങളുടെ വരവ് ദൂരെനിന്നു കാണുമ്പോഴേ യാത്രക്കാർ പാലത്തിൽനിന്ന് ഓടിമാറും. മൈലപ്ര-കടമ്മനിട്ട റോഡ് അഞ്ച് കിലോമീറ്ററുണ്ട്. ജില്ല പഞ്ചായത്തിന്റെ റോഡാണിത്.
പാലം പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.