റാന്നി- കോന്നി വനം ഡിവിഷനുകളിൽ കാട്ടാനകളുടെ തലയെണ്ണൽ ഇന്ന് തീരും
text_fieldsകോന്നി: മനുഷ്യരും കാട്ടാനകളും തമ്മിലെ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും നടത്തിവരുന്ന കാട്ടാന കണക്കെടുപ്പ് പുരോഗമിക്കുന്നു.മൂന്ന് ദിവസം നീണ്ട കണക്കെടുപ്പ് ബുധനാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കും. വന പ്രദേശങ്ങളെ ബ്ലോക്കുകളായി തിരിച്ച കണക്കെടുപ്പിൽ 38 വനം ഡിവിഷനുകളെ 609 േബ്ലാക്കുകളായി തിരിച്ചിട്ടുണ്ട്. 2017ലാണ് അവസാനമായി കാട്ടാന കണക്കെടുപ്പ് നടന്നത്. അന്ന് സംസ്ഥാനത്ത് 3500 കാട്ടാനകളുള്ളതായി കണ്ടെത്തിയിരുന്നു.
ജില്ലയിൽ റാന്നി, കോന്നി വനം ഡിവിഷനുകളിലായി വ്യാപിച്ചുകിടക്കുന്ന 1300 ഹെക്ടർ വനമേഖലയിലാണ് കണക്കെടുക്കുന്നത്. റാന്നി ഡിവിഷനിൽ 36 േബ്ലാക്കുകളിലായി 108 ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുള്ളത്. ഓരോ േബ്ലാക്കിലും മൂന്നുപേർക്ക് വീതമാണ് ഡ്യൂട്ടി. പച്ചക്കാനം, ഗുരുനാഥൻ മണ്ണ് സ്റ്റേഷനുകളുടെ പരിധിയിൽപെട്ട ഉൾവനത്തിലെ േബ്ലാക്കാണ് ഏറ്റവും അകലെ. കക്കി ജലസംഭരണിയിലൂടെ കിലോമീറ്ററുകൾ വാഹനത്തിൽ സഞ്ചരിച്ചാണ് പ്രദേശത്തേക്ക് എത്തേണ്ടത്.
കോന്നി വനം ഡിവിഷന്റെ തണ്ണിത്തോട് ഫോറസ്റ്റേഷൻ പരിധിയിൽ അഞ്ച് ബ്ലോക്കുകളുണ്ട്. മൺപിലാവ്, പറക്കുളം, പൂച്ചക്കുളം, കുഞ്ഞിനാകുഴി കോട്ട, കുടപ്പന തോട്, കോടമല എന്നിവയാണ്. പെരിയാർ എലിഫന്റ് റിസർവിലെ സെൻസെസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫീൽഡ് ഡയറക്ടർ കോട്ടയം പി.പി. പ്രമോദ് കഴിഞ്ഞ ദിവസം തണ്ണിത്തോട് ഫോറസ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. തണ്ണിത്തോട് ഫോറസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ റെജികുമാർ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ആപ്പ് സജ്ജം; നേരിട്ട് കാണണം
ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ആയ ലോക്കസ്സ് ആപ്പും സെൻസസിന് ഉപയോഗിച്ച് വരുന്നു. കണക്കെടുപ്പിന്റെ ആദ്യ ദിനത്തിൽ നിർദിഷ്ട ബ്ലോക്കിൽ പൂർണമായി സഞ്ചരിച്ച് നേരിട്ട് കാട്ടാനകളെ കാണാൻ ശ്രമിക്കും. രണ്ടാം ദിവസം ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള നേർ രേഖയിലൂടെ സഞ്ചരിച്ച് ആന പ്പിണ്ഡത്തിന്റെ കണക്കെടുപ്പ് നടത്തി. മൂന്നാം ദിവസം ആനയെ കാണാൻ കൂടുതൽ സാധ്യതയുള്ള അരുവികൾ, ചെറിയ തോടുകൾ, ഈറ്റക്കാടുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് കണക്കെടുക്കും.
കേരളത്തിൽ വയനാട്, ആനമുടി, പെരിയാർ,നിലമ്പൂർ എന്നിങ്ങനെ നാല് എലിഫന്റ് റിസർവുകൾ ആണുള്ളത്. പെരിയാർ എലിഫന്റ് റിസർവ് പരിധിയിൽ വരുന്നവയാണ് കോന്നി, റാന്നി ഡിവിഷനുകൾ. കേരളത്തിൽ പറമ്പിക്കുളം ടൈഗർ റിസർവും പെരിയാർ ടൈഗർ റിസർവുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.