ആരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
text_fieldsപത്തനംതിട്ട: ഉദ്ഘാടനത്തിനൊരുങ്ങി ആരോഗ്യ കേന്ദ്രങ്ങൾ. ജില്ലയിലെ ആദ്യ വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭയിലെ നാലാം വാർഡിലെ കൊന്നമൂടിൽ നടക്കും.
മൂന്ന്, 16 വാർഡുകളിലെ സെന്ററുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും വരുംമാസത്തിൽതന്നെ പ്രവർത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 15ാം ധനകാര്യ കമീഷൻ നഗരസഭക്ക് അനുവദിച്ച 1.33 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം. ഓരോ ആരോഗ്യ കേന്ദ്രത്തിലും പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ് റൂം, ശൗചാലയം, ഫാർമസി, നഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങൾ ഉണ്ടാവും. ഒരു മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ ഓരോ കേന്ദ്രത്തിലും ഉണ്ടാവും. വെൽനെസ് സെന്ററുകൾക്കൊപ്പം ഒരു പോളിക്ലിനിക്കും ഉടൻ പ്രവർത്തനമാരംഭിക്കും. കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മൂന്നാംനില പോളിക്ലിനിക്കായി ഉയർത്താൻ കെട്ടിട നിർമാണം നടന്നുവരുകയാണ്.
ഇവിടെ ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ത്വഗ്രോഗ വിഭാഗം, നേത്ര ചികിത്സ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ദന്താരോഗ്യ വിഭാഗം, പാലിയേറ്റിവ് മെഡിസിൻ, ഫിസിയോതെറപ്പി തുടങ്ങി വിദഗ്ധ ചികിത്സക്കുള്ള സൗകര്യം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.