തോരാമഴയിൽ കെടുതികളേറെ
text_fieldsപത്തനംതിട്ട: നാലുദിവസമായി കനത്തമഴ തുടരുന്ന ജില്ലയിൽ ഒരു മരണം. തിരുവല്ല മേപ്രാലിൽ പശുവിന് തീറ്റ വെട്ടാൻ പോയ കർഷകനാണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജിയുടെ (48) ജീവനാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. രണ്ട് ദിവസമായി ആഞ്ഞുവീശിയ കനത്ത കാറ്റിൽ ജില്ലയിൽ ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ശനിയാഴ്ച ഉച്ചക്കും വൈകുന്നേരവും ഉണ്ടായ ശക്തമായ കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
നിരവധി വീടുകൾ ഭാഗികമായി തകർന്നു. തിങ്കളാഴ്ച 17 വീടുകൾ ഭാഗികമായി തകർന്നിരുന്നു. ചൊവ്വാഴ്ച രാവിലെയും ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ കാറ്റ് വീശി. മല്ലപ്പള്ളി താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കോഴഞ്ചേരിയിൽ 15, റാന്നിയിൽ പത്ത്, അടൂരിൽ ഒന്ന്, തിരുവല്ല മൂന്ന് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ വീടുകൾക്കുണ്ടായ നാശനഷ്ടം. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
തീരത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. ശബരിഗിരി ജല വൈദ്യുതി പദ്ധതി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. തോടുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതോടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. അപ്പർകുട്ടനാട് മേഖലയിലും മഴ തുടരുന്നത് ദുരിതമായിട്ടുണ്ട്. മിക്ക റോഡുകളിലും വെള്ളക്കെട്ടാണ്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും തകർന്നു. വലിയ നഷ്ടം വൈദ്യുതി വകുപ്പിന് ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച പകലും അറ്റകുറ്റപ്പണികൾ നടത്തിയാണ് തകരാർ പരിഹരിച്ചത്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മല്ലപ്പള്ളി താലൂക്കിൽ വെണ്ണിക്കുളം സെന്റ് ബെഹനാൻസ് സ്കൂളിലാണ് ഒരു ക്യാമ്പ് തുറന്നത്. ഇവിടെ രണ്ട് കുടുംബങ്ങളുണ്ട്. തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി നെടുംപ്രയാർ എം.ടി.എൽ.പി.എസിൽ അഞ്ച് കുടുംബങ്ങളുണ്ട്.
റാന്നി: വീടിനു മുകളിൽ മരം വിണ് നാശനഷ്ടം. തിങ്കളാഴ്ച ഉച്ചയോടെയാണ് ആഞ്ഞുവീശിയ കാറ്റിൽ റാന്നി ഇടക്കുളം കടക്കേത്ത് ബിജുവിന്റെ വീടിന്റെ മുകളിലേക്ക് റബർ മരം ഒടിഞ്ഞു വീണത്. വിടിന്റെ ഇരുമ്പ് ഷീറ്റും മറ്റും തകർന്നതിനാൽ അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടതായി ബിജു പറഞ്ഞു.
പന്തളം: കഴിഞ്ഞ രണ്ട് ദിവസമായി ഇടവേളകളില്ലാതെ പെയ്തിറങ്ങുന്ന കനത്ത മഴയും വീശി അടിച്ച ചുഴലിക്കാറ്റിലും വിറങ്ങലടിച്ചുനിൽക്കുകയാണ് പന്തളത്തെ പടിഞ്ഞാറൻ മേഖല. മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് വലിയ തോതിൽ നാശം വിതച്ചത്. പലസ്ഥലത്തും മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. റോഡിലേക്ക് പാതയോരത്തെ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. മുട്ടാർ, ചേരിക്കൽ, മുടിയൂർക്കോണം തുടങ്ങിയ മേഖലയിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഏത്തവാഴ കൃഷിയുൾപ്പെടെയുള്ള കൃഷികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. മുടിയൂർക്കോണം കരിപ്പോലിൽ ഷിജു -ദൈവത്തുംവീട്ടിൽ യശോദരൻ, മഠത്തിൽ പടിഞ്ഞാറ്റേതിൽ സുരേഷ് കുമാർ എന്നിവരുടെ വീടിനു മുകളിലേക്കാണ് മരങ്ങൾ ഒടിഞ്ഞു വീണത്. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മുടിയൂർക്കോണം കരിപ്പോലിൽ ഷിജുവിന്റെ വീടിനു മുകളിലേക്ക് തേക്ക് ഒടിഞ്ഞു വീണു. പന്തളം മങ്ങാരം ഇടത്തറയിൽ മുജീബുദ്ദീന്റെ വീടിനു മുകളിലേക്ക് 90 ഇഞ്ച് വണ്ണമുള്ള മഹാഗണി കടപുഴകി. വൈദ്യുതി കമ്പികളും പൊട്ടിയിട്ടുണ്ട്. മങ്ങാരം ഇടശ്ശേരി തോമസ് കുഞ്ഞുകുട്ടി സാമുവൽ കുട്ടി എന്നിവരുടെ വീടിലേക്കുള്ള വഴിയിൽ തേക്ക് കടപുഴകി വൈദ്യുതി കമ്പി പൊട്ടി. സമീപത്തെ പോസ്റ്റുകളും റോഡിനു കുറുകെ ഒടിഞ്ഞു വീണു. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അഗ്നിരക്ഷ സേന എത്തി മരങ്ങൾ മുറിച്ചു മാറ്റി.
കോന്നി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പയ്യനാമൺ ലിനു ഭവനത്തിൽ ലാലു ക്രിസ്റ്റിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടഞ്ഞുവീണു. ചിറ്റാർ പാമ്പിനി വെള്ളപ്പാറക്കൽ കുട്ടച്ചൻ, പുതുപ്പറമ്പിൽ രാജൻ, ആഞ്ഞിലി മൂട്ടിൽ ഉത്തമൻ,തടത്തിൽ പുത്തൻ വീട്ടിൽ ബഷീർ എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മലയാലപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ നീതുഭവൻ വീട്ടിൽ നീതുവിന്റെ വീടിന് മുകളിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീടിന്റെ മേൽക്കൂരക്ക് നാശം സംഭവിച്ചു.
മല്ലശേരി പ്ലാൻകൂട്ടത്തിൽ കിഴക്കേതിൽ പി.ജി രാജുവിന്റെ വീടിനും മരം വീണ് നാശം സംഭവിച്ചു. പ്രമാടം തെങ്ങുംകാവ് എസ്.എൻ.ഡി.പിക്ക് മുമ്പിലെ ആൽമരം കടപുഴകി വൈദ്യുതി കമ്പികൾക്ക് നാശം സംഭവിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് വളപ്പിൽ നിന്നിരുന്ന മരം കടപുഴകി വീണു. മ്ലാന്തടം ഐ.പി.സി പടിയിൽ ബിജിയുടെ വീടിന്റെ മുൻ ഭാഗത്ത് ശക്തമായി പെയ്ത മഴയിൽ വലിയ ഗർത്തം രൂപപ്പെട്ടു. പ്രമാടം ആറാം വാർഡിൽ തെങ്ങുംകാവ് തെങ്ങുവിള കിഴക്കേതിൽ മോഹനനന്റെ വീടിന് മുകളിൽ അഞ്ചിലും തെങ്ങ് കടപുഴകി വീടിന് ഭാഗികമായി നാശം സംഭവിച്ചു. മലയോര മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് വരുന്നതേ ഉള്ളു.
കോഴഞ്ചേരി: കഴിഞ്ഞദിവസത്തെ കനത്ത മഴയിലും ശക്തമായ കാറ്റിലും ചെറുകോൽ പഞ്ചായത്തിലെ കാട്ടൂര്പേട്ടയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചെറുകോല്‍ പഞ്ചായത്ത് ലെ പന്ത്രണ്ട്, രണ്ട്, പതിനൊന്ന് വാര്‍ഡുകളിലാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ ഉണ്ടായത്. കാട്ടൂര്‍പേട്ട കടക്കാടംപറമ്പില് അലിയാര്കുട്ടിയുടെ വീടിന് മുകളിലേക്ക് പ്ലാവും പെരുമരവും ഒടിഞ്ഞുവീണ് വീടിന് വലിയ തോതില്‍ കേടുപാട് സംഭവിച്ചു. കൊച്ചുകാലായില്‍ സണ്ണിയുടെ വീടിന്റെ മുകളിലേക്കും മരങ്ങള്‍ ഒടിഞ്ഞു വീണു. കാട്ടൂര്‍പേട്ട പഴയപള്ളി ജുമാമസ്ജിദ് ഓഡിറ്റോറിയത്തിന്റെ മേല്കൂരയുടെ ഷീറ്റുകള്‍ക്ക് മരം വീണ് കേടുപാട് സംഭവിച്ചു. ഏഴുവീട്ടില് അനീഷ്, കാലായില്‍ ഹമീദ് എന്നിവരുടെ നിരവധി റബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. വ്യാപകമായി കൃഷി നാശം സംഭവിച്ചു. റബര്‍, വാഴ, കപ്പ കൃഷികള്‍ക്കാണ് നാശം സംഭവിച്ചത്. റബര്‍ മരങ്ങളും ആഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയ വന്മരങ്ങളും കടപുഴകി. ഗ്രാമീണ റോഡുകളുടെ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണം മണിക്കൂറുകൾക്ക് ശേഷമാണ് പുനഃസ്ഥാപിച്ചത്.
ഏത്ത വാഴകൃഷി നശിച്ചു
കോന്നി: കോന്നി മരുതിമൂട്ടിൽ പി.എസ്. രാഘവന്റെ 250 ഓളം മൂട് ഏത്ത വാഴ കാറ്റിൽ നിലംപതിച്ചു. കുലച്ചതും കുലക്കാത്തതുമായ വാഴകളാണ് കാറ്റിൽ ഒടിഞ്ഞത്. 500 മൂട് ഏത്ത വാഴ നട്ടതിൽ പകുതിയും കാറ്റിൽ നശിച്ചു. ഓണത്തിന് വിളവെടുക്കാൻ വേണ്ടി കൃഷി ചെയ്തതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായുണ്ടായ ശക്തമായ കാറ്റിലാണ് വാഴകൾ ഒടിഞ്ഞത്. മൂന്ന് ലക്ഷത്തോളം രൂപ ബാങ്ക് ലോൺ എടുത്തും പണയം വെച്ചുമാണ് കൃഷിക്കുള്ള തുക കണ്ടെത്തിയത്. കോന്നി ചേരിമുക്കിൽ പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു കൃഷി. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഘവൻ പറഞ്ഞു.
മല്ലപ്പള്ളിയിൽ 40 വീട് തകർന്നു
മല്ലപ്പള്ളി: തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും താലൂക്കിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് എട്ട് പഞ്ചായത്തുകളിലായി 40 വീടുകൾ ഭാഗികമായി തകർന്നു. കൊറ്റനാട് പഞ്ചായത്തിൽ 11, പുറമറ്റം പഞ്ചായത്തിൽ ഒമ്പത്, കല്ലൂപ്പാറ പഞ്ചായത്തിൽ അഞ്ച്, ആനിക്കാട് പഞ്ചായത്തിൽ അഞ്ച്, എഴുമറ്റൂർ പഞ്ചായത്തിൽ നാല്, കുന്നന്താനം പഞ്ചായത്തിൽ മൂന്ന്, മല്ലപ്പള്ളി പഞ്ചായത്തിൽ രണ്ട്, കോട്ടാങ്ങൽ പഞ്ചായത്തിൽ ഒന്ന് -എന്നിങ്ങനെയാണ് മരം വീണ് തകർന്ന വീടുകളുടെ കണക്ക്. പുറമറ്റം പഞ്ചായത്തിൽ സെന്റ് ബഹനാൻസ് ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എഴുമറ്റൂർ പഴമ്പള്ളി ജോയി, മുകളക്കലിൻ ശ്രീനിലയം അനൂപ്, പാറപ്പൊട്ടാനി കാരക്കൽ ആമ്പല്ലൂർ ബിനു തോമസ്, കൊറ്റനാട് അരീക്കുഴിക്കൽ ബിജി മാത്യൂ, ജോർജ് വിൽസൺ, വെള്ളയിൽ പതാലിൽ പുത്തൻപുരയ്ക്കൽ അനിത, പെരുമ്പെട്ടി തുരുത്തിയിൽ രാജശേഖരപിള്ള, കോട്ടാങ്ങൽ കൊളയാം കുഴിഷാജിക്കുഞ്ഞ് എന്നിവരുടെ വീടിന്റെ മുകളിലേക്ക് മരം കടപുഴകി തകർന്നു. പലയിടത്തും തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കാരക്കൽ ആമ്പല്ലൂർ ബിനു തോമസിന്റെ ഭാര്യ ബിന്ദു ജോസഫിന് വീടിനു മുകളിലേക്ക് മരം വീണ് ഇവർക്ക് പരിക്കേറ്റു. കുന്നിരിക്കൽ -മാരിക്കൽ റോഡ്, ഹനുമാൻ കുഴി- വെള്ളരിങ്ങാട്ടു കുന്ന് റോഡ്, ഇരിപ്പിക്കൽ -പുള്ളോലി, കരിയമാനപ്പടി -മുക്കൂർ എന്നീ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു.
മരച്ചില്ലകൾ വീണ് ലൈനുകൾ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ഡാനിയേൽ, വില്ലേജ് ഓഫിസർ ജയശ്രീ, അംഗങ്ങളായ മോളിക്കുട്ടി സിബി എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.