കനത്ത മഴയിൽ കുതിർന്ന് മലയോര ജില്ല
text_fieldsപത്തനംതിട്ട: ജില്ലയിലും കാലവർഷം ശക്തമായി പെയ്തിറങ്ങുന്നു. കഴിഞ്ഞദിവസങ്ങളിൽ ഇടവിട്ട് പെയ്തിരുന്ന മഴ രണ്ട് ദിവസമായി ഇടതടവില്ലാതെ കോരിച്ചോരിയുകയാണ്. ജില്ലയിൽ 11 വീടുകൾക്ക് ഭാഗികനാശം. 10 വില്ലേജുകളിൽ നാശനഷ്ടങ്ങളുണ്ട്. ദുരിതബാധിതർക്കായി മല്ലപ്പള്ളി താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ തുറന്നു. 15 പേരാണ് രണ്ട് ക്യാമ്പുകളിലുമായി ഉള്ളത്.
പമ്പ, അച്ചൻകോവിൽ, മണിമല, കക്കാട്ടാർ എന്നീ നദികളിലെ ജലനിരപ്പ് ഉയർന്നു.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. ളാഹ,മൂഴിയാർ, റാന്നി മേഖലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്.
ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴപെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണസേന തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഏതാനും ദിവസത്തേക്ക്കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പുകൾ. മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കാൻ ഏതു സമയത്തും ഇവിടെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.
ഇതോടെ കക്കാട്ടാറില്‍ 60 സെ.മി. വരെ ജലനിരപ്പ് ഉയരാനുള്ള സാഹചര്യമുണ്ട്. കക്കാട്ടാറിന്റെയും,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികൾ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടർ അറിയിച്ചു.
മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ്വേകൾ ചൊവ്വാഴ്ച മുങ്ങി. ഇതോടെ കോളനി നിവാസികൾ പുറം ലോകവുമായി ഒറ്റപ്പെട്ടു. കോട്ടാങ്ങലിൽകിണർ ഇടിഞ്ഞ് താണു. ഗവി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. അടൂർ, കോന്നി, തുടങ്ങിപല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതതടസ്സവും വീടുകൾക്ക് നാശവും സംഭവിച്ചിട്ടുണ്ട്. കാറ്റിൽ തെങ്ങുവീണ് നിരണത്ത് കടുവശ്ശേരിൽ ഷാജിയുടെ പശു ചത്തു.
കണ്ട്രോള് റൂമുകൾ തുറന്നു
പത്തനംതിട്ട: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കണ്ട്രോള് റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും കലക്ടര്‍ അറിയിച്ചു.
ദുരന്ത നിവാരണ സേന ജില്ലയിലെത്തി
തിരുവല്ല: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയൻ തിരുവല്ല മതിൽഭാഗത്ത് എത്തി.തമിഴ്നാട്ടിലെ ആരക്കാണം ക്യാമ്പിൽനിന്ന് എത്തിയ 27 അംഗ സംഘത്തിന് ഇൻസ്പെക്ടർ ജി. പ്രശാന്താണ് നേതൃത്വം നൽകുന്നത്. ജില്ലയിലെ പ്രളയ മുന്നൊരുക്കത്തിന്റ ഭാഗമായി മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. സംഘം തിങ്കളാഴ്ച കലക്ടറുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ പ്രളയ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തുമെന്ന് ഇൻസ്പെക്ടർ പ്രശാന്ത് പറഞ്ഞു.
കോന്നിയിൽ വ്യാപക നാശം
കോന്നി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോന്നിയിൽ വ്യാപക നാശനഷ്ടം. തേക്കുതോട് ഏഴാംതലയിൽ വീടിന് മുകളിൽ മരം വീണ് വീട്ടുകാർക്ക് നിസ്സാര പരിക്കേറ്റു. ഏഴാംതല കറുകയിൽ വീട്ടിൽ പ്രാസാദിന്റെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാവ് ഒടിഞ്ഞ് വീണത്.
കോന്നി മുറിഞ്ഞകൽ കല്ലുവിളയിൽ മുറിഞ്ഞകൽ അതിരുങ്കൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തണ്ണിത്തോട്-ചിറ്റാർ റോഡിൽ കട്ടച്ചിറ മുക്കിന് സമീപം മരം റോഡിലേക്ക് ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഏറെ നേരത്തിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കോന്നി അച്ചൻകോവിലാറ്റിലും കല്ലാറിലും ജലനിരപ്പ് ഉയർന്നു. കോന്നിയിലെ വിവിധ പ്രദേശങ്ങളിലും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
പമ്പയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
റാന്നി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പമ്പയിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീക്ഷണിയിൽ. പമ്പാനദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ നിർദേശവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക കൂടിയായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. റാന്നി ഉപാസനക്കടവില്‍ ചൊവ്വാഴ്ച ഉച്ചയോടെ വെള്ളം കയറിത്തുടങ്ങി. വലിയകാവ് ചെട്ടിമുക്ക് റോഡില്‍ പുള്ളോലിയില്‍ ഉച്ചയോടെ വെള്ളം കയറി ഗതാഗതം മുടങ്ങി. മഴ തുടര്‍ന്നാൽ പല സ്ഥലങ്ങളും സംസ്ഥാനപാതകൾ അടക്കമുള്ള റോഡുകളും വെള്ളത്താൽ മുങ്ങാൻ സാധ്യത കൂടുതലാണ്.
2018ലെ അപ്രതീക്ഷിത പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട റാന്നിയിലെ വ്യാപാരികൾ ഉപാസന കടവിൽ വെള്ളം കയറിയതോടെ ആശങ്കയിലാണ്. പലരും സുരക്ഷിത സ്ഥലങ്ങളിലേക്ക് സാധനങ്ങൾ മാറ്റി തുടങ്ങിയിട്ടുണ്ട്. മഴ തുടര്‍ന്നാൽ ചെത്തോങ്കര തോട്ടിൽനിന്നും വെള്ളം ടൗണിലേക്ക് ഇരച്ചുകയറും. ഈ തോട് കൈയേറ്റം ഒഴിപ്പിച്ച് ആഴം വർധിപ്പിക്കാനുള്ള തീരുമാനം മുടങ്ങിയിരുന്നു. അതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി മുങ്ങാൻ സാധ്യതയേറി.
തിരുവല്ല താലൂക്കിൽ വീടുകൾക്ക് നാശം
തിരുവല്ല: വീശിയടിച്ച കാറ്റിൽ താലൂക്കിൽ മൂന്ന് വീടിന് ഭാഗികനാശം സംഭവിച്ചു. കടപ്ര വില്ലേജ് ഏഴാം വാർഡിൽ കുമ്പളശ്ശേരിൽ റെജി, വളഞ്ഞവട്ടം തുരുത്തിയിൽ കുഞ്ഞുകുഞ്ഞമ്മ റോയി, നിരണം വില്ലേജിൽ ആശാരിപ്പറമ്പിൽ കുഞ്ഞുകുഞ്ഞമ്മ എന്നിവരുടെ വീടിന്റെ മുകളിലാണ് മരങ്ങൾ വീണത്.
ശക്തമായ കാറ്റിൽ പെരിങ്ങര പുതുക്കുളങ്ങര ക്ഷേത്രവളപ്പിൽ നിന്ന മരങ്ങളുടെ വൻശിഖരങ്ങൾ ഒടിഞ്ഞുവീണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാർ ഭാഗികമായി തകർന്നു. പെരിങ്ങര ഗവ. സ്കൂളിലെ അധ്യാപകൻ ജിതിൻ വർഗീസിന്റെ കാറിന്റെ മുൻവശത്തെ ചില്ലുടഞ്ഞു. ബോണറ്റിനും തകരാറുണ്ട്.
പെരിങ്ങര-കാരയ്ക്കൽ റോഡിലേക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ശിഖരം വീണതിനെ തുടർന്ന് ക്ഷേത്രത്തിന് എതിർവശത്തുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മതിൽ ഭാഗികമായി തകർന്നിട്ടുണ്ട്. നാട്ടുകാർ ശിഖരങ്ങൾ മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.സംഭവത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു
പന്തളം: ഞായറാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ചൊവ്വാഴ്ച വൈകീട്ടുവരെ നീണ്ടു. അച്ഛൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടകരമായ നിലയിൽ എത്തിയിട്ടില്ല. ഹൈഡ്രോളജി വകുപ്പിന്റെ കണക്കുപ്രകാരം പന്തളത്തെ ജലനിരപ്പ് ജാഗ്രത നിലയിൽ എത്താൻ 3.5 മീറ്റർ കൂടി ഉയരണം. ആറുകളിൽ വെള്ളം കലങ്ങിയൊഴുകാൻ തുടങ്ങി. റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
അടൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
അടൂർ: കനത്ത മഴയെ തുടർന്ന് അടൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഏഴംകുളം മാങ്കൂട്ടത്തും മരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു. ഇതിലൊന്ന് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണെങ്കിലും ആർക്കും പരിക്കില്ല.
കാറിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അടൂരിൽനിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പാലമേൽ ഗ്രാമപഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങരയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏനാദിമംഗലം പാറക്കലിൽ വൈദ്യുതി ലൈനിലേക്ക് തേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
അടൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഏഴിടത്ത് മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. മുണ്ടപ്പള്ളിയിലും മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. അടൂരിൽ പള്ളിക്കലാറ്റിൽ ജലനിരപ്പുയർന്നു. ശക്തമായ നീരൊഴുക്കിനെ തുടർന്ന് താലൂക്കിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കല്ലടയാറ്റിൽ ശക്തമായ ഒഴുക്കാണുള്ളത്. തോടിന്റെ സമീപമുള്ള പാടശേഖരങ്ങളിലും വെള്ളം കയറി.
നദികളിൽ ജലനിരപ്പ് ഉയരുന്നു; കോസ്വേകൾ മുങ്ങി
വടശ്ശേരിക്കര: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുക്കം, കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ്വേകൾ മുങ്ങി. കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ, മണക്കയം പ്രദേശങ്ങൾ ഒറ്റപ്പെടലിലേക്ക്.
കുരുമ്പൻമൂഴി കോസ്വേയിൽ അടിഞ്ഞുകൂടിയ തടികൾ നാട്ടുകാരും ഫയർഫോഴ്സും നീക്കം ചെയ്തെങ്കിലും ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ കുറുമ്പൻമൂഴി, മണക്കയം മേഖലകളിലേക്ക് കോസ്വേ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പെരുനാട് മുക്കം, കുരുമ്പൻമൂഴി കോസ്വേകൾ മുങ്ങിയെങ്കിലും മുക്കത്തുനിന്ന് റാന്നിയിലേക്കും കുറുമ്പൻമൂഴിയിൽനിന്ന് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ മുകളിലൂടെയും ചാത്തൻതറ ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയും. പെരുന്തേനരുവിയിൽനിന്ന് കുറുമ്പൻമൂഴിയിലേക്കുള്ള റോഡിന്റെ നിർമാണം പൂർത്തിയായാൽ ഗതാഗതവും സാധ്യമാണ്.
എന്നാൽ, മഹാപ്രളയത്തിൽ മാറുകരയെത്താൻ നിർമിച്ച ഇരുമ്പ് നടപ്പാലംകൂടി ഒലിച്ചുപോയതിനാൽ അറയാഞ്ഞിലിമൺ കോസ്വേ കൂടി മുങ്ങുന്നതോടെ മൂന്നുവശവും വനത്താൽ ചുറ്റപ്പെട്ട അറയാഞ്ഞിലിമൺ ഗ്രാമം പൂർണമായും ഒറ്റപ്പെടും. അഴുത, പമ്പ, കക്കാട്ടാർ, കല്ലാർ തുടങ്ങി എല്ലാ നദികളിലും രാത്രി ഏറെ വൈകിയും ജലനിരപ്പ് ഉയരുകയാണ്. പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കിവിടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.