കുറഞ്ഞ സമയം, കൂടുതൽ മഴ; പത്തനംതിട്ടയിൽ പെയ്തത് റെക്കോഡ് മഴ
text_fieldsപത്തനംതിട്ട: കുറഞ്ഞ സമയത്തിനുള്ളില്‍ റെക്കോഡ് മഴയാണ് പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം ലഭിച്ചത്. ഞായറാഴ്ച പകലാണ് മഴ ഏറ്റവും ശക്തമായത്. 200 മില്ലിമീറ്ററോളം മഴ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ചു.
തുലാവര്‍ഷം ആരംഭിച്ചശേഷവും ജില്ലയില്‍ മഴയുടെ അളവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ നാല് ശതമാനം അധികമഴ ലഭിച്ചു. 589.8 മില്ലിമീറ്റര്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 615 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ സീസണില്‍ ഇതാദ്യമായാണ് അധികമഴ ലഭിച്ചത്. ചെറുകുളഞ്ഞിയില്‍ 248, വയലയില്‍ 233, അത്തിക്കയത്ത് 231 മില്ലിമീറ്ററും മഴ പെയ്തു.
പത്തനംതിട്ടയില്‍ 80.2, കോന്നി എസ്റ്റേറ്റ് 84.3, വടശ്ശേരിക്കര 131, അയിരൂര്‍ 166.2, കോന്നി 156, കല്ലൂപ്പാറ 128.4, കരിപ്പാന്‍തോട് 169.2, കുമ്മണ്ണൂര്‍ 158.2, പാടം 105.88 മില്ലിമീറ്റര്‍ എന്നിങ്ങനെയും മഴ ലഭിച്ചു. കിഴക്കന്‍ മലയോര മേഖലയില്‍ കക്കി 81, പമ്പ 68, മൂഴിയാര്‍ 82.4, നിലയ്ക്കല്‍ 86.4 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം
പത്തനംതിട്ട: മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ വള്ളംകുളം സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം
പത്തനംതിട്ട: ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്.
മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല.
കാനന പാതയിലൂടെ യാത്രക്ക് നിരോധനം
ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്ന് മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകും വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.
നദികളില്‍ ജലനിരപ്പുയര്‍ന്നു
പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പുയര്‍ന്നു. അയിരൂരില്‍ 5.53, മാരാമണ്‍ 4.52, ആറന്മുള 4.35, മാലക്കര 2.97 മീറ്റര്‍ എന്നിങ്ങനെയാണ് പമ്പാനദിയില്‍ ജലനിരപ്പ്. അച്ചന്‍കോവിലാറ്റില്‍ കോന്നിയില്‍ 17.85, പന്തളം 5.94, തുമ്പമണ്‍ 8.13 മീറ്ററുമാണ് ജലനിരപ്പ്. മണിമലയാറ്റില്‍ വള്ളംകുളത്ത് 4.25, കല്ലൂപ്പാറയില്‍ 4.88 മീറ്ററുമാണ് ഇന്നലെ രാവിലത്തെ ജലനിരപ്പ്.
ശബരിഗിരി പദ്ധതിയുടെ സംഭരണികളില്‍ ജലനിരപ്പ് 61 ശതമാനം മാത്രമാണ്. ഇത്തവണ കാലവര്‍ഷം കഴിഞ്ഞപ്പോഴും സംഭരണികള്‍ നിറഞ്ഞിരുന്നില്ല.
മുൻകരുതലുമായി റവന്യൂവകുപ്പ്
പന്തളം: അച്ഛൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മേഖലയിൽ മഴയും ശക്തമായതോടെയാണ് ആറ്റിൽ ജലനിരപ്പ് ഉയർന്നത്. രണ്ടുദിവസത്തിനിടെ ആറ്റിലെ ജലനിരപ്പ് ഉയർന്നതായി പ്രദേശവാസികൾ പറയുന്നു. ശക്തമായ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാൻ സാധ്യതയേറെയാണ്.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി. അച്ചൻകോവിലാറിന്റെ ഇരുകരകളും മുട്ടിയാണ് വെള്ളം ഇപ്പോൾ ഒഴുകുന്നത്. ജലനിരപ്പ് ഉയരുന്നതിനാൽ ക്ഷേത്രക്കടവുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.