ശക്തമായ മഴ തുടരുന്നു: നദികളിൽ വെള്ളം ഉയര്‍ന്നു
text_fieldsപത്തനംതിട്ട: പമ്പാനദിയില്‍ കഴിഞ്ഞ മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം ഒരുദിവസം കൊണ്ട് ശരാശരി മൂന്നു മീറ്ററിലധികം വെള്ളം ഉയര്‍ന്നു. അയിരൂരില്‍ ബുധനാഴ്ച വൈകീട്ട് 8.18 മീറ്ററാണ് ജലനിരപ്പ്. തിങ്കളാഴ്ച ഇത് 4.58 മീറ്റര്‍ മാത്രമായിരുന്നു. മാരാമണ്ണില്‍ 6.72 മീറ്ററും ആറന്മുളയില് 6.08 മീറ്ററും മാലക്കരയില്‍ 4.61 മീറ്ററും ജലനിരപ്പ് രേഖപ്പെടുത്തി.
മണിമലയാറ്റില്‍ വള്ളംകുളത്ത് 4.31 മീറ്ററാണ് ബുധനാഴ്ചത്തെ ജലനിരപ്പ്. കല്ലൂപ്പാറയില്‍ 5.6 മീറ്ററിലാണ് വെള്ളം ഒഴുകുന്നത്.
അച്ചന്‍കോവിലാറ്റില്‍ കോന്നിയില്‍ ശരാശരി ഒരു മീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. പന്തളത്ത് 7.05 മീറ്ററാണ് ജലനിരപ്പ്. തുമ്പമണ്ണില്‍ 8.2 മീറ്ററും രേഖപ്പെടുത്തി.
മലയോര മേഖലയില്‍ കനത്ത മഴ
കെ.എസ്.ഇ.ബിയുടെ പമ്പ, കക്കി സംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലാണ് കനത്ത മഴതുടരുകയാണ്. സംഭരണികളിലും ഇതോടെ ജലനിരപ്പ് ഉയര്‍ന്നു. കക്കിയില്‍ 181 മില്ലിമീറ്ററും പമ്പയില്‍ 132 മില്ലിമീറ്ററും മഴ ലഭിച്ചു. മൂഴിയാറില്‍ 118 മില്ലിമീറ്ററാണ് മഴ പെയ്തത്. നിലക്കലില്‍ 116.2 മില്ലിമീറ്റര്‍ മഴ പെയ്തു.
പത്തനംതിട്ടയില്‍ 35.2, കോന്നിയില്‍ 27.4, തുമ്പമണ്ണില്‍ 35, വടശ്ശേരിക്കരയില്‍ 53, പെരുന്തേനരുവിയില്‍ 99.6, അയിരൂരില്‍ 63.2, മാലക്കര 45.4, കല്ലൂപ്പാറ 46, തിരുവല്ല 28.3 മില്ലിമീറ്റര്‍ മഴ പെയ്തു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കോഴഞ്ചേരി: കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോട്ടപ്പുഴശ്ശേരി, മാരാമൺ, ആറന്മുള മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് വെള്ളം എത്തിത്തുടങ്ങിയത്. ആറന്മുള സത്രക്കടവിൽ വെള്ളം റോഡിനോട് ചേർന്ന് നിൽക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പ്രളയസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകി. ആറന്മുളയിൽ വള്ളസദ്യയുമായി ബന്ധപ്പെട്ടെത്തുന്ന പള്ളിയോടങ്ങൾക്കും ജാഗ്രതാനിർദേശം നൽകി. നദിയിലെ ജലനിരപ്പ് അധികൃതരും നിരീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.